ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നയങ്ങള്‍ സംബന്ധിച്ച് യുഎസ് സെനറ്റര്‍ ജോഷ് ഹാവ്ലി അന്വേഷണം ആരംഭിച്ചു. വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് അടക്കമുള്ള മെറ്റ കമ്പനികളിലെ ചാറ്റ്ബോട്ടുകള്‍ കുട്ടികളുമായി അശ്ലീലച്ചുവയിലും പ്രണയം കലര്‍ത്തിയുമുള്ള സംസാരങ്ങളില്‍ ഏര്‍പ്പെടാന്‍ മെറ്റ നയങ്ങള്‍ അനുവദിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ യുഎസ് സെനറ്റ് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഈ നയങ്ങളില്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൗരവമുള്ള ആരോപണം
കഴിഞ്ഞ ദിവസം റോയിട്ടേഴ്സാണ് മെറ്റയുടെ എഐ നയങ്ങള്‍ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുമായി ‘പൈങ്കിളി വര്‍ത്തമാനം’ പറയാന്‍ മെറ്റ ചാറ്റ്ബോട്ടുകള്‍ക്ക് അനുവാദമുണ്ടെന്ന് തെളിയിക്കുന്ന മെറ്റയുടെ ആഭ്യന്തര രേഖയുടെ ഉള്ളടക്കമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കന്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ഇതില്‍ ആശങ്ക രേഖപ്പെടുത്തി. ആരാണ് ഈ നയങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും എത്രകാലമായി ഇവ പ്രാബല്യത്തിലുണ്ടെന്നും ഈ പതിവ് നിര്‍ത്താന്‍ മെറ്റ എന്ത് നടപടിയാണ് എടുത്തതെന്നും അറിയണമെന്ന് വിഷയം അന്വേഷിക്കുന്ന സെനറ്റര്‍ ജോഷ് ഹാവ്ലി ആവശ്യപ്പെട്ടു.
മറുപടി പറയാതെ മെറ്റ
അതേസമയം ഹാവ്്ലിയുടെ കത്തിനോട്് പ്രതികരിക്കാന്‍ മെറ്റ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ഉദാഹരണങ്ങളും കുറിപ്പുകളും അനേകമുണ്ടെന്നും തങ്ങളുടെ നയവുമായി ചേര്‍ന്നുപോകാത്തതിനാല്‍ നീക്കം ചെയ്തുവെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്ത രേഖകള്‍ ആധികാരികമാണെന്ന് സമ്മതിച്ച മെറ്റ, ഇതെക്കുറിച്ച് റോയിട്ടേഴ്സില്‍ നിന്നും ഈ മാസം തുടക്കത്തില്‍ അന്വേഷണങ്ങള്‍ വന്നതിന് ശേഷം ചില ഭാഗങ്ങള്‍ നീക്കം ചെയ്തതായും അവകാശപ്പെട്ടു.
മെറ്റയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു
കുട്ടികളുമായി മോശം സംഭാഷണങ്ങള്‍ നടത്തുന്നു എന്നത് കൂടാതെ, തെറ്റായ മെഡിക്കല്‍ വിവരങ്ങള്‍ നല്കുന്നു, കറുത്ത ആളുകള്‍ വെളുത്തവരേക്കാള്‍ വിലകെട്ടവരാണെന്ന് വാദിക്കാന്‍ സഹായമേകുന്നു എന്നിവയും മെറ്റ ചാറ്റ്ബോട്ടുകള്ക്കെതിരായ ഗുരുതരമായ ആരോപണങ്ങളാണ്. മെറ്റയുടെ ആഭ്യന്തര രേഖ പരിശോധിച്ച ശേഷമാണ് റോയിട്ടേഴ്സ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫേയ്സ്ബുക്ക്, വാട്ട്സ്ആപ്പ്സ ഇന്‍സ്റ്റഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം ചാറ്റ്ബോട്ടുകളും ജനറേറ്റീവ് എഐയും മെറ്റ എഐയും ലഭ്യമാണ്. ഇവയോട് ആളുകള്‍ക്ക് സംവദിക്കാനും ഒരാളോട് എന്ന പോലെ വര്‍ത്തമാനം പറയാനും സാധിക്കും.