ലണ്ടന്‍ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ നത്തിംഗ്, ടൈഗര്‍ ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് 200 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം സമാഹരിച്ചു. നിലവിലുള്ള ഓഹരി ഉടമകളായ ജിവി, ഹൈലാന്‍ഡ് യൂറോപ്പ്, ഇക്യുടി, ലാറ്റിറ്റിയൂഡ്, ഐ2ബിഎഫ്, ടാപെസ്ട്രി എന്നിവ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. 1.3 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമാണ് നത്തിംഗിന് നല്‍കിയിരിക്കുന്നത്.
ഹാര്ഡ്വെയറിനെയും സോഫ്റ്റ്വെയറിനെയും മികച്ച രീതിയില്‍ സംയോജിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ‘എഐ-നേറ്റീവ് പ്ലാറ്റ്ഫോം’ വികസിപ്പിക്കുന്നതിനാണ് ഈ ഫണ്ടിംഗ് ഉപയോഗിക്കുക. ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ തന്നെയാണ് നത്തിംഗിന്റെ ശ്രമം.
ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ വണ്‍പ്ലസ് വിട്ടതിനുശേഷം സ്വീഡിഷ്-ചൈനീസ് ടെക് സംരംഭകനായ കാള്‍ പേയ് 2020 ല്‍ സ്ഥാപിച്ച കമ്പനിയാണ് നത്തിംഗ്. 2022 ല്‍ കമ്പനി തങ്ങളുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ഇയര്ബഡുകളടക്കം ആക്സസറികളും പിന്നാലെ വന്നു. കമ്പനിയുടെ മൊത്തം വിറ്റുവരവ് സമീപകാലത്ത് 1 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു.
എഐ അതിന്റെ പൂര്‍ണ്ണ ശേഷി കൈവരിക്കണമെങ്കില്‍ ഹാര്‍ഡ്വെയറും അതിനൊപ്പം സ്വയം പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്ന് കാള്‍ പെയ് പറഞ്ഞു. ‘ഞങ്ങള്‍ സ്മാര്‍ട്ട്ഫോണുകള്‍, ഓഡിയോ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയില്‍ നിന്നാണ് ആരംഭിക്കുന്നത് … ഭാവിയില്‍, ഞങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം സ്മാര്‍ട്ട് ഗ്ലാസുകള്‍, ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഭാവിയില്‍ വരുന്നതെന്താണോ അതിലേക്കെല്ലാം എത്തും.’ കാള്‍ പെയ് വ്യക്തമാക്കി.