റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ വിമര്‍ശിക്കുന്ന വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഫ്ളാഗ് ചെയ്ത സംഭവത്തില്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ X-നെ ന്യായീകരിച്ച് ഇലോണ്‍ മസ്ക്. x-ല്‍ ജനങ്ങളാണ് ഒരു പോസ്റ്റിന്റെ ഉദ്ദേശശുദ്ധി തീരുമാനിക്കുന്നതെന്ന് മസ്ക് പറഞ്ഞു. ഒരു തര്‍ക്കത്തിന്റെ എല്ലാ വശങ്ങളും നിങ്ങള്‍ കേള്‍ക്കും, കമ്മ്യൂണിറ്റി നോട്ട്സ് എല്ലാവരെയും തിരുത്തും, അതില്‍ നിന്ന് ആരെയും ഒഴിവാക്കാനാകില്ല-മസ്ക് ന്യായീകരിച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു പീറ്റര്‍ നവാരോയുടെ ഫ്ളാഗ് ചെയ്യപ്പെട്ട പോസ്റ്റ്. യുക്രൈന് യുദ്ധം മുതലാക്കി കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ഇന്ത്യ ലാഭം കൊയ്യുകയാണെന്നും 2022-ല്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നില്ലെന്നുമാണ് നവാരോ പോസ്റ്റില്‍ ആരോപിച്ചിരുന്നത്. ഇന്ത്യയുടെ നടപടി മൂലം അമേരിക്കയില്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും നവാരോ കുറ്റപ്പെടുത്തി.
എന്നാല്‍ നവാരോയുടെ പോസ്റ്റിന് പിന്നാലെ കമ്മ്യൂണിറ്റി നോട്ട്സ് ഉപയോക്താക്കള്‍ അദ്ദേഹത്തെ തിരുത്തി രംഗത്തെത്തി. ഇന്ത്യയുടെ എണ്ണ ഇറക്കുമതി അവരുടെ ഊര്‍ജ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണെന്നും യുക്രൈന് യുദ്ധം ആരംഭിച്ചതിന് ശേഷവും അമേരിക്കയും റഷ്യയില്‍ നിന്ന് വളവും യുറേനിയവും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
x-ന്റെ വസ്തുതാപരിശോധന സംവിധാനമായ കമ്മ്യൂണിറ്റി നോട്ട്സ് സുതാര്യതയും ഉദ്ദേശശുദ്ധിയും ഉറപ്പാക്കുന്നതിനുള്ളതാണെന്നാണ് മസ്ക് തന്റെ x അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. അതില്‍ നിന്നും പീറ്റര്‍ നവാരോയെ പോലെ സ്വാധീനമുള്ള വ്യക്തികള്‍ക്ക് പോലും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറയുന്നു.
പീറ്റര്‍ നവാരോയും ഇലോണ്‍ മസ്കും ഇതിന് മുമ്പും പലതവണ കൊമ്പുകോര്‍ത്തിട്ടുണ്ട്.