വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ ശേഷികള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ആഗോള ടെക് കമ്പനികളുമായി കൈകോര്‍ക്കുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഭാരത് രത്ന ഭീം റാവു അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ സ്കില്ലിംഗ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനായി എറിക്സണ്, ക്വാല്‍കോം, സിസ്കോ, നോക്കിയ തുടങ്ങിയ കമ്പനികളുമായി ബിഎസ്എന്‍എല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര ആശയവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപനം നടന്നത്.
പ്രതിവര്‍ഷം രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് 5G, AI, മെഷീന് ലേണിംഗ്, നെറ്റ്വര്ക്കിംഗ്, സൈബര്‍ സെക്യൂരിറ്റി ഉള്‍പ്പടെയുള്ള ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്ലോബല്‍ എറിക്സണ് എജ്യൂക്കേറ്റ് പ്ലാറ്റ്ഫോമിലൂടെയായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭ്യമാക്കുക. ഇന്ന് ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ലോകത്തിലെ 50 ശതമാനത്തിനടുത്ത് മനുഷ്യവിഭവം ഇന്ത്യയിലാണ് ഉള്ളതെന്നും അവസരങ്ങളെയാണ് രാജ്യം പ്രതിനിധാനം ചെയ്യുന്നതെന്നും പദ്ധതി പ്രഖ്യാപന വേളയില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനും പദ്ധതിയുടെ ഭാഗമായി ശ്രമിക്കും. ഈ നാല് കമ്പനികളെ കൂടാതെ ടിസിഎസ്, തേജസ് നെറ്റ്വര്‍ക്ക്സ് തുടങ്ങിയ കമ്പനികളും സര്‍ക്കാരിനൊപ്പം സമാന പദ്ധതികളുടെ ഭാഗമായേക്കുമെന്നും മന്ത്രി സൂചന നല്കി. ഭാരത് രത്ന ഭീം റാവു അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലികോം ഇന്നവേഷന്‍, റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കാനുള്ള ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ കൂട്ടുകെട്ട്. ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളുമായി ഒത്തുപോകുന്ന തരത്തില്‍ ടെലികോം റിസര്‍ച്ച്, ഡെവലപ്മെന്റ്, പ്രോഡക്ട് ഇന്നവേഷന്‍, സംരംഭകത്വം എന്നിവയാണ് ഈ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.