കേരളത്തിൽ വിനോദ വ്യവസായം ഒരു സംഘടിത ബിസിനസ് മേഖലയായി പോലും കണക്കാക്കപ്പെടാത്ത കാലത്ത്, അതിരപ്പിള്ളിയുടെ മണ്ണിൽ ഒരു സ്വപ്നം വിരിഞ്ഞു. ചാലക്കുടിപുഴയുടെ മടിത്തട്ടിൽ ,അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സമീപത്തായി കേരളത്തിലെ ആദ്യകാല വാട്ടർ തീം പാർക്കുകളിൽ ഒന്നായി സിൽവർ സ്റ്റോം പ്രവർത്തനമാരംഭിച്ചു.ഷാലിമാർ അന്തരത്തറ ഇബ്രാഹിം എന്ന ധീഷണാശാലിയായ സംരംഭകൻ യാഥാർത്ഥ്യമാക്കിയ ആ സ്വപ്നം ഇന്ന്, 26 വർഷങ്ങൾക്കിപ്പുറം ലക്ഷക്കണക്കിന് സന്ദർശകരുടെ ഓർമ്മകളിലും കേരള ടൂറിസത്തിന്റെ ചരിത്രത്തിലും ഇന്ത്യയുടെ എന്റർടൈൻമെന്റ് ഭൂപടത്തിലുമുള്ള ഒരു മുൻനിര ബ്രാൻഡായി വളർന്നു കഴിഞ്ഞു.അതിരപ്പിള്ളിയിലെ ഒരു പ്രാദേശിക സംരംഭത്തിൽ നിന്ന് ഐപിഒ നടപടികൾ പൂർത്തിയാക്കി, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ചിറകുവിരിക്കാൻ ഒരുങ്ങുന്ന സിൽവർ സ്റ്റോം റിസ്ക് എടുക്കാനുള്ള ധൈര്യത്തിന്റെയും നിരന്തര നവീകരണത്തിന്റെയും കഥയാണ്.ദേശീയതല വളർച്ചയിലേക്ക് കുതിക്കുന്ന സിൽവർ സ്റ്റോമിന്റെ കാൽനൂറ്റാണ്ട്, കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംരംഭക വിജയഗാഥകളിലൊന്നാണ്.
- ഒരു സ്വപ്നത്തിന്റെ തുടക്കം
- അതിരപ്പിള്ളി: വിജയത്തിന്റെ ഭൗമശാസ്ത്രം
- അനുഭവങ്ങൾ വിൽക്കുന്ന ബ്രാൻഡ് !
- വളർച്ചയുടെ വർഷങ്ങൾ, വ്യക്തമായ ലക്ഷ്യം
- സ്നോ സ്റ്റോം: കേരളത്തിൽ മഞ്ഞിന്റെ വിസ്മയം
- പ്രതിസന്ധികളെ അതിജീവിച്ച മനക്കരുത്ത്
- സ്കൈ സ്റ്റോം: തുറക്കുന്നത് ആകാശക്കാഴ്ചയുടെ പുതിയ ലോകം
- ജംഗിൾ സ്റ്റോം: പ്രകൃതിയോടൊപ്പം ഒരു ദിവസം
- ഐപിഒ: ദേശീയ വളർച്ചയിലേക്കുള്ള ചുവടുവെപ്പ്
- ഷാലിമാർ: ദീർഘവീക്ഷണമുള്ള സംരംഭകൻ
- ഭാവി പദ്ധതികൾ അനേകം
- English Summary

‘ദൈവത്തിന്റെ സ്വന്തം നാട്’ , ലോക വിനോദസഞ്ചാര ഭൂപടത്തിൽ പ്രകൃതിസൗന്ദര്യം കൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ കേരളത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഈ രംഗത്ത് കേരളത്തിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ പ്രകൃതിസൗന്ദര്യത്തിനൊപ്പം സംരംഭകത്വത്തിന്റെ ശക്തിയും എടുത്തുപറയേണ്ടതുണ്ട്. അതിൽ മുന്നിലാണ് തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയോട് ചേർന്ന് കിടക്കുന്ന സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്. ഷാലിമാർ അന്തരത്തറ ഇബ്രാഹിം എന്ന ദീർഘദർശിയായ സംരംഭകൻ സ്വപ്നം കണ്ടതുപോലെ, ഓരോ വിനോദസഞ്ചാരികൾക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കാൻ സിൽവർ സ്റ്റോമിന് സാധിച്ചു.
അതിരപ്പിള്ളിയുടെ മനോഹാരിതയെ ലോകോത്തര വിനോദാനുഭവങ്ങളുമായി സമന്വയിപ്പിച്ച് ഒരു പുതിയ ടൂറിസം മാതൃക സൃഷ്ടിച്ച സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ഈ രംഗത്ത് 26 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ദീർഘവീക്ഷണവും ധൈര്യവും നിരന്തരമായ നവീകരണവും കൊണ്ട് എങ്ങനെ ഒരു ബ്രാൻഡ് രൂപപ്പെടുന്നു എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സിൽവർ സ്റ്റോം. ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് സിൽവർ സ്റ്റോം.
വാട്ടർ റൈഡുകൾ, ഫാമിലി എന്റർടൈൻമെന്റ്, സ്നോ പാർക്ക്, കേബിൾ കാർ, ജംഗിൾ അനുഭവങ്ങൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ എത്തിച്ചുകൊണ്ട് സിൽവർ സ്റ്റോം ഇന്ന് ഒരു സമ്പൂർണ ടൂറിസം ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. എന്നാൽ ഈ വിജയത്തിന്റെ പിന്നിൽ വർഷങ്ങളായുള്ള കഠിനാധ്വാനവും റിസ്ക് എടുക്കാനുള്ള ധൈര്യവും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ഒരു മാനേജ്മെന്റിന്റെ കഥയുമുണ്ട്.
ഒരു സ്വപ്നത്തിന്റെ തുടക്കം
1990-കളുടെ അവസാന കാലഘട്ടത്തിൽ കേരളത്തിൽ വിനോദസഞ്ചാര വ്യവസായം ഇന്നത്തെ പോലെ വികസിച്ചിരുന്നില്ല. കുടുംബങ്ങൾക്കായി ഒരു മുഴുവൻ ദിവസം ചെലവഴിക്കാവുന്ന ആധുനിക തീം പാർക്കുകൾ സംസ്ഥാനത്ത് വിരളമായിരുന്നു. അത്തരം സാഹചര്യത്തിലാണ് സിൽവർ സ്റ്റോമിന്റെ അടിസ്ഥാന ആശയം രൂപംകൊള്ളുന്നത്. ചെറുപ്പം മുതൽക്ക് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു സിൽവർ സ്റ്റോമിന്റെ അമരക്കാരനായ ഷാലിമാർ അന്തരത്തറ ഇബ്രാഹിം. വളരെ ചെറിയ പ്രായത്തിൽ തുടങ്ങിയ റബർ ഫാക്റ്ററി വിജയത്തിലെത്തിച്ച അദ്ദേഹം, തുടർന്ന് തീർത്തും വ്യത്യസ്തമായ ഒരു മേഖലയിൽ നിക്ഷേപം കൊണ്ടുവരാൻ ആഗ്രഹിച്ചതിന്റെ പ്രതിഫലനമാണ് സിൽവർ സ്റ്റോം.
കേരളം അന്നുവരെ പരിചയിക്കാത്തൊരു സംരംഭകത്വ ആശയവുമായി ഷാലിമാർ വനനപ്പോൾ, ആ യാത്ര ഒട്ടും സുഖകരമല്ലായിരുന്നു. വാട്ടർ തീം പാർക്കിനായുള്ള സ്ഥലം കണ്ടെത്തുക , നിർമാണാനുമതി ലഭിക്കുക തുടങ്ങിയ കാര്യങ്ങൾക്കൊക്കെയായി ഒരുപാട് കടമ്പകൾ കടക്കേണ്ടതായി വന്നു. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് തരണം ചെയ്താണ് ഷാലിമാർ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
1998 ഒക്ടോബർ 7-ന് സിൽവർ സ്റ്റോം എന്ന കമ്പനി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ സമയത്ത് ഈ മേഖലയെ ഒരു ഹൈ-റിസ്ക് ഇൻഡസ്ട്രിയായാണ് പലരും കണ്ടിരുന്നത്. വലിയ നിക്ഷേപം ആവശ്യമാണ്, നിക്ഷേപം തിരിച്ചുകിട്ടാൻ വർഷങ്ങൾ കാത്തിരിക്കണം, കാലാവസ്ഥ, ടൂറിസം ട്രെൻഡുകൾ, ഉപഭോക്തൃ സ്വഭാവം തുടങ്ങി നിരവധി ഘടകങ്ങൾ വിജയത്തെ സ്വാധീനിക്കുന്ന മേഖലയായിരുന്നു അത്. എന്നാൽ ആ റിസ്ക് ഏറ്റെടുക്കാൻ ഷാലിമാർ തയ്യാറായിരുന്നു.മറ്റ് മാനേജ്മെന്റ് അംഗങ്ങൾ ആദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് പൂർണപിന്തുണ നൽകി.
” കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വളർച്ച തിരിച്ചറിഞ്ഞിരുന്നു എന്നതാണ് വാട്ടർ തീം പാർക്കെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ എന്നെ പ്രേരിപ്പിച്ചത്. സ്ഥിരം പോയിരുന്ന ടൂറിസം കേന്ദ്രങ്ങളോട് യാത്രികർക്ക് ഒരു വിരക്തി വന്നു തുടങ്ങിയിരുന്നു. പ്രകൃതി ഭംഗിക്ക് ഒപ്പം , രസകരമായ എന്തെങ്കിലും കൂടിയുണ്ടെങ്കിൽ അത് യാത്രികരെ ആകർഷിക്കും. ഒപ്പം കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള പാർക്കിന് വലിയ സാധ്യതയുണ്ടെന്ന കാഴ്ചപ്പാടിലാണ് സിൽവർ സ്റ്റോം ആരംഭിക്കുന്നത്. ആ ചിന്ത വിജയം കാണുകയും ചെയ്തു.” സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് മാനേജിംഗ് ഡയറക്റ്റർ ഷാലിമാർ അന്തരത്തറ ഇബ്രാഹിം തുടക്കകാലം ഓർത്തെടുക്കുന്നു.
രണ്ട് വർഷം നീണ്ടുനിന്ന കൃത്യമായ പ്ലാനിംഗ്, ഇൻഫ്രാസ്ട്രക്ചർ വികസനം, സാങ്കേതിക സംവിധാനങ്ങളുടെ ഒരുക്കം എന്നിവയ്ക്കുശേഷം 2000 ഓഗസ്റ്റ് 5-ന് സിൽവർ സ്റ്റോം പൊതുജനങ്ങൾക്കായി തുറന്നു. അക്കാലത്ത് കേരളത്തിൽ ഒരു വാട്ടർ തീം പാർക്ക് ആരംഭിക്കുക എന്നത് വെറും ബിസിനസ് തീരുമാനം മാത്രമായിരുന്നില്ല; അത് ഒരു പുതിയ വ്യവസായ മേഖലയിലേക്ക് എടുത്ത ധീരമായ ചുവടുവെപ്പായിരുന്നു.

അതിരപ്പിള്ളി: വിജയത്തിന്റെ ഭൗമശാസ്ത്രം
സിൽവർ സ്റ്റോമിന്റെ വളർച്ചയിൽ ഏറ്റവും നിർണായക പങ്കുവഹിച്ച ഘടകങ്ങളിലൊന്നാണ് അതിന്റെ ലൊക്കേഷൻ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയുടെ പ്രവേശന കവാടത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പതഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ ഈ പ്രദേശത്തിന് വർഷംതോറും ലക്ഷക്കണക്കിന് ആളുകൾ അതിരപ്പിള്ളി സന്ദർശിക്കുന്നു. ഈ സ്വാഭാവിക ടൂറിസ്റ്റ് പ്രവാഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് സിൽവർ സ്റ്റോമിന്റെ സ്ഥാനം തിരഞ്ഞെടുക്കപ്പെട്ടത്.
ഇത് ഒരു സാധാരണ ലൊക്കേഷൻ തിരഞ്ഞെടുപ്പായിരുന്നില്ല; കൃത്യമായ ടൂറിസം സ്ട്രാറ്റജിയായിരുന്നു. അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ മേഖലകളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയുടെ ഭാഗമായിത്തന്നെ സിൽവർ സ്റ്റോം മാറി. പിന്നീട് റോഡ് വികസനവും കണക്റ്റിവിറ്റിയും വർധിച്ചതോടെ പാർക്കിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമായി. ഈ ലൊക്കേഷൻ അഡ്വാന്റേജ് സിൽവർ സ്റ്റോമിനെ കേരളത്തിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വിനോദ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റി.
അനുഭവങ്ങൾ വിൽക്കുന്ന ബ്രാൻഡ് !
സിൽവർ സ്റ്റോമിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു പ്രധാന കാര്യം അതിന്റെ ബ്രാൻഡിംഗ് സമീപനമാണ്. പരസ്യങ്ങളിലൂടെ വിജയിച്ച ഒരു ബ്രാന്ഡല്ല ഇത്. പല തീം പാർക്കുകളും റൈഡുകളെ കേന്ദ്രീകരിച്ചാണ് വളരുന്നത്. എന്നാൽ സിൽവർ സ്റ്റോം അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് വളർന്നത്.
“ഞങ്ങൾ ഒരു വാട്ടർ പാർക്ക് മാത്രം നിർമ്മിക്കാനല്ല ശ്രമിച്ചത്. കുടുംബങ്ങൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ നൽകുന്ന ഒരു ഡെസ്റ്റിനേഷൻ സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.അതിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു.”, മാനേജിംഗ് ഡയറക്ടർ, ഷാലിമാർ അന്തരത്തറ ഇബ്രാഹിം വ്യക്തമാക്കുന്നു.
കുട്ടികൾക്കായി പ്രത്യേക റൈഡുകൾ, കുടുംബങ്ങൾക്ക് സുരക്ഷിതമായ വിനോദങ്ങൾ, യുവാക്കൾക്കായി സാഹസിക അനുഭവങ്ങൾ , മുതിർന്നവർക്കായി വിശ്രമവും പ്രകൃതിയും അങ്ങനെ എല്ലാ പ്രായക്കാർക്കും എന്തെങ്കിലും നൽകുന്ന രീതിയിലാണ് പാർക്ക് വികസിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല, സ്കൂളുകൾക്കും കോളേജുകൾക്കുമായി പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചതും വലിയ വിജയമായി. വിനോദത്തോടൊപ്പം പഠനവും സാമൂഹിക ഇടപെടലും സാധ്യമാക്കുന്ന രീതിയിലുള്ള ഈ പദ്ധതികൾ വിദ്യാർത്ഥി ടൂറിസത്തെ ആകർഷിച്ചു.
കുടുംബ വിനോദത്തെ കേന്ദ്രീകരിച്ച ബ്രാൻഡ് എന്ന നിലയിൽ സിൽവർ സ്റ്റോം ശക്തമായ സ്ഥാനം ഉറപ്പിച്ചു.
വളർച്ചയുടെ വർഷങ്ങൾ, വ്യക്തമായ ലക്ഷ്യം
2000 മുതൽ 2015 വരെയുള്ള കാലഘട്ടം സിൽവർ സ്റ്റോമിന്റെ സ്ഥിരതയാർന്ന വളർച്ചയുടെ കാലമായിരുന്നു. ഈ കാലയളവിൽ പാർക്കിൽ നിരവധി പുതിയ റൈഡുകളും സൗകര്യങ്ങളും അവതരിപ്പിച്ചു. സന്ദർശകരുടെ പ്രതീക്ഷകൾ മാറുന്നതിനനുസരിച്ച് പാർക്കും മാറി. ഓരോ വർഷവും പുതിയ വിനോദസഞ്ചാരാനുഭവങ്ങൾ ചേർക്കുക എന്ന നയം കമ്പനി പിന്തുടർന്നു. സുരക്ഷ, ശുചിത്വം, സേവന നിലവാരം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നേറുകയായിരുന്നു മാനേജ്മെന്റ്. ഇതിന്റെ ഫലമായി കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണം വർധിച്ചു.
സിൽവർ സ്റ്റോം ഒരു പ്രാദേശിക ബ്രാൻഡിൽ നിന്ന് ദക്ഷിണേന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിത്തുടങ്ങി.

സ്നോ സ്റ്റോം: കേരളത്തിൽ മഞ്ഞിന്റെ വിസ്മയം
വ്യത്യസ്തങ്ങളായ കാലാവസ്ഥകൊണ്ട് അനുഗ്രഹീതമാണ് കേരളമെങ്കിലും മഞ്ഞു മൂടിയ മലനിരകൾ നമുക്കില്ല. അതിനാൽ തന്നെ പ്രാദേശിക യാത്രികർക്ക് അത്തരം അനുഭവങ്ങളുമില്ല. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് സിൽവർ സ്റ്റോം സ്നോ സ്റ്റോം ആരംഭിക്കുന്നത്.
2017-ൽ സിൽവർ സ്റ്റോം അവതരിപ്പിച്ച സ്നോ സ്റ്റോം പാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണങ്ങളിലൊന്നായിരുന്നു. കേരളത്തിലെ ആദ്യത്തെ ഇൻഡോർ സ്നോ പാർക്ക് എന്ന നിലയിൽ ഇത് വലിയ ശ്രദ്ധ നേടി. മൈനസ് 10 ഡിഗ്രി സെൽഷ്യസ് താപനിലയിൽ യഥാർത്ഥ മഞ്ഞ് അനുഭവം നൽകുന്ന ഈ സംരംഭം വിനോദ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു.
കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശത്ത് മഞ്ഞിന്റെ ലോകം സൃഷ്ടിക്കുക എന്നത് സാങ്കേതികമായും സാമ്പത്തികമായും വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ അതിനെ വിജയകരമായി നടപ്പിലാക്കാൻ സിൽവർ സ്റ്റോമിന് സാധിച്ചു.
“ആളുകൾക്ക് ഓരോ തവണയും പുതുമ നൽകണം. അവർ വീണ്ടും വരാൻ കാരണം ഉണ്ടാകണം. അതാണ് സ്നോ സ്റ്റോമിന്റെ ആശയത്തിന് പിന്നിൽ.സ്നോ സ്റ്റോമിന്റെ വരവോടെ സിൽവർ സ്റ്റോം ഒരു വാട്ടർ പാർക്കിൽ നിന്ന് മൾട്ടി-എക്സ്പീരിയൻസ് ഡെസ്റ്റിനേഷനായി മാറി.” ഷാലിമാർ പറയുന്നു.
പ്രതിസന്ധികളെ അതിജീവിച്ച മനക്കരുത്ത്
2018-ലെ പ്രളയവും 2020-ലെ കോവിഡ് മഹാമാരിയും സിൽവർ സ്റ്റോമിന് വലിയ വെല്ലുവിളികളായിരുന്നു. കേരളത്തിന്റെ ടൂറിസം മേഖല മുഴുവൻ തളർന്ന കാലയളവായിരുന്നു അത്. സന്ദർശകർ ഇല്ല, വരുമാനം ഇല്ല, പക്ഷേ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും നിലനിർത്തേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ പല സ്ഥാപനങ്ങളും തകർന്നുവീണപ്പോൾ സിൽവർ സ്റ്റോം അതിജീവനത്തിന്റെ വഴി കണ്ടെത്തി. ഇക്കാലയളവിൽ മാനേജ്മെന്റ് ചെലവ് നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്തു.
“പ്രശ്നങ്ങൾ വരുമ്പോൾ അനാവശ്യമായി ടെൻഷൻ അടിച്ചിട്ട് കാര്യമില്ല. പ്രതിസന്ധികളെ കാരണം കണ്ടെത്തിയാൽ പരിഹാരവും കണ്ടെത്താം.” ഷാലിമാർ പറയുന്നു.
ഈ സമീപനമാണ് കോവിഡ് കാലത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് സാധ്യമാക്കിയത്.
സ്കൈ സ്റ്റോം: തുറക്കുന്നത് ആകാശക്കാഴ്ചയുടെ പുതിയ ലോകം
സിൽവർ സ്റ്റോമിന്റെ ഏറ്റവും പുതിയ അധ്യായങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സംരംഭമാണ് സ്കൈ സ്റ്റോം. പശ്ചിമഘട്ടത്തിന്റെ ഹരിതഭംഗിയും ചാലക്കുടിപ്പുഴയുടെ മനോഹാരിതയും ആകാശക്കാഴ്ചയിലൂടെ ആസ്വദിക്കാനുള്ള അവസരമാണ് ഈ കേബിൾ കാർ പദ്ധതി നൽകുന്നത്.
ഏകദേശം 40 മീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന കേബിൾ കാർ സന്ദർശകർക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്നു. സിംഗപ്പൂരിലെയും മലേഷ്യയിലെയും പ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലെ അനുഭവങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഇത് അതിരപ്പിള്ളി ടൂറിസത്തിന് ഒരു പുതിയ മാനം നൽകിയിട്ടുണ്ട്.
ജംഗിൾ സ്റ്റോം: പ്രകൃതിയോടൊപ്പം ഒരു ദിവസം
ജംഗിൾ സ്റ്റോം സിൽവർ സ്റ്റോമിന്റെ ഏറ്റവും പുതിയ പ്രകൃതി-അധിഷ്ഠിത സംരംഭമാണ്.
രണ്ടേക്കറിലായി ഒരുക്കിയിരിക്കുന്ന ഈ അനുഭവകേന്ദ്രം സന്ദർശകരെ പ്രകൃതിയുമായി കൂടുതൽ അടുത്ത് ബന്ധിപ്പിക്കുന്നു. വലിയ ബേർഡ് എവിയറി, വൈവിധ്യമാർന്ന പക്ഷികൾ, വളർത്തുമൃഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ എന്നിവ കുട്ടികൾക്കും കുടുംബങ്ങൾക്കും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു.ഇത് വിനോദം മാത്രമല്ല; പ്രകൃതിയെ മനസ്സിലാക്കാനുള്ള ഒരു പഠനാനുഭവം കൂടിയാണ്.ഈ അനുഭവം സ്വന്തമാക്കാനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികൾ നിരവധിയാണ്.
ഐപിഒ: ദേശീയ വളർച്ചയിലേക്കുള്ള ചുവടുവെപ്പ്
സിൽവർ സ്റ്റോമിന്റെ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് അടുത്തിടെ നടന്ന ഐപിഒ. ഒരു സ്വകാര്യ കമ്പനി എന്ന നിലയിൽ ആരംഭിച്ച സ്ഥാപനം ഇന്ന് പൊതുമേഖലാ നിക്ഷേപകരുടെ വിശ്വാസം നേടിയ ഒരു ലിസ്റ്റഡ് കമ്പനിയായി മാറുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി രേഖകൾ, കോർപ്പറേറ്റ് ഗവർണൻസ്, സാമ്പത്തിക സംവിധാനങ്ങൾ എന്നിവ സുതാര്യമാക്കുന്നതിനായി കമ്പനി വലിയ പരിശ്രമമാണ് നടത്തിയത്.
ഐപിഒ വഴി ലഭിക്കുന്ന മൂലധനം ഇന്ത്യയിലുടനീളം പുതിയ പദ്ധതികൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ലഖ്നൗവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്നോ പാർക്കും ഫാമിലി എന്റർടൈൻമെന്റ് സെന്ററും ആരംഭിക്കാൻ പദ്ധതിയുണ്ട്. ജംഷഡ്പൂരിൽ ഇതിനകം സ്നോ പാർക്ക് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ഇത് സിൽവർ സ്റ്റോമിനെ കേരള ബ്രാൻഡിൽ നിന്ന് ദേശീയ ബ്രാൻഡായി ഉയർത്തുന്ന നിർണായക ഘട്ടമാണ്. കേരളത്തിൽ തുടക്കം കുറിച്ച് ഇന്ത്യയൊട്ടാകെ വളരുന്ന സിൽവർ സ്റ്റോം സംരംഭകലോകത്ത് കേരളത്തിന് അഭിമാനിക്കാനുള്ള വക നൽകുന്നു.

ഷാലിമാർ: ദീർഘവീക്ഷണമുള്ള സംരംഭകൻ
സിൽവർ സ്റ്റോമിന്റെ വിജയത്തിന്റെ കേന്ദ്രബിന്ദു ഷാലിമാർ എന്ന സംരംഭകനാണ്.
27-ാം വയസ്സിൽ റബ്ബർ ഫാക്ടറി വിറ്റ് പുതിയ മേഖലയിലേക്ക് പ്രവേശിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനം അന്ന് പലർക്കും സാഹസികമായി തോന്നിയെങ്കിലും പിന്നീട് അത് വിജയകരമായ ഒരു സംരംഭക യാത്രയായി മാറി.റിസ്ക് എടുക്കാനുള്ള അദ്ദേഹത്തിൻറെ മനസാണ് റിവാർഡ് ആയി മാറുന്നത്.
ഒരു ബിസിനസ് നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രത്യേകത പ്രശ്നങ്ങളെ ശാന്തമായി സമീപിക്കുന്ന രീതിയാണ്. 750-ലധികം നേരിട്ടുള്ള ജീവനക്കാരെയും ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളെയും സൃഷ്ടിച്ച സിൽവർ സ്റ്റോം ഇന്ന് ഒരു വലിയ സാമ്പത്തിക ഇക്കോസിസ്റ്റമാണ്.
“സ്റ്റാഫിനെ നല്ല രീതിയിൽ പരിഗണിച്ചാൽ അവർ സ്ഥാപനത്തെ സ്വന്തം സ്ഥാപനമായി കാണും. സ്ഥാപനത്തിന്റെ വിജയം സ്റ്റാഫുകൾ നൽകുന്ന വിജയമാണ്. ഞാൻ എന്നും അംങ്ങനെയാണ് കാണുന്നത് ” ഷാലിമാർ പങ്കുവയ്ക്കുന്ന വാക്കുകളിൽ തൊഴിലാളികളോടുള്ള സ്നേഹവും കരുതലും നന്ദിയും വ്യക്തമാണ്.
തൊഴിലാളികളോടുള്ള ഈ സമീപനമാണ് സ്ഥാപനത്തിന്റെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും പ്രധാന കാരണം.
ഭാവി പദ്ധതികൾ അനേകം
ഇന്ന് സിൽവർ സ്റ്റോം ഒരു വാട്ടർ പാർക്ക് മാത്രമല്ല. അത് ഒരു വിനോദസഞ്ചാര ബ്രാൻഡും ഒരു മുൻനിര തൊഴിൽദാതാവും ഒരു ടൂറിസം ഇക്കോസിസ്റ്റവും ആണ്. സ്കൈ സ്റ്റോം, ജംഗിൾ സ്റ്റോം, സ്നോ സ്റ്റോം, ദേശീയതല വിപുലീകരണം, ഐപിഒ, പുതിയ വിനോദ പദ്ധതികൾ—ഇവയെല്ലാം സിൽവർ സ്റ്റോമിന്റെ അടുത്ത വളർച്ചാ ഘട്ടത്തെ സൂചിപ്പിക്കുന്നു.
അതിരപ്പിള്ളിയുടെ പ്രകൃതിഭംഗിയെ ആസ്പദമാക്കി ആരംഭിച്ച ഒരു സ്വപ്നം ഇന്ന് ഇന്ത്യയിലെ വിനോദ വ്യവസായ രംഗത്ത് ശ്രദ്ധേയമായ സ്ഥാനത്താണ്.
26 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ യാത്ര ഇപ്പോൾ പുതിയ ഉയരങ്ങളിലേക്കാണ് കടക്കുന്നത്. മാറ്റത്തിന്റെ ഭാഗമായി പുതിയ ലോഗോയുമായി ബ്രാൻഡിംഗ് രംഗത്തും പുതുമ കൊണ്ട് വരികയാണ് സിൽവർ സ്റ്റോം. കേരളത്തിന്റെ സംരംഭകത്വ ചരിത്രത്തിൽ സിൽവർ സ്റ്റോമിന്റെ പേര് ഒരു വിജയകരമായ ബിസിനസിന്റെ പേരായി മാത്രമല്ല, ദീർഘവീക്ഷണവും ധൈര്യവും ചേർന്നാൽ എങ്ങനെ ഒരു വ്യവസായം തന്നെ സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമായും എന്നും ഓർമ്മിക്കപ്പെടും.




