പരുന്തും പറക്കാത്ത പണമൊഴുകുന്ന ഇടമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐപിഎല്‍. പണം കൊണ്ടെറിഞ്ഞ് പണത്തില്‍ തന്നെ കൊള്ളിക്കുന്ന വിനോദം. 8.4 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളര്‍ന്നിരിക്കുന്നു ഇന്ത്യയുടെ ഐപിഎല്‍. 2023-27 കാലത്തെ പ്രക്ഷേപണാവകാശം വിറ്റത് പോലും 48000 കോടി രൂപയ്ക്ക്. ലോകത്തിന്റെ നായകനാവാന്‍ വളരുന്ന ഇന്ത്യയെന്ന ‘യൂത്ത് ബ്രാന്‍ഡി’ന്റെ തിളങ്ങുന്ന മുഖം കൂടിയാണ് ഈ കാര്‍ണിവല്‍. ഐപിഎലിന്റെ ബിസിനസ് അകത്തളങ്ങളിലേക്ക്…
ശാന്തമായി ഒഴുകിയിരുന്ന ഒരു നദി പോലെയായിരുന്നു ക്രിക്കറ്റ്. അങ്ങേയറ്റം മാന്യന്മാരുടെ കളി. വെള്ളയും വെള്ളയുമിട്ട് കളിക്കാനിറങ്ങുന്ന യൂണിഫോമില്‍ തന്നെ ആ മാന്യത പ്രകടമായിരുന്നു. ഇങ്ങനെ അങ്ങ് ഒതുങ്ങി പോയാല്‍ മതിയോയെന്ന് ആദ്യം ചിന്തിച്ചത് ഓസ്ട്രേലിയയിലെ മാധ്യമ രാജാവായിരുന്ന കെറി പാക്കറാണ്. അങ്ങനെ വന്നതാണ് ഫീല്‍ഡ് നിയന്ത്രണങ്ങള്‍ മുതല്‍ നിറമുള്ള യൂണിഫോമുകള്‍ വരെ.
പണമൊഴുകുന്ന കളിയായി ക്രിക്കറ്റ് മാറിയത് അതോടെയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ആലസ്യത്തില്‍ നിന്ന് ഏകദിനത്തിന്റെ ചടുതലയിലേക്ക് മാറിയ ക്രിക്കറ്റിനെ കെറി പാക്കറും അദ്ദേഹത്തിന്റെ ചാനല്‍ നയനും നന്നായി മാര്‍ക്കറ്റ് ചെയ്തു. ദക്ഷിണേഷ്യയില്‍ ക്രിക്കറ്റ് ഒരു ഭ്രാന്തായി പടര്‍ന്നു പിടിച്ചതോടെ ക്രിക്കറ്റ്, ബിസിനസിന്റെ കേന്ദ്രമായി ഇന്ത്യയും പാകിസ്ഥാനും മറ്റും മാറി. ബിസിസിഐ ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ഏജന്‍സിയായി.


അരങ്ങേറ്റം
വണ്‍ഡേ ക്രിക്കറ്റിന്റെയും ജ്വരം ശമിക്കുന്നെന്ന തോന്നലുളവായ ഘട്ടത്തിലാണ് കുറച്ചുകൂടി ക്യാപ്സൂള്‍ രൂപത്തിലുള്ള ടി-20 ക്രിക്കറ്റ് അവതരിച്ചത്. ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും വനിതാ ടീമുകളാണ് 2004 ല്‍ നടന്ന ആദ്യ ടി-20 മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. സംഭവം കൊള്ളാമെന്ന് മനസിലായതോടെ 2005 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ പുരുഷ ക്രിക്കറ്റിലെ ആദ്യ ടി-20 നടന്നു. ഏതാനും വര്‍ഷം കൊണ്ട് കുട്ടി ക്രിക്കറ്റ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. അഞ്ചു ദിവസമോ ഒരു ദിവസമോ ഒന്നും മെനക്കെട്ട് ക്രിക്കറ്റ് കാണാന്‍ സമയമില്ലാത്ത പുതിയ തലമുറയ്ക്ക് മുന്നില്‍ ഒരു വിരുന്ന്.


2007 ല്‍ ആദ്യ ടി20 ലോകകപ്പ്. ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ മിസ്ബ ഉള്-ഹക്ക് പിന്നിലേക്ക് സ്കൂപ്പ് ചെയ്ത ജൊഗീന്ദര്‍ ശര്‍മയുടെ പന്ത് ശാന്തകുമാരന്‍ ശ്രീശാന്തിന്റെ കൈകളിലേക്ക് വീണുറച്ചപ്പോള് പിറന്ന ആവേശം മാത്രം മതിയായിരുന്നു ബിസിസിഐക്ക് ടി-20 യുടെ സാധ്യതകള്‍ മനസിലാക്കാന്‍. ഫുട്ബോളിലെ ഷൂട്ടൗട്ടിന് സമാനമായി നടന്ന അത്യാവേശകരമായ ബോളൗട്ടില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ലോകചാംപ്യന്മാരായത് 1983 ല്‍ കപിലിന്റെ ചെകുത്താന്മാരുടെ ഏകദിന ലോകകപ്പ് വിജയം ആഘോഷിച്ചതിലും കെങ്കേമമായാണ് ഇന്ത്യ കൊണ്ടാടിയത്.
ലളിത് മോദിയുടെ കലാപം
അന്നത്തെ ബിസിസിഐ സെക്രട്ടറിയായിരുന്ന ലളിത് മോദിയായിരുന്നു ഇന്ത്യയിലെ ടെറി പാക്കര്‍. ഒട്ടും താമസിയാതെ ടി-20 യുടെ മുഴുവന്‍ ആവേശവും സമാഹരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) അദ്ദേഹം വിഭാവനം ചെയ്തു. 2008 ല്‍ ഐപിഎല്‍ എന്ന ലോകോത്തര ക്രിക്കറ്റ് ലീഗ് അങ്ങനെ പിറന്നു. ഏപ്രില്‍ 18 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടിയ ഉദ്ഘാടന മല്‍സരം. ക്രിക്കറ്റും ബോളിവുഡും ചിയര്‍ഗേള്‍സും ഗ്ലാമറും എല്ലാം ചേര്‍ന്ന ഒരു പെര്‍ഫെക്റ്റ് കാര്‍ണിവലിന്റെ മായക്കാഴ്ചയിലേക്കാണ് ആരാധകരെ കൂട്ടിക്കൊണ്ടുപോയത്.


ഉദ്ഘാടന മല്‍സരത്തില്‍ തന്നെ 73 പന്തില്‍ 13 സിക്സറുകളുടെ അകമ്പടിയോടെ ഒരു 158 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലം വെടിക്കെട്ടും! പരുന്തും പറക്കാത്ത പണമൊഴുകുന്ന ഇടമായി ഐപിഎല്‍ മാറാന്‍ താമസമുണ്ടായില്ല. പണം കൊണ്ടെറിഞ്ഞ് പണത്തില്‍ തന്നെ കൊള്ളിച്ചു ലളിത് മോദി. കെറി പാക്കര്‍ കൊണ്ടുവന്നത് വിപ്ലവമായിരുന്നെങ്കില്‍ ലളിത് മോദിയുടെ ഐപിഎല്‍ ഒരു കലാപമായിരുന്നു. ഫ്രാഞ്ചൈസികളും പരസ്യക്കാരും സ്പോണ്‍സര്‍മാരും പണം വാരിയൊഴുക്കി. താരങ്ങളുടെ കൈയിലും നിറയെ പണം. സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുന്നതിലും പ്രാമുഖ്യം പല താരങ്ങളും ഐപിഎലിന് കൊടുക്കുന്നതില്‍ നിന്നറിയാം അതിലെ പണത്തിന്റെ ആകര്‍ണീയത.
ഐപിഎല്‍ എന്നാല്‍ ഹിറ്റ് ബിസിനസ്
എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കമാണ് ഇന്ന് ഐപിഎല്‍. 10 ടീമുകളിലായി 160 ല്‍ ഏറെ താരങ്ങള്‍. 12 നഗരങ്ങള്‍ വേദികളാണ്. ശക്തമായ ആരാധക വൃന്ദം ഓരോ ടീമിനും സ്വന്തമായുണ്ട്. പ്രേക്ഷകരുടെ കാര്യത്തിലും ലോകത്തെ ഏറ്റവും ധനികമായ ലീഗുകളിലൊന്നാണ് ഐപിഎല്‍. സ്വാഭാവികമായും ഐ
പിഎലിനെ ചുറ്റിപ്പറ്റിയുള്ള ബിസിനസും പണമൊഴുക്കും ഒന്നുകൂടി കൊഴുക്കും.

ഐപിഎലിന്റെ പ്രധാന വരുമാനം സംപ്രേഷണാവകാശത്തിന്റെ ലേലത്തില്‍ നിന്നാണ്. 2008 മുതല്‍ 2017 വരെയുള്ള 10 വര്‍ഷത്തേക്ക് ഐപിഎലിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം നേടിയത് സോണിയായിരുന്നു. ഇതിനായി മുടക്കിയത് 8200 കോടി രൂപ. 2018 മുതല്‍ 2022 വരെയുള്ള ടൂര്‍ണമെന്റിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം നേടിയത് സ്റ്റാര്‍ ഇന്ത്യ. ഈ കാലഘട്ടമായപ്പോഴേക്കും മൊബൈല്‍ ഫോണുകളിലും മറ്റും കളി കാണുന്നവരുടെ എണ്ണവും വര്‍ധിച്ചു.
ഡിജിറ്റല്‍ സംപ്രേഷണാവകാശം കൂടി സ്റ്റാര്‍ ഇന്ത്യക്ക് വിറ്റ് ബിസിസിഐ കാശുണ്ടാക്കി. 2018-22 കാലത്തെ സംപ്രേഷണാവകാശത്തിനായി സ്റ്റാര്‍ ഇന്ത്യ മുടക്കിയത് 16,348 കോടി രൂപക്ക്. മുന്‍പത്തെ കരാറിന്റെ ഇരട്ടി ലാഭം. ഇത്തവണ ടെലിവിഷന്‍ കരാര്‍ ഡിസ്നിക്കും ഡിജിറ്റല്‍ സംപ്രേഷണാവകാശം മുകേഷ് അംബാനിയുടെ വയാകോം18 നുമാണ് നല്‍കിയത്. 2023-27 കാലത്തേക്കുള്ള ആകെ കരാര്‍ തുക 48,390 (6.2 ബില്യണ്‍ ഡോളര്‍) കോടി രൂപ!


ലോകത്തെ പണംവാരി ലീഗുകളില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുണ്ട് ഐപിഎല്‍. യുഎസിലെ റഗ്ബി ലീഗായ നാഷണല്‍ ഫുട്ബോള്‍ ലീഗ് (എന്‍എഫ്എല്‍) ആണ് ഏറ്റവും വരുമാനമുള്ള സ്പോര്‍ട്സ് ഇവന്റ്. 2022-23 ലെ എന്‍എഫ്എലിന്റെ സംപ്രേഷണാവകാശം 112.6 ബില്യണ്‍ ഡോളറിനാണ് വിറ്റു പോയത്. 2014-25 സീസണില്‍ യുഎസ് നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ (എന്‍ബിഎ) സംപ്രേഷണാവകാശം 24 ബില്യണ്‍ ഡോളറിനാണ് വിറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (12.85 ബില്യണ്‍ ഡോളര്‍), മേജര്‍ ലീഗ് ബേസ്ബോള്‍ (12.24 ബില്യണ്‍ ഡോളര്‍) എന്നിവയാണ് പ്രക്ഷേപണ വരുമാനത്തില്‍ ഐപിഎലിന് മുന്നിലുള്ളത്.
ബില്യണ്‍ ഡോളറുകളുടെ കളി
ഒരു ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇന്‍ഡസ്ട്രി. അനുദിനം അത് വളരുകയും ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പ്രക്ഷേപണ മൂല്യം കൂടി പരിഗണിക്കുമ്പോള്‍ ക്രിക്കറ്റ് ഒരു കായിക ഇനമോ അതോ ബിസിനസോ എന്ന് സംശയം തോന്നിപ്പോകും. 2024-27 കാലത്ത് ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം 3 ബില്യണ്‍ ഡോളര്‍ അഥവാ 24,794 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാര്‍ ഗ്രൂപ്പിന് വിറ്റത്. ബിസിസിഐ സംഘടിപ്പിക്കുന്ന പരമ്പരകളുടെ പ്രക്ഷേപണാവകാശം വിറ്റ് ലഭിച്ചത് ഒരു ബില്യണ്‍ ഡോളര്‍. 600 ദശലക്ഷം ആളുകളാണ് ടിവിയിലും ഡിജിറ്റല്‍ രൂപത്തിലും ഐപിഎല്‍ കാണുന്നത്. വളരെ ചുരുക്കംകാലം കൊണ്ട് വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വന്തമാക്കാനായതും തുടര്‍ച്ചയായി അവരെ എന്‍ഗേജ് ചെയ്യാന്‍ സാധിക്കുന്നതും സ്പാണ്സര്മാരുടെയും പരസ്യ ദാതാക്കളുടെയും ഇഷ്ടയിടമായി ഐപിഎലിനെ മാറ്റുന്നു.


വീതംവെപ്പ്
താരങ്ങള്‍, പ്രേക്ഷകര്‍, ടീം ഉടമകള്‍, ബിസിനസുകള്‍, മീഡിയ കമ്പനികള്‍, ബിസിസിഐ, ഇന്ത്യന്‍ ക്രിക്കറ്റ് എന്നിങ്ങനെ ഐപിഎലിലെഏഴ് പങ്കാളികള്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കാവുന്ന സാഹചര്യമാണുള്ളതെന്ന് പെപ്സികോയുടേയും മോട്ടറോളയുടേയും മുന്‍ മാര്‍ക്കറ്റിംഗ് മേധാവിയായ ലോയ്ഡ് മത്തിയസ് പറയുന്നു. 10 വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചപ്പോള്‍ ലഭിച്ച പണത്തേക്കാള്‍ കൂടുതലാണ് ഒരു സീസണില്‍ ഐപിഎല്‍ കളിച്ചാല്‍ കളിക്കാര്‍ക്ക് ലഭിക്കുന്നത്.
ലോകോത്തര താരങ്ങള്‍ തങ്ങളുടെ പ്രാദേശിക താരങ്ങളോട് ചേര്‍ന്ന് തങ്ങളുടെ നഗരത്തിനു വേണ്ടി കളിക്കുന്ന കാഴ്ച കാണികളെ ഹരം പിടിപ്പിക്കുന്നുണ്ട്. ടീം ഉടമകള്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ 25 ഇരട്ടി വരെ ലാഭമാണ് കൈവന്നത്. സംപ്രേഷണാവകാശം വിറ്റുകിട്ടുന്ന തുകയുടെ 50% ബിസിസിഐക്കും ശേഷിക്കുന്ന തുക ഫ്രാഞ്ചൈസികള്‍ക്കുമാണ് ലഭിക്കുക. പരസ്യക്കാര്, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ വളരെ പെട്ടെന്ന് ജനങ്ങളുടെയിടയില്‍ ശ്രദ്ധിക്കപ്പെടുന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്കും ക്രിക്കറ്റ് ഒരു സവിശേഷ ശ്രദ്ധ നേടിക്കൊടുക്കുന്നു.


പണമൊഴുകും പരസ്യങ്ങള്‍
2023 ഐപിഎല്‍ പൂര്‍ണമായും സൗജന്യമായി സ്ട്രീം ചെയ്തുകൊണ്ട് ജിയോസിനിമ പുതിയ ഒരു പരീക്ഷണവും നടത്തി. 12 ഭാഷകളിലാണ് ജിയോ ഐപിഎലിനെ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. പ്രേക്ഷകര്‍ക്ക് ക്രിക്കറ്റ് സൗജന്യമായി നല്‍കുക എന്നാല്‍ വരുമാനം പൂര്‍ണമായും പരസ്യങ്ങളില്‍ നിന്ന് കണ്ടെത്തണമെന്നാണ് അര്‍ത്ഥം. പരസ്യങ്ങളുടെ ജനാധിപത്യവല്‍ക്കരണമാണ് തങ്ങള്‍ നടത്തിയതെന്നാണ് വയാകോം18 സിഇഒയായ അനില്‍ ജയരാജ് പറയുന്നത്.

ക്രിക്കറ്റിലെ പരസ്യങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും താങ്ങാവുന്നതല്ല. 2023 ല്‍ ഐപിഎലിലെ 10 സെക്കന്റ് പരസ്യ സ്ലോട്ടിന് 17-18 ലക്ഷം രൂപയാണ് ഈടാക്കപ്പെട്ടത്. 2017 ല്‍ ഇത് 6.5 ലക്ഷം ആയിരുന്നു. ക്രിക്കറ്റാവട്ടെ പരസ്യങ്ങള്‍ക്ക് ഏറ്റവും നന്നായി വഴങ്ങുന്ന ഗെയിമുമാണ്. ഓരോ ഓവറുകള്‍ക്കും ഇന്നിംഗ്സുകള്‍ക്കും ഇടയിലും ടോക്ക് ഷോകളിലുമെല്ലാം പരസ്യങ്ങള്‍ നല്‍കാനുള്ള ഇടം ക്രിക്കറ്റിന്റെ മാത്രം പ്രത്യേകതയാണ്. വിക്കറ്റുകള്‍ വീഴുന്നത് പോലെ മറ്റ് ഇടവേളകളും ലഭിക്കും.
2022 ല്‍ ഡിസ്നി ഹോട്ട്സ്റ്റാര്‍ ഐപിഎല്‍ പരസ്യങ്ങളിലൂടെ നേടിയ വരുമാനം 3500 കോടി രൂപയാണ്. ഇതില്‍ 2900 കോടി രൂപയും ടെലിവിഷന്‍ പരസ്യ വരുമാനത്തിലൂടെയാണ്. 2023-27 കാലഘട്ടത്തില്‍ പ്രതിവര്‍ഷം ശരാശരി 9000 കോടി രൂപയെങ്കിലും പരസ്യ വരുമാനത്തില്‍ നിന്ന് കണ്ടെത്തേണ്ടി വരും മുടക്കിയ തുക തിരികെ പിടിക്കാന്‍.


സ്പോണ്‍സര്‍മാര്‍ ഹാപ്പി
ഐപിഎലിലെ പ്രധാന പരസ്യ ദാതാക്കളും സ്പോണ്‍സര്‍മാരുമാണ് കെന്റ് ആര്‍ഒ സിസ്റ്റംസ്. മുന്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായിരുന്ന കെന്റ് ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ സ്പോണ്‍സര്‍മാരാണ്. തങ്ങളുടെ ബ്രാന്‍ഡിന് ഇത്രയും ശ്രദ്ധ, അതും ഏകദേശം ഒന്നര മണിക്കൂറോളം, എവിടെനിന്ന് കിട്ടുമെന്നാണ് കെന്റിന്റെ എംഡിയായ മഹേഷ് ഗുപ്ത ചോദിക്കുന്നത്. രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിലെ മിക്ക മല്‍സരങ്ങളും ആവേശക്കൊടുമുടി കയറാറുണ്ട്. ഇത് ആരാധകരെയും ആകര്‍ഷിച്ചു നിര്‍ത്തുന്നു. ലോകകപ്പില്‍ പോലും ഇന്ത്യയുടെ മല്‍സരങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ പ്രേക്ഷകരുള്ളത്. പക്ഷേ ഐപിഎലിലെ എല്ലാ മല്‍സരങ്ങളും നിശ്ചിത പ്രേക്ഷകരെ ഉറപ്പ് തരുന്നു. അതിനാല്‍ തന്നെ പരസ്യദാതാക്കള്‍ സന്തുഷ്ടരാണ്.
2018 ല്‍ ടാറ്റ മോട്ടേഴ്സിലൂടെ അസോസിയേറ്റ് സ്പോണ്‍സര്‍മാരായി ഐപിഎലിന്റെ ഭാഗമായ ടാറ്റ ഗ്രൂപ്പും ഏറെ സന്തുഷ്ടരാണ്. ടാറ്റയുടെ പുതിയ മോഡലുകളായ നെക്സണ്‍, ഹാരിയര്‍, ആള്‍ട്രോസ്, പഞ്ച് എന്നിവയെല്ലാം പ്രശസ്തമാക്കാന്‍ ഐപില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഗുണം കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ ഐ
പിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാവാനും ടാറ്റ സന്നദ്ധമായി. ടാറ്റ നിയു, ടാറ്റ മോട്ടേഴ്സ് എന്നീ ബ്രാന്‍ഡുകളാണ് ഐപിഎലിലൂടെ ടാറ്റ പ്രൊമോട്ട് ചെയ്യുന്നത്. ഇത്തവണത്തെ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ടാറ്റയുടെ വെബ്സൈറ്റിലേക്കുള്ള ട്രാഫിക് മൂന്നര ഇരട്ടി വര്‍ധിച്ചു. ബുക്കിംഗുകളിലുണ്ടായതാവട്ടെ 70% വര്‍ധനയും.
വര്‍ഷം മുഴുവന്‍ ബിസിനസ്
ഐപിഎല്‍ ടൂര്‍ണമെന്റ് രണ്ടു മാസത്തേക്ക് മാത്രം നടത്തപ്പെടുന്നതാണെങ്കിലും ഫ്രാഞ്ചൈസികളുടെ ബിസിനസ് വര്‍ഷം മുഴുവന്‍ നടക്കുന്നുണ്ട്. ഉദാഹരണത്തിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, അപ്പാരല്‍ ബ്രാന്‍ഡായ പൂമയുമായി ഒരു കരാര്‍ ഒപ്പിട്ടിരിക്കുന്നു. പാനീയങ്ങള്‍, സ്നാക്ക്സ്, എഡ്ടെക് എന്നീ മേഖലകളില്‍ നേരത്തെ തന്നെ ആര്‍സിബിക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. പൂമയിലൂടെ ‘അത്ലെഷര്’ അഥവാ അത്ലറ്റിക്സും ലെഷറും ചേര്‍ന്ന മേഖലയിലേക്കും ആര്‍സിബി കടന്നുചെന്നിരിക്കുന്നു. ഫിറ്റ്നസ്, വുമണ്‍സ് പ്രീമിയര്‍ ലീഗ്, ഗെയിമിംഗ് എന്നിവയും ആര്‍സിബി കടന്നെത്തിയിരിക്കുന്ന ബിസിനസ് മേഖലകളാണ്. 2008 മുതല്‍ ഐപിഎലിന്റെ സാന്നിധ്യമാണ് ആര്‍സിബി.


അതേസമയം കഴിഞ്ഞ വര്‍ഷം രംഗത്തുവന്ന ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ സീസണുകള്‍ നോക്കിയല്ല ബിസിനസ് ചെയ്യുന്നത്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ബിസിനസ് തന്ത്രങ്ങളാണ് ഫ്രാഞ്ചൈസി തയാറാക്കിയിരിക്കുന്നത്. ഐപിഎലും ആദ്യകാലത്തെ ബോളിവുഡ്-സെലിബ്രിറ്റി പുറംതോട് പൊഴിച്ച്
പൂര്‍ണമായും ഒരു സ്പോര്‍ട്സ്-ബിസിനസ് തലത്തിലേക്ക് പരിണമിച്ചിട്ടുണ്ട്. ആദ്യ ഐപില്െ ടീമുകളുടെ പ്രൊമോട്ടര്‍മാര്‍ പലരും ബോളിവുഡ് നടീനടന്മാരായിരുന്നെങ്കില് ഗുജറാത്ത് ടൈറ്റന്സിന്രെ ഉടമകള്‍ യൂറോപ്പ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സിവിസിയാണ്.

ഐപിഎല്‍ ഇന്ത്യയിലെ കായിക ഇനങ്ങളുടെ മാര്ദഗര്ശി കൂടിയാണ്. ഫുട്ബോളില്‍ ഐഎസ്എലും പ്രോ കബഡ്ഡി ലീഗും വോളിബോള്‍ ലീഗുമെല്ലാം ഐപിഎലിനെ മാതൃകയാക്കി വന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പണക്കൊഴുപ്പും താരത്തിളക്കവും ഇതുവരെ ക്രിക്കറ്റിനെ അത്ര സീരിയസായി കാണാത്ത രാജ്യങ്ങളെ പോലും ആകര്‍ഷിച്ചിട്ടുണ്ട്. യുഎസ്, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ ക്രിക്കറ്റ് ടീമുകളെ താലോലിക്കാന്‍ തുടങ്ങിയിരിക്കുന്നു. യുഎസില്‍ പോലും ടി20 ലീഗിന് തുടക്കമായിരിക്കുന്നു.
പക്ഷേ ഐപിഎലിന്റെ വിജയത്തിന് ഒട്ടേറെ ചേരുവകളുടെ പിന്തുണയുണ്ട്. അതില്‍ പ്രധാനമാണ് കാണികളുടെ പിന്തുണ. മറ്റു
ബിസിനസുകളെല്ലാം ആള്‍ക്കൂട്ടത്തിന് പിന്നാലെ വരുന്നതാണ്. ഏറെക്കാലം ഈ ജനപിന്തുണ നിലനിര്‍ത്താമെന്നും ബിസിനസ് ഗംഭീരമാക്കാമെന്നുമാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. വിദേശത്ത് പൊട്ടിമുളച്ചിരിക്കുന്ന ലീഗുകള്‍ക്ക് ഇത് എത്രമാത്രം സാധ്യമാകുമെന്ന് കണ്ടറിയണം.