ആപ്പിള്‍ ഫോണുകളുടെ ഉല്‍പ്പാദനം യുഎസില്‍ നടത്തണമെന്നാണ് രണ്ടുമാസം മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കട്ടെയെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനയില്‍ നിന്ന് ഐഫോണ്‍ ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ടിം കുക്കിന്റെ പദ്ധതി അത്ര രസിക്കാത്ത മട്ടിലായിരുന്നു പ്രതികരണം. പിന്നീട് ഇന്ത്യക്ക് മേലുള്ള താരിഫ് ഉയര്‍ത്തി ട്രംപ് പരസ്യമായ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങി.
എന്നാല്‍ ട്രംപിന്റെ ക്രോധം കണ്ടിട്ടൊന്നും ആപ്പിളിന് കുലുക്കമില്ല. ഇന്ത്യയിലെ ആപ്പിള്‍ ഫോണുകളുടെ നിര്‍മാണം വര്‍ധിപ്പിക്കുകയാണ് തായ്വാന് ആസ്ഥാനമായ കരാര്‍ കമ്പനിയായ ഫോക്സ്കോണ്‍. ബെംഗളൂരുവില്‍ 25000 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിച്ച ഫോക്സ്കോണിന്റെ ഫാക്ടറിയില്‍ ആപ്പിള്‍ ഐഫോണ്‍ 17 ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ചൈനയുടെ പുറത്ത് ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ യൂണിറ്റാണിത്.
ചൈനയുടെ പാര
ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാവാണ് ഫോക്സ്കോണ്‍. കമ്പനിയുടെ ചെന്നൈയിലെ നിര്‍മ്മാണ യൂണിറ്റില്‍ നേരത്തെ തന്നെ ഐഫോണ്‍ 17 ഉല്പാദനം ആരംഭിച്ചിരുന്നു. ചൈനയില്‍ നിന്നാണ് ഈ ഫോണുകളുടെ ഘടകങ്ങള്‍ എത്തിക്കുന്നത്. ചൈനീസ് വിദഗ്ധന്മാരും എഞ്ചിനീയര്‍മാരുമായിരുന്നു ഈ പ്ലാന്റുകളില്‍ ആപ്പിള്‍ ഫോണുകളുടെ ഉല്‍പ്പാദനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അപ്രതീക്ഷിതമായി ചൈനീസ് പൗരന്മാരെയെല്ലാം ചൈന ഇവിടങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്‍വലിച്ചു. ഫോണുകളുടെ ഉല്‍പ്പാദനം തടസപ്പെടുത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്. തായ്വാനില് നിന്നടക്കം വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാണ് ഫോക്സ്കോണ്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടിരിക്കുന്നത്.
കൂടുതല്‍ ഐഫോണുകള്‍
മാര്‍ച്ചില്‍ അവസാനിച്ച 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 35-40 ദശലക്ഷം യൂണിറ്റ് ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിച്ചത്. കമ്പനി വിപണിയിലെത്തിച്ച ഏകദേശം 22 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണുകളില്‍ 60% ല്‍ ഏറെ ഇന്ത്യയിലാണ് അസംബിള്‍ ചെയ്തത്. 2025 ല്‍ 60 ദശലക്ഷം യൂണിറ്റായി ഐഫോണ്‍ ഉത്പാദനം ഉയര്‍ത്താന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നു. 2025 ജൂണില്‍ യുഎസില്‍ വിറ്റഴിച്ച ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ അസംബിള്‍ ചെയ്തതാണെന്ന് കമ്പനിയുടെ ഫല പ്രഖ്യാപനത്തിന് ശേഷം ടിം കുക്ക് പറഞ്ഞിരുന്നു.
ആഗോളതലത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ 20% ഉല്‍പ്പാദനം ഇന്ന് ഇന്ത്യയിലാണ് നടക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിലെ 14% ല്‍ നിന്നാണ് ഈ കുതിപ്പ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഭൂരിഭാഗം ആപ്പിള്‍ ഫോണുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് ഇത് വിരല്‍ചൂണ്ടുന്നത്. ആപ്പിളിന്റെ ഇന്ത്യ അനുകൂല നയവും ഇതിന് പ്രേരണയാണ്. യുഎസാണ് പ്രധാന വിപണിയെങ്കിലും ഭാവിയില്‍ വലിയ സാധ്യതയുള്ള വിപണിയായി ഇന്ത്യയെ ആപ്പിള്‍ കാണുന്നുമുണ്ട്.
എന്തുകൊണ്ട് ഇന്ത്യ?
ചൈനയില്‍ മാത്രം ഉല്‍പ്പാദനം കേന്ദ്രീകരിച്ചതിന്റെ വിഷമതകള്‍ ആദ്യം കോവിഡ്19 സമയത്തും പിന്നീട് യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമായപ്പോഴും ആപ്പിള്‍ അനുഭവിച്ചു. ചൈനക്ക് പുറത്ത് മറ്റൊരു ശക്തമായ ബദല്‍ ഉല്‍പ്പാദന കേന്ദ്രം തേടിയ ആപ്പിളിനെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഏറെ ആകര്‍ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി വാഗ്ദാനം ചെയ്ത നികുതി ഇളവുകളും സബ്സിഡികളും ഇതിന് കൂടുതല്‍ പ്രേരകമായി. ആപ്പിളിന്റെ നിര്‍മാണ പങ്കാളികളായ ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവയ്ക്ക് ഈ സ്കീമിന്റെ പ്രയോജനം മികച്ച രീതിയില്‍ ലഭിച്ചു.
ചൈന കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. സാമ്പത്തിക വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യയില്‍ മികച്ച ഒരു ആഭ്യന്തര വിപണി ആപ്പിള്‍ സ്വപ്നം കാണുന്നുണ്ട്. പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുകയുമാണ്. എന്നിരുന്നാലും ഇപ്പോള്‍ കയറ്റുമതിക്ക് തന്നെയാണ് മുന്‍ഗണന. ചെന്നൈ, ബെംഗളൂരു, ശ്രീപെരുമ്പത്തൂര്‍ പ്ലാന്റുകള്‍ കയറ്റുമതി ഹബ്ബുകളായി മാറിയിട്ടുണ്ട്.
നൈപുണ്യമുള്ള ധാരാളം ജീവനക്കാരെ താരതമ്യേന കുറഞ്ഞ വേതനത്തില്‍ നിയമിക്കാന്‍ സാധിക്കുന്നെന്നതാണ് ആപ്പിളിന് ഇന്ത്യയിലുള്ള ഒരു നേട്ടം. ഇത് ഉല്‍പ്പാദന ചെലവില്‍ വലിയ കുറവ് വരുത്തുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ആപ്പിളിനെ സ്വാഗതം ചെയ്യുകയാണ്.