പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം ആവേശത്തോടെ ഏറ്റെടുത്ത് നിക്ഷേപകര്‍. തിങ്കളാഴ്ച രാവിലത്തെ സെഷനില്‍ സെന്‍സെസ് 1100 പോയന്റ് കുതിച്ച് 81,765.77 എന്ന ഉയര്‍ന്ന നിലയിലെത്തി. നിഫ്റ്റി 50, 1.6 ശതമാനം ഉയര്‍ന്ന് 25,022 ലേക്കും എത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം മുന്‍ സെഷനിലെ 445 ലക്ഷം കോടി രൂപയില്‍ നിന്ന് 450 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി.
നാല് കാരണങ്ങള്‍
ജിഎസ്ടി പരിഷ്കരണത്തിനൊപ്പം റഷ്യ-ഉക്രെയ്ന് സംഘര്‍ഷത്തിന് അവസാനമാകുമെന്ന പ്രതീക്ഷകളും ഇന്ത്യക്ക് മേല്‍ ദ്വിതീയ താരിഫുകള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന തരത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്കിയ സൂചനകളും എസ് ആന്‍ഡ് പിയുടെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്ത്തിയതുമടക്കം ഒരുപിടി പോസിറ്റീവ് ഘടകങ്ങളാണ് തിങ്കളാഴ്ച വിപണിയെ കാത്തിരുന്നത്. ഇത് ഏറ്റെടുത്ത് വിപണി മുന്നോട്ടു കുതിക്കുകയായിരുന്നു.
നയിച്ച് മാരുതി, കുതിച്ച് വാഹന മേഖല
ഓട്ടോ മേഖലയിലാണ് ശക്തമായ കുതിപ്പ് ദൃശ്യമായത്. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കിക്കഴിഞ്ഞു. 1100 പോയന്റിന്റെ കുതിപ്പാണ് മാരുതി ഓഹരികളില്‍ ദൃശ്യമായത്. അശോക് ലെയ്ലാന്‍ഡ് 7.95% മുന്നേറി. ടിവിഎസ് 6.28% നേട്ടവും ഹിറോ മോട്ടോകോര്‍പ്പ് 6.33% നേട്ടവുമുണടാക്കി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 4.59% കുതിച്ചു.
എഫ്എംസിജിയില്‍ ജിഎസ്ടി ഉണര്‍വ്
എഫ്എംസിജി മേഖല 2 ശതമാനത്തോളം മുന്നേറി. നെസ്ലെ ഇന്ത്യ 7% ഉയര്‍ന്നു. ഡാബര്‍ 4.81 ശതമാനവും ബ്രിട്ടാനിയ 4.37 ശതമാനവും കുതിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 4.4% നേട്ടവും കോള്‍ഗേറ്റ് പാമൊലീവ് 3.96% നേട്ടവുമുണ്ടാക്കി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിഭാഗത്തില്‍ പിജി ഇലക്ട്രോപ്ലാസ്റ്റ് 10% മുന്നേറി. ബ്ലൂസ്റ്റാര്‍ 7.7% നേട്ടവും വോള്‍ട്ടാസ് 6.85% നേട്ടവുമുണ്ടാക്കി.
നഷ്ടത്തില്‍ ഇവര്‍
ചില ഹെവിവെയ്റ്റ് ഓഹരികളില്‍ നഷ്ടം ദൃശ്യമായി. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ 0.57% ഇടിഞ്ഞു, ഐടിസി 0.43%, എച്ച്സിഎല്‍ ടെക്നോളജീസ് 0.31%, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് 0.20%, ഇന്‍ഫോസിസ് 0.11% എന്നിങ്ങനെ താഴേക്കിറങ്ങി. ഐടി, ഫാര്‍മ ഓഹരികളിലും കാര്യമായ മുന്നേറ്റമില്ല.
‘വിപണിയെ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള ശക്തമായ ടെയ്ല്വിന്ഡുകള് ഉണ്ട്. ദീപാവലിയോടെ ജിഎസ്ടിയിലെ അടുത്ത പ്രധാന പരിഷ്കാരങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലിയ പോസിറ്റീവ് ആണ്. മിക്ക ചരക്കുകളും സേവനങ്ങളും 5%, 18% സഌബുകളിലാകുമെന്നാണ് പ്രതീക്ഷ.’ ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)