ഒരു മരം നൂറ് മക്കൾക്ക് സമമാണെന്നാണ് പറയപ്പെടുന്നത്. മരമില്ലാത്ത മരുഭൂമിയായി ഒരു നാട് മാറുകയെന്നാൽ വികസനം പിന്നോട്ടടിക്കുന്ന അവസ്ഥയാണ് ഉണ്ടാകുക. ബിസിനസ് വളർച്ച പോലെ തന്നെ പ്രധാനമാണ് പ്രകൃതി സംരക്ഷണമെന്ന് കർമം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ദീർഘവീക്ഷണമുള്ള സംരഭകരിലൊരാളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആയ ആനന്ദ് മഹീന്ദ്ര. തികഞ്ഞ പ്രകൃതി സ്നേഹിയായ ആനന്ദ് , 2007 ൽ തുടക്കം കുറിച്ച പ്രോജക്റ്റ് മഹീന്ദ്ര ഹരിയാലി വഴി രാജ്യത്ത് നട്ട് പരിപാലിക്കുന്നത് ഏകദേശം 25 ദശലക്ഷം മരങ്ങളാണ്.
സാമ്പത്തിക വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായികളിൽ നിന്നും വ്യത്യസ്തമായി, പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. മരങ്ങളോടുള്ള ആനന്ദ് മഹീന്ദ്രയുടെ അതിയായ സ്നേഹവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും ഇന്ത്യയിലെ ഏറ്റവും മികച്ച കോർപ്പറേറ്റ് സുസ്ഥിരതാ പ്രസ്ഥാനങ്ങളിലൊന്നായ പ്രോജക്റ്റ് ഹരിയാലിയുടെ പിറവിക്ക് കാരണമായി മാറി.
ആനന്ദ് മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം, മരങ്ങൾ വെറും സസ്യങ്ങളല്ല . അവ ഭാവി തലമുറകൾക്കുള്ള ജീവനുള്ള നിക്ഷേപങ്ങളാണ്. വാഹന നിർമാതാവ് എന്ന നിലയിൽ, നിരത്തിലെത്തുന്ന ഓരോ വാഹനവും ഉണ്ടാക്കുന്ന കാർബൺ എമിഷൻ എത്രയെന്ന ധാരണ അദ്ദേഹത്തിനുണ്ട്. അതിനാൽ തന്നെ ആവശ്യമായ ഓക്സിജൻ പ്രധാനം ചെയ്യത്തക്ക രീതിയിൽ മരങ്ങളെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ആനന്ദ് കരുതുന്നു.
പരിസ്ഥിതി സംരക്ഷണം, വൃക്ഷത്തൈ നടൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയെകുറിച്ചെല്ലാം മികച്ച രീതിയിൽ സംസാരിക്കുന്ന ആനന്ദ് മഹീന്ദ്ര, ഇന്ത്യയുടെ കോർപ്പറേറ്റ് വളർച്ച പാരിസ്ഥിതിക ഉത്തരവാദിത്തവുമായി ബന്ധിപ്പിച്ചുകൊണ്ടാകണം എന്ന് പറയുന്നു.
അടുത്തറിയാം പ്രോജക്റ്റ് ഹരിയാലി
മരങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രാഥമിക ലക്ഷ്യമായി കണ്ട് 2007 ൽ ആനന്ദ് മഹീന്ദ്ര ആരംഭിച്ച പ്രോജക്റ്റ് ഹരിയാലി എല്ലാ വർഷവും പത്ത് ലക്ഷം മരങ്ങൾ നടുക എന്ന വലിയ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. വളരെ ലളിതമായ ഒരു തുടക്കത്തിലൂടെ കാലാന്തരത്തിൽ വനവൽക്കരണത്തിനും കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾക്കുമുള്ള രാജ്യവ്യാപകമായ ഒരു പ്രസ്ഥാനമായി പ്രോജക്റ്റ് ഹരിയാലിയെ മാറ്റുക എന്നതാണ് ആനന്ദ് ലക്ഷ്യമിടുന്നത്.
ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനായി തദ്ദേശീയ വൃക്ഷ ഇനങ്ങൾ നട്ടുപിടിപ്പിക്കുക, കാർബൺ എമിഷൻ കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഭൂമിയുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ ഗോത്ര, ഗ്രാമീണ സമൂഹങ്ങളിലെ കാർഷിക ജീവനത്തെയും ജീവിതശൈലിയെയും പിന്തുണയ്ക്കുക, പ്ലാന്റേഷൻ ഡ്രൈവുകളിൽ ജീവനക്കാരെയും എൻജിഒകളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രോജക്റ്റ് ഹരിയാലി നേതൃത്വം നൽകുന്നത്.
നട്ടത് 25 ദശലക്ഷം മരങ്ങൾ !
2007 ൽ തുടക്കം കുറിച്ച ശേഷം, 2025 വരെ ഇന്ത്യയിലുടനീളം 25 ദശലക്ഷത്തിലധികം മരങ്ങൾ പ്രോജക്റ്റ് ഹരിയാലി നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വലിയ തോതിലുള്ള തോട്ടങ്ങൾ ഇതിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞു. ഈ പ്രവർത്തിയിലൂടെ പ്രതിവർഷം 150 കിലോടണ്ണിലധികം കാർബൺ എമിഷൻ തടയാൻ ആൻഡ് മഹീന്ദ്രയുടെ ദീര്ഘവീക്ഷണത്തിന് കഴിഞ്ഞിട്ടുണ്ട്.2026 സാമ്പത്തിക വർഷത്തോടെ എല്ലാ വർഷവും 5 ദശലക്ഷം മരങ്ങൾ നടുക എന്നതാണ് പ്രോജക്റ്റ് ഹരിയാലി ലക്ഷ്യമിടുന്നത്.
അരക്കു താഴ്വര, തരിശ് ഭൂമിയിൽ തീർത്ത പച്ചപ്പ്
പ്രോജക്റ്റ് ഹരിയാലി വഴി എല്ലാ അർത്ഥത്തിലും പച്ച പിടിച്ച പ്രദേശമാണ് ആന്ധ്രപ്രദേശിലെ അരക്കു താഴ്വര. ഒരുകാലത്ത് തരിശായി കിടന്ന കുന്നിൻ പ്രദേശങ്ങൾ ഇപ്പോൾ പച്ചപ്പ് നിറഞ്ഞ വനങ്ങളാണ്. കാപ്പിത്തോട്ടങ്ങളും പഴത്തോട്ടങ്ങളുമാണ് പ്രോജക്റ്റ് ഹരിയാലി വഴി ഇവിടെ തഴച്ചു വളർന്നത്. കുറഞ്ഞ വരുമാനവുമായി ബുദ്ധിമുട്ടുന്ന കർഷകർ ഇപ്പോൾ ജൈവ കാപ്പി, പഴങ്ങൾ, ഹരിയാലി മരങ്ങളുടെ തണലിൽ വളർത്തുന്ന ഇടവിളകൾ എന്നിവയിലൂടെ മികച്ച ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു. ഈ പദ്ധതി ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുക മാത്രമല്ല, ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു.
ലക്ഷ്യം സുസ്ഥിര വളർച്ച, മാർഗം കാട്ടി ആനന്ദ് മഹീന്ദ്ര
ഒരു രാജ്യത്തിന്റെ യഥാർത്ഥ വളർച്ച സുസ്ഥിര വളർച്ചയാണെന്ന് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെടുന്നു . മരങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും മഹീന്ദ്ര ഗ്രൂപ്പിന്റെ ബിസിനസ്സു സ്ട്രാറ്റജിയിൽ സ്ഥിരത നെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും പ്രോജക്റ്റ് ഹരിയാലിയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഹരിത സംരംഭങ്ങളിലൊന്നാക്കി മാറ്റി.ഇതിലൂടെ കോർപ്പറേറ്റുകൾക്ക് പാരിസ്ഥിതിക നവീകരണത്തിന്റെ വക്താക്കളാകാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.ബിസിനസും പ്രകൃതിയും എങ്ങനെ ഒരുമിച്ച് വളരുമെന്നതിന്റെ മികവാർന്ന ഉദാഹരണമാണ് പ്രോജക്റ്റ് ഹരിയാലി.