ചാറ്റ് ജിപിടിയിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്സിന്റെ സാധ്യതകള്‍ സാധാരണക്കിലേക്ക് വരെ എത്തിച്ച കമ്പനിയാണ് ഓപ്പണ്‍ എഐ. ഇന്ന് എന്തിനും ഏതിനും ചാറ്റ്ജിപിടി എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി ഇന്ത്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്ട്ട്മാന്. മാത്രമല്ല, ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വിപണി തന്നെ ആയി മാറിയേക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സംരംഭകനായ നിഖില്‍ കാമത്തിന്റെ ഡബ്ല്യൂടിഎഫ് പോഡ്കാസ്റ്റിലൂടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്സിന്റെ സാധ്യതകള്‍ മുതല്‍ പല വിഷങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സാം ഓള്ട്ട്മാന് തുറന്നുപറഞ്ഞത്.
ഇതുണ്ടെങ്കില്‍ എല്ലാം നടക്കും
ചാറ്റ്ജിപിടി-5 ഉണ്ടെങ്കില്‍ ഏത് മേഖലയിലും പിച്ച്ഡി നിലവാരത്തിനുള്ള വിദഗ്ധര്‍ ഇരുപത്തിനാല് മണിക്കൂറും ഒപ്പമുള്ളത് പോലെയാണെന്നും എന്തുകാര്യവും ചോദിച്ചറിയുന്നതിന് മാത്രമല്ല, നിങ്ങള്‍ക്ക് വേണ്ടി കോഡ് എഴുതാനും, ഗവേഷണം നടത്താനും, ഒരു പരിപാടി ആസൂത്രണം ചെയ്യാനുമടക്കം എന്തുചെയ്യാനും അത് സഹായിക്കും. തുടക്കക്കാരായ ബിസിനസുകള്‍ക്ക് പ്രത്യേകിച്ച് ചാറ്റ്ജിപിടി-5 വളരെ പ്രയോജനകരമാകും. ഒരു പ്രോഡക്ടിനുള്ള സോഫ്റ്റ്വെയര് എഴുതാനും കസ്റ്റര്‍ സപ്പോര്‍ട്ടിനും മാര്‍ക്കറ്റിംഗ് പ്ലാനുകള്‍ തയ്യാറാക്കാനും നിയമപരമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഇത് സഹായകമാകും.
കരിയര്‍ ആരംഭിക്കാന്‍ ഇതാണ് ബെസ്റ്റ് ടൈം
കരിയറിന് തുടക്കമിടാന്‍ ഏറ്റവും നല്ല സമയം ഇതാണെന്നാണ് സാം ഓള്ട്ട്മാന് കരുതുന്നത്. ജിപിടി-5 പോലുള്ള എഐ ടൂളുകള്‍ യുവാക്കളായ ഇന്ത്യക്കാര്‍ക്ക് വളരെ ഉപകാരമാകും. സോഫ്റ്റ് വെയറിന് സപ്പോര്‍ട്ടായും കസ്റ്റമര്‍ സപ്പോര്‍ട്ടായും മാര്‍ക്കറ്റിംഗിനും ഇത് ഉപയോഗിക്കാം. എഐയോട് ഇന്ത്യക്കാര്‍ക്കുള്ള തുറന്ന സമീപനവും സാം എടുത്തുപറഞ്ഞു.