ഒരു വായ്പക്ക് പല ബാങ്കുകളിലെ ഉപയോക്താക്കള്‍ പല നിരക്കില്‍ ഫീസ് നല്‍കേണ്ടി വരികയാണ്. വായ്പ എടുക്കാന്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡിന് സര്‍വീസ് ചാര്‍ജ് ഇത്തരത്തിൽ ബാങ്കുകളുടെ കൊള്ള തുടരുന്നു. ഇത് അവസാനിപ്പിക്കാൻ റിസര്‍വ് ബാങ്ക് നേരിട്ടിടപെടുകയാണ്. ഫീസിനത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെ വരുമാനം ഗണ്യമായി താഴേക്ക് കൊണ്ട് പോകുന്ന ഈ തീരുമാനം ഫലത്തിൽ ഉപഭോക്താക്കൾക്ക് ഗുണകരമാകും.
ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ തകർക്കുകയും ബാങ്കിങ് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യുന്ന നടപടിയാണെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇക്കാര്യം കർശന നിർദേശമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്.
കോര്‍പറേറ്റ് വായ്പകള്‍, പേഴ്സണല്‍ ലോണ്‍, വാഹന വായ്പ, ചെറു ബിസിനസ് വായ്പകള്‍ തുടങ്ങി ചില്ലറ വായ്പകളില്‍ നിന്ന് ബാങ്കുകള്‍ക്കുള്ള വരുമാനം വര്‍ധിക്കുകയാണ്. പ്രോസസിംഗ് ഫീസും മറ്റും ഉയര്‍ന്നു നില്‍ക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. സര്‍ചാര്‍ജും മറ്റുമായി ഈടാക്കുന്ന ഫീസിന് വ്യക്തമായൊരു രൂപമില്ല. അര ശതമാനം മുതല്‍ രണ്ടര ശതമാനം വരെയാണ് റീട്ടെയില്‍, ചെറു ബിസിനസ് വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. ഇതിനെല്ലാം തടയിടുകയെന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
ചില ബാങ്കുകള്‍ ഭവന വായ്പക്ക് ഈടാക്കുന്ന പ്രോസസിംഗ് ചാര്‍ജ് 25,000 രൂപയെന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരേ കാര്യത്തിന് പല ബാങ്കുകളിലെ ഉപയോക്താക്കള്‍ പല നിരക്കില്‍ ഫീസ് നല്‍കേണ്ടി വരുന്നതാണ് നിലവിലെ സ്ഥിതി. ഈ വര്‍ഷം ബാങ്കുകളുടെ ഫീസിന വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.