കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളിലൊന്ന് ഇ-കൊമേഴ്സ് മേഖലയുടെ ജനകീയവല്ക്കരണമായിരുന്നു. വളര്‍ന്നുകൊണ്ടിരുന്ന ഓണ്‍ലൈന്‍ ബിസിനസ് രംഗം കോവിഡിനെത്തുടര്‍ന്ന് അതിവേഗത്തില്‍ കുതിച്ചു. അതോടു കൂടി പുതിയ നോര്‍മലായി മാറി ഓണ്‍ലൈന്‍ ഷോപ്പിംഗ്. അടുത്തിടെ റെഡ്സീര്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നത് 2026 ആകുമ്പോഴേക്കും 163 ബില്യണ്‍ ഡോളറിലേക്ക് ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗം വളരുമെന്നാണ്.

2022ല്‍ 63 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗം. ഇതാണ് മൂന്ന് മടങ്ങ് വളര്‍ന്ന് 163 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രോസറി പോലുള്ള വിഭാഗങ്ങളിലെ മൊത്തം വില്‍പ്പനയില്‍ 25 ശതമാനവും ഓണ്‍ലൈനായി മാറുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സസ്, ഫാഷന്‍ ആന്‍ഡ് ഹോം, ഗ്രോസറി ആന്‍ഡ് പേഴ്സണല്‍ കെയര്‍ തുടങ്ങിയ മേഖലകളില്‍ വലിയ വളര്‍ച്ചയാകും ഓണ്‍ലൈന്‍ സെയ്ല്സിനുണ്ടാകുക.


1 ട്രില്യണ്‍ തൊടും
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മൊത്തം ഇ-കൊമേഴ്സ് വിപണി ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് സമീപകാലത്ത് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിള്‍, ബെയിന്‍, ടെമാസെക് തുടങ്ങിയ സ്ഥാപനങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫിന്‍ടെക്, സാസ്, ബി2സി, ബി2ബി തുടങ്ങി എല്ലാ വിഭാഗങ്ങളും ചേര്‍ന്ന വിപണിയുടെ വലുപ്പമാണ് ഒരു ട്രില്യണ്‍ ഡോളറിലെത്തുക. സ്വകാര്യ ഉപഭോഗത്തിലെ വലിയ വര്‍ധനയാണ് ഇത്തരമൊരു വളര്‍ച്ച മേഖലയിലുണ്ടാക്കുക.

ഇന്റര്‍നെറ്റ് ഇക്കോണമി
ഇന്ത്യയിലെ ഇന്റര്‍നെറ്റ് കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയാണ് ഇ-കൊമേഴ്സിനും കുതിപ്പേകുന്നത്. 2022ലെ കണക്കനുസരിച്ച് 175 ബില്യണ്‍ ഡോളര്‍ വരുന്നതാണ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഇക്കോണമി. 2030 ആകുമ്പോഴേക്കും ആറ് മടങ്ങ് വളര്‍ന്ന് ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിലെ ഭൂരിഭാഗം ഇടപാടുകളും ഡിജിറ്റലായിരിക്കുമെന്നതാണ് ഇതിന് കാരണം.
ബി2സി ഇ-കൊമേഴ്സിലും അതിവേഗവളര്ച്ചയാണുണ്ടാകുക. 2030 ആകുമ്പോഴേക്കും 380 ബില്യണ്‍ ഡോളറിലേക്ക് ബിസിനസ് റ്റു കസ്റ്റമേഴ്സ് ഇ-കൊമേഴ്സ് രംഗമെത്തും. 2022ല്‍ ഇത് 65 ബില്യണ്‍ ഡോളറിന്റേത് മാത്രമായിരുന്നു. ബി2ബി ഇ-കൊമേഴ്സ് രംഗം 14 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി 2030ല്‍ 120 ബില്യണ്‍ ഡോളറിലെത്തും. 2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്സ് വിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസിനെ വരെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കരുതുന്നത്.