ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദേശവ്യാപക പണിമുടക്ക് കാരണം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ എസ്.ബി.ഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾ എ.ടി.എം ഇടപാട് നിരക്കുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള പണിമുടക്ക് ദിനങ്ങളിലാണ് ഈ ഇളവ് ലഭ്യമാകുന്നത്. ഇതോടെ രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിച്ചാലും സാധാരണ ഈടാക്കുന്ന അധിക ഫീസോ മറ്റ് ചാർജുകളോ ഉപഭോക്താക്കൾ നൽകേണ്ടതില്ല.
അധിക തുക ഈടാക്കില്ല
പണിമുടക്ക് സമയത്തും ശാഖകളിൽ പോകാതെ ആവശ്യമായ സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടത്തുവാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് ബാങ്കുകളുടെ ലക്ഷ്യം. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ എ.ടി.എം ഇടപാടുകളുടെ പരിധി കഴിഞ്ഞാലും ഈ മൂന്ന് ദിവസങ്ങളിൽ അധിക തുക ഈടാക്കില്ല. പണത്തിന് ബുദ്ധിമുട്ട് വരാതിരിക്കാൻ ബാങ്ക് ബ്രാഞ്ചുകളെ ആശ്രയിക്കുന്നതിന് പകരം സൗജന്യമായി എ.ടി.എമ്മുകൾ ഉപയോഗപ്പെടുത്താൻ ബാങ്കുകൾ ആളുകളോട് ആവശ്യപ്പെടുന്നു.
എ.ടി.എമ്മുകൾക്ക് പുറമെ യു.പി.ഐ , നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, വാട്ട്സ്ആപ്പ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും ആർ.ടി.ജി.എസ് , എൻ.ഇ.എഫ്.ടി വഴിയുള്ള പണമിടപാടുകളും തടസ്സമില്ലാതെ ലഭ്യമായിരിക്കുമെന്നും ബാങ്കുകൾ ഉറപ്പുനൽകുന്നു.
ബാങ്ക് ജീവനക്കാരുടെ സംഘടനകളും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള 3 ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചു. ആഴ്ചയിൽ 5 ദിവസത്തെ ജോലി സമയം നടപ്പിലാക്കണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യത്തിൽ അനുകൂലമായ തീരുമാനമൊന്നും ഉണ്ടാകാത്തതിനാലാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ചത്.
ആഴ്ചയിൽ 5 ദിവസത്തെ ജോലി
ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യം എല്ലാ ശനിയാഴ്ചകളും അവധിയാക്കി ആഴ്ചയിൽ 5 ദിവസത്തെ ജോലി സമയം നടപ്പിലാക്കുക എന്നതാണ്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. ഇതിനായി പ്രവൃത്തിദിനങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിക്കുകയും 2024 മാർച്ച് മാസത്തിൽ ബാങ്ക് മാനേജ്മെന്റുകളുമായി ഇത് സംബന്ധിച്ച് ധാരണയിൽ എത്തുകയും ചെയ്തതാണ്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ഈ കരാറിന് അന്തിമ അനുമതി നൽകിയിട്ടില്ല.
പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് തർക്കം
ജീവനക്കാരുടെ രണ്ടാമത്തെ പ്രധാന ആവശ്യം വിവേചനപരമായ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് ബോണസ് പദ്ധതി പിൻവലിക്കുക എന്നതായിരുന്നു. സാധാരണ ജീവനക്കാർക്ക് കുറഞ്ഞ ഇൻസെന്റീവും ഉന്നത ഉദ്യോഗസ്ഥർക്ക് ഭീമമായ തുകയും ബോണസ് നൽകുന്നതിനെതിരെ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു. നിലവിൽ സമരം ഒഴിവാക്കാൻ ഈ പദ്ധതി താത്കാലികമായി നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും, 5 ദിവസത്തെ പ്രവൃത്തിദിന കാര്യത്തിൽ സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല.




