വിവരസാങ്കേതികവിദ്യയുടെ വികാസം ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അത് ഇന്ന് സംരംഭകർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ‘ആർക്കും മാധ്യമപ്രവർത്തകനാകാം’ എന്ന സാഹചര്യം ദുരുപയോഗം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് ഒരു പുതിയ തരം ‘ഡിജിറ്റൽ ഗുണ്ടായിസം’ വളർന്നുവരുന്നു. ഉത്തരവാദിത്തബോധമില്ലാത്ത ഇത്തരം മാധ്യമപ്രവർത്തനം ബിസിനസ് മേഖലയിൽ അരാജകത്വം സൃഷ്ടിക്കുകയാണ്. സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വ്യാജവാർത്തകൾ ചമയ്ക്കുന്നത് കേവലം വ്യക്തിപരമായ വൈരാഗ്യം കൊണ്ടല്ല, മറിച്ച് അതൊരു ആസൂത്രിതമായ ക്രിമിനൽ പ്രവർത്തനമാണ്. ഇത്തരം ചതികളിൽ അകപ്പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം നിരവധിയാണ്. ഈ സാഹചര്യം എങ്ങനെയാണ് ഒരു സംഘടിത എക്സ്റ്റോർഷൻ മാഫിയയായി മാറുന്നതെന്ന് നാം ഗൗരവമായി കാണേണ്ടതുണ്ട്.

പണം തട്ടൽ ലക്ഷ്യമിട്ടുള്ള വ്യാജവാർത്താ മാഫിയ
ക്രിമിനൽ ബുദ്ധിയുള്ള ചില അഭിഭാഷകർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ഒരു ശക്തമായ കൂഒട്ടം ആളുകൾ തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്. ഇവരുടെ പ്രവർത്തന രീതി അങ്ങേയറ്റം ക്രൂരവും ആസൂത്രിതവുമാണ്.ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യുകയും, ആ പോസ്റ്റുകളിൽ തന്നെ “ഈ സ്ഥാപനം തകരാൻ പോകുന്നു, കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക” എന്ന് പരസ്യമായി ഫോൺ നമ്പർ നൽകുകയും ചെയ്യുന്നു.
ഇത്തരം വ്യാജ പോസ്റ്റുകൾ പണം നൽകി ‘ബൂസ്റ്റ്’ ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്നു. ഇത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ നിമിഷങ്ങൾക്കുള്ളിൽ തകർക്കുന്നു.
പരസ്യത്തിന്റെ മറവിൽ നടക്കുന്നത് എക്സ്റ്റോർഷൻ ആണ്. വ്യാജവാർത്ത പിൻവലിക്കാൻ ‘തങ്ങളുടെ ഓൺലൈൻ മീഡിയയ്ക്ക് പരസ്യം നൽകണം’ എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. നിയമപരമായി പണം തട്ടുന്നതിനുള്ള (Section 383/384 – Extortion) ഒരു മറ മാത്രമാണ് ഈ ‘പരസ്യ അഭ്യർത്ഥന’. ഇടനിലക്കാരെ ഉപയോഗിച്ച് ക്യാഷ് ആയി മാത്രമാണ് ഇത്തരം ഇടപാടുകൾ നടത്തുന്നത്.
സ്ഥാപനങ്ങൾ തകരുന്നു ഉപഭോക്താക്കൾ ഭീതിയിലാകുന്നു
വിശ്വാസ്യതയിൽ മാത്രം നിലനിൽക്കുന്ന ധന്യകാര്യ സ്ഥാപനങ്ങളെയാണ് ഈ മാഫിയകൾ പ്രധാനമായും വേട്ടയാടുന്നത്. ഒരു സ്ഥാപനത്തിന് 100 കോടി രൂപയുടെ ബാധ്യതയുണ്ടെങ്കിൽ അതിന് സമാനമായ 100 കോടിയുടെ ആസ്തിയും ഉണ്ടാകാം. എന്നാൽ “നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു” എന്ന രീതിയിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ വരുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകുന്നു. ഇത്തരമൊരു മാസ് അജിറ്റേഷൻ ഉണ്ടാകുമ്പോൾ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ തുടങ്ങുന്നു. ഇത് സ്ഥാപനത്തിന്റെ ലിക്വിഡിറ്റിയെ ബാധിക്കുകയും ആസ്തിയുള്ള കമ്പനികളെപ്പോലും തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ആവർത്തിച്ചു പറയുന്ന നുണകൾ സത്യമാണെന്ന് ജനം വിശ്വസിക്കുന്ന സാഹചര്യം വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ശക്തമായ നിയമനിർമാണം അനിവാര്യം
നിലവിലെ നിയമങ്ങൾ ഇത്തരം മാഫിയകളെ നിയന്ത്രിക്കാൻ പര്യാപ്തമല്ല എന്നതാണ് കയ്പേറിയ യാഥാർത്ഥ്യം. പല സംരംഭകരും തങ്ങളുടെ സ്ഥാപനത്തെ രക്ഷിക്കാൻ ഇത്തരം ക്രിമിനലുകൾക്ക് പണം നൽകി ‘സെറ്റിൽമെന്റ്’ ചെയ്യാൻ നിർബന്ധിതരാകുന്നു. ഐ.പി.സി 499/500 പ്രകാരമുള്ള മാനനഷ്ടക്കേസുകൾ നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. കേസ് എടുത്താലും പ്രതികൾക്ക് ഉടൻ പുറത്തിറങ്ങി മറ്റ് പേജുകൾ വഴി വീണ്ടും വേട്ടയാടാൻ സാധിക്കുന്നു. നേരിട്ടല്ലാതെ ഇടനിലക്കാർ വഴിയും പണമായും ഇടപാടുകൾ നടത്തുന്നതിനാൽ എക്സ്റ്റോർഷൻ കേസ് (Extortion) തെളിയിക്കാൻ ആവശ്യമായ കൃത്യമായ തെളിവുകൾ ലഭിക്കാൻ പ്രയാസമാണ്.
നിശ്ചിത മേൽവിലാസമോ ഓഫീസ് സംവിധാനമോ ഇല്ലാതെ വിദേശ സെർവറുകൾ വഴി പ്രവർത്തിക്കുന്ന ഇവരെ ട്രാക്ക് ചെയ്യാൻ സൈബർ സെക്യൂരിറ്റി വിഭാഗത്തിന് പരിമിതികളുണ്ട്. സൈബർ നിയമങ്ങളിലെ പഴുതുകൾ ഇവർ സമർത്ഥമായി ഉപയോഗിക്കുന്നു.അതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനായി ശക്തമായ നിയമനിർമാണം ആവശ്യമാണ്.

ഓൺലൈൻ മീഡിയകൾക്ക് നിയന്ത്രണം വേണം
സംസ്ഥാന ഭരണകൂടത്തിന്റെ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഓൺലൈൻ മീഡിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടി സ്വാഗതാർഹമാണ്. സർക്കാരിന്റെ ഭരണപരമായ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇത്തരം നിയന്ത്രണം വേണമെങ്കിൽ, നാടിന്റെ സാമ്പത്തിക തൂണുകളായ സംരംഭകരെ സംരക്ഷിക്കാനും സമാനമായ നിയമം അനിവാര്യമാണ്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അതിർത്തികൾ ഭേദിക്കുന്നതിനാൽ ദേശീയതലത്തിൽ തന്നെ കർശനമായ നിയമനിർമ്മാണം വേണം.ക്രിമിനൽ ബുദ്ധിയുള്ള ഇത്തരം ആളുകളെ മൂക്കുകയറിടാൻ സർക്കാരിന് സാധിക്കണം. സൈബർ ക്രിമിനലുകൾക്ക് ജാമ്യം ലഭിക്കാത്ത രീതിയിലുള്ള കർശന വകുപ്പുകൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കണം.
വേണം സുരക്ഷിതമായ ഒരു ഡിജിറ്റൽ അന്തരീക്ഷം
ഒരു സംരംഭകൻ നേരിടുന്ന പ്രതിസന്ധി കേവലം ഒരു വ്യക്തിയുടെ പ്രശ്നമല്ല, മറിച്ച് അത് നാടിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ഒന്നാണ്. വ്യാജവാർത്തകൾ പടച്ചുവിട്ട് പണം തട്ടുന്ന സംഘങ്ങൾക്ക് മുന്നിൽ സംരംഭകർ നിസ്സഹായരാകുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. സംരംഭകർക്ക് സ്വൈര്യമായി ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ശക്തമായ നിയമനിർമ്മാണത്തിലൂടെയും സാങ്കേതികമായ മുൻകരുതലുകളിലൂടെയും മാത്രമേ ഈ ‘ഡിജിറ്റൽ ഗുണ്ടായിസത്തിന്’ അറുതി വരുത്താൻ സാധിക്കൂ.




