വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മോഷണം, കവർച്ച, തീപിടുത്തം അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ എന്നിവയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ, ആധാരം, മറ്റ് പ്രധാനപ്പെട്ട പ്രമാണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളെ സുരക്ഷിതമായി സൂക്ഷിക്കാനാണ് ബാങ്ക് ലോക്കറുകൾ ഉപയോഗിക്കുന്നത്. വീടുകളിലെ അലമാരകളേക്കാൾ കടുപ്പമേറിയ നിർമ്മിതിയും, സ്ട്രോങ് റൂം, സിസിടിവി, ഡ്യുവൽ-കീ ലോക്കിംഗ് സിസ്റ്റം എന്നിവയുള്ള ഉയർന്ന സുരക്ഷാ സംവിധാനങ്ങളും ബാങ്ക് ലോക്കറുകൾ ഉറപ്പുനൽകുന്നു. കുടുംബ സമേതം ദീർഘകാലത്തേക്ക് യാത്ര പോകുമ്പോഴും മറ്റും മാനസിക സമാധാനത്തോടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാൻ ഇത് ഏറെ സഹായിക്കും.
കൂടുതൽ സുതാര്യം
കൂടാതെ, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്ന് ഉപഭോക്താവിനല്ലാതെ ബാങ്ക് ജീവനക്കാർക്ക് പോലും അറിയാൻ സാധിക്കാത്ത വിധത്തിലുള്ള പൂർണ്ണ സ്വകാര്യതയും ഇതിലൂടെ ലഭിക്കുന്നു. പുതിയ ആർ.ബി.ഐ നിയമങ്ങൾ അനുസരിച്ച് മോഷണമോ സുരക്ഷാവീഴ്ചയോ ഉണ്ടായാൽ ബാങ്കുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തമുള്ളതിനാലും, ലോക്കർ തുറക്കുമ്പോഴെല്ലാം ഫോണിലേക്ക് മെസേജ് അലേർട്ടുകൾ വരുന്നതിനാലും ലോക്കർ സേവനങ്ങൾ ഇന്ന് കൂടുതൽ സുതാര്യവും സുരക്ഷിതവുമാണ്.

2026-ലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഫെഡറൽ ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോക്കർ ചാർജുകളെക്കുറിച്ചും, ഇതിൽ ഏത് ബാങ്കാണ് ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലോക്കർ സൗകര്യം നൽകുന്നതെന്നും അറിയാമോ? ബാങ്ക് ലോക്കറുകളുടെ വാടക പ്രധാനമായും ലോക്കറിന്റെ വലുപ്പം, സ്മോൾ, മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ്, ബാങ്ക് ശാഖ സ്ഥിതിചെയ്യുന്ന സ്ഥലം (ഗ്രാമീണം, സെമി-അർബൻ, അർബൻ, മെട്രോ നഗരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്.
സ്റ്റേറ്റ് ബാങ്കിൽ കുറവ്
ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലോക്കർ സേവനം നൽകുന്നത് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. എസ്.ബി.ഐയിൽ ചെറിയ ലോക്കറുകൾക്ക് ഗ്രാമീണ മേഖലകളിൽ പ്രതിവർഷം 1,000 നും അർബൻ-മെട്രോ നഗരങ്ങളിൽ 2,000 നും അടുത്താണ് വാടക വരുന്നത്. എന്നാൽ എച് ഡി എഫ് സി, ഐ സി ഐ സി ഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ സമാനമായ ചെറിയ ലോക്കറുകൾക്ക് നഗരപ്രദേശങ്ങളിൽ പ്രതിവർഷം 3,000 മുതൽ 4,000 വരെയും വലിയ ലോക്കറുകൾക്ക് 10,000 മുതൽ 15,000 വരെയോ അതിൽ കൂടുതലോ വാടക ഈടാക്കാറുണ്ട്.
കൂടാതെ, ലോക്കർ വാടകയ്ക്ക് പുറമേ 18% ജി.എസ്.ടി , വൺ-ടൈം രജിസ്ട്രേഷൻ/അലോട്ട്മെന്റ് ഫീസ്, സേവന നിരക്കുകൾ എന്നിവയും ഉപഭോക്താക്കൾ നൽകണം . നിങ്ങൾ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി ലോക്കർ സൗകര്യം ആഗ്രഹിക്കുന്ന ആളാണെങ്കിൽ, സ്വകാര്യ ബാങ്കുകളേക്കാൾ എസ്.ബി.ഐ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.




