അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരമായി 30 ബില്യൺ ഡോളറിന്റെ താരിഫ് കരാറിൽ ഒപ്പുവെച്ചു. ചൈനയിൽ നിന്നുള്ള കളിപ്പാട്ടങ്ങൾ, ചെറിയ ഗാർഹിക ഉപകരണങ്ങൾ എന്നിവയ്ക്ക് അമേരിക്ക താരിഫ് ഇളവുകൾ നൽകുമ്പോൾ, അമേരിക്കയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ, മരം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ചൈന കൂടുതൽ ഇറക്കുമതി ചെയ്യും. ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു പ്രത്യേക ട്രേഡ് കൗൺസിൽ രൂപീകരിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.
സൂപ്പർ ഇന്റലിജൻസ്
വ്യാപാര കരാറുകൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാനും രണ്ട് രാജ്യങ്ങളും ധാരണയായി. എഐ സാങ്കേതികവിദ്യയുടെ സാധ്യതകളും അതിലടങ്ങിയിരിക്കുന്ന അപകടസാധ്യതകളും ചർച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ സ്ഥിരമായി സംഭാഷണങ്ങൾ നടത്തും. കൂടാതെ, ഈ മേഖലയിലെ ആശയവിനിമയത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതിന് പകരം സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിക്കാൻ ട്രംപും ഷിയും തമ്മിൽ ധാരണയിലെത്തി.
സുന്ദർ പിച്ചൈ, സത്യ നാദെല്ല, ജെൻസൻ ഹുവാങ്, സാം ആൾട്ട്മാൻ തുടങ്ങിയ പ്രമുഖ ടെക് സിഇഒമാരും പങ്കെടുത്ത ഈ ഉച്ചകോടിയിൽ, ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. എപിഇസി , ജി-20 തുടങ്ങിയ വലിയ അന്താരാഷ്ട്ര സമ്മേളനങ്ങൾ നടത്തുന്നതിൽ ഒന്നിച്ചു പ്രവർത്തിക്കാനും, അന്താരാഷ്ട്ര ജലപാതകളിൽ യാത്ര ചെയ്യുന്നതിന് പ്രത്യേക നികുതികൾ ചുമത്തരുതെന്നും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യൻ ഓഹരി വിപണിയെ എങ്ങിനെ ബാധിക്കും?
അമേരിക്കയും ചൈനയും തമ്മിൽ ഒപ്പുവെച്ച 30 ബില്യൺ ഡോളറിന്റെ പുതിയ വ്യാപാര ഇളവ് കരാറും എഐ രംഗത്തെ സഹകരണവും നാളെ ഇന്ത്യൻ ഓഹരി വിപണിക്ക് പൊതുവിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ അയയുന്നത് ആഗോള വിപണികളിലെ അനിശ്ചിതത്വം കുറയ്ക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യൻ വിപണിയിലും വിദേശ നിക്ഷേപക്കാരുടെ പണമൊഴുക്ക് കൂട്ടാൻ സഹായിക്കും. പ്രത്യേകിച്ചും, ഇരുരാജ്യങ്ങളും എഐ രംഗത്ത് കൈകോർക്കാൻ തീരുമാനിച്ചത് ഇന്ത്യൻ ഐടി , സാങ്കേതിക വിദ്യാ മേഖലയിലെ കമ്പനികളുടെ ഓഹരികൾക്ക് വലിയ ഉണർവ് നൽകാൻ സാധ്യതയുണ്ട്. എന്നാൽ , കരാറിന്റെ പൂർണ്ണമായ വിശദാംശങ്ങളും വിദേശ വിപണികളുടെ ചലനങ്ങളും അടിസ്ഥാനമാക്കിയാകും വിപണിയുടെ തുടർന്നുളള നീക്കങ്ങൾ.
പൊതുവെ വിപണിയിൽ പോസിറ്റീവ് തരംഗങ്ങൾ ഉണ്ടാക്കാൻ വലിയ സാധ്യതകൾ ഇല്ലാത്തതിനാൽ, 23,000 ലെവൽ ഇനി അങ്ങോട്ടും ഒരു പ്രധാന സപ്പോർട്ട് ലെവലായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലും താഴേക്ക് പോവുകയാണെങ്കിൽ നിഫ്റ്റി 50 22,800-22,700 ലെവലിലേക്ക് താഴാൻ സാധ്യതയുണ്ട്. എന്നാൽ, 23,000-ന് മുകളിൽ പിടിച്ച് നിൽക്കാൻ സാധിച്ചാൽ നിഫ്റ്റി 23,300-23,500 ലെവലിലേക്ക് ഉയരാനും സാധ്യതയുണ്ട്.
ഇറാന്റെ നിർദേശങ്ങൾ അംഗീകരിക്കില്ല
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴു ദിവസത്തെ റോഡ്മാപ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. യുഎസ് ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുക തുടങ്ങിയ വ്യവസ്ഥകൾ അംഗീകരിച്ചാൽ 7 ദിവസത്തിനകം കടലിടുക്ക് തുറന്നു നൽകാം എന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇറാൻ നിർദ്ദേശിച്ചത്. എന്നാൽ ഇറാൻ യുദ്ധത്തിൽ തോറ്റുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത്തരം ധൃതിപിടിച്ച കരാറുകൾക്ക് ശ്രമിക്കുന്നതെന്ന് ആരോപിച്ച ട്രംപ്, ഈ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേതുടർന്ന്, ഇടനിലക്കാർ വഴി ഔദ്യോഗിക പ്രതികരണം ലഭിക്കുന്നതുവരെ തങ്ങളുടെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ എന്നും ഇറാനും മറുപടി നൽകി.
എ ഐ ശക്തിപ്പെടുമോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും കാരണം ആഗോള ടെക് ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ചാഞ്ചാട്ടമുണ്ടായിരുന്നു. സാങ്കേതികവിദ്യയുടെ വേഗത കുറയ്ക്കണമെന്ന് പ്രമുഖ എഐ കമ്പനി തലവന്മാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വിപണിയിൽ വലിയ രീതിയിലുള്ള വിറ്റഴിക്കലും ഓഹരി ഇടിവും ഉണ്ടായി. എന്നാൽ അതിനുശേഷം ആഗോളതലത്തിൽ 3 ട്രില്യൺ ഡോളറിലധികം തുക ടെക് ഓഹരികളിലേക്ക് തിരികെ എത്തുകയും ശക്തമായ വീണ്ടെടുക്കൽ ഉണ്ടാവുകയും ചെയ്തു. എഐ നൽകുന്ന വൻ സാധ്യതകളും അതേസമയം പരമ്പരാഗത ബിസിനസ് മാതൃകകൾ തകരുമോ എന്ന ഭയവുമാണ് വിപണിയിലെ ഈ പെട്ടെന്നുള്ള താളപ്പിഴകൾക്ക് പ്രധാന കാരണം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




