മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വരട്ടെ, അടുത്തമാസം കിടിലന്‍ ഫോണുകള്‍ വരുന്നുണ്ട്… പ്രതാപ്ജിടെക് എന്ന മലയാളി ടെക് യൂട്യൂബറിന്റെ പേരില്‍ സമീപകാലത്ത് വൈറലായ ട്രോളാണിത്. എന്നാല്‍ ട്രോളല്ല, ശരിക്കും പറയട്ടെ, നിങ്ങള്‍ ഉടന്‍ തന്നെ ഒരു കാര്‍, എയര്‍ കണ്ടീഷണര്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തുക്കള്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഒക്ടോബര്‍ വരെ കാത്തിരിക്കുന്നത് നല്ലതായിരിക്കും. ഇത് പറയുന്നത് പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധന്‍ റിതേഷ് സബര്‍വാളാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ദീപാവലി സമ്മാനം ജിഎസ്ടി ഇളവുകളിലൂടെ ലഭിക്കുമെന്നും ഇതിന്റെ പ്രയോജനം എടുക്കാനുമാണ് സബര്‍വാള്‍ ഉപദേശിക്കുന്നത്.
‘നിങ്ങള്‍ ഉടന്‍ തന്നെ ഒരു കാര്‍, എസി, മറ്റ് വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? ഒക്ടോബര്‍ വരെ കാത്തിരിക്കുക: നമ്മുടെ പ്രധാനമന്ത്രി ഇരട്ട ദീപാവലി സമ്മാനം ആസൂത്രണം ചെയ്യുന്നു. സര്‍ക്കാര്‍ വന്‍തോതിലുള്ള ജിഎസ്ടി പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുകയാണ്.’ റിതേഷ് സബര്‍വാള്‍ എക്സില്‍ എഴുതി.
നിലവില്‍, ഇന്ത്യയില്‍ നാല് ജിഎസ്ടി സ്ലാബുകളുണ്ട്: 5%, 12%, 18%, 28%. ഇത് രണ്ട് പ്രധാന സ്ലാബുകളായി ലളിതമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നു. 12% സ്ലാബിലെ 99% ഇനങ്ങള്‍ 5% നികുതി സ്ലാബിലേക്ക് മാറുന്നു, 28% സ്ലാബിലെ 90% ഇനങ്ങള്‍ 18% ലേക്ക് മാറുന്നു – സബര്‍വാള്‍ ചൂണ്ടിക്കാട്ടി.
10% വരെ വിലക്കുറവ്
ഇതിനര്‍ത്ഥം മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും കുറഞ്ഞ നികുതി നിരക്ക് ബാധകമാകുമെന്നാണ്. കാറുകള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് റിതേഷ് കൂട്ടിച്ചേര്‍ത്തു.
വലിയും കുടിയും ചെലവേറും!
എന്നിരുന്നാലും, ചില ഇനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തേണ്ടിവരും. പുകയില, എയറേറ്റഡ് പാനീയങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് പോലുള്ള ചില ഇനങ്ങള്‍ക്ക് 40% എന്ന നിരക്കില്‍ ഉയര്‍ന്ന ജിഎസ്ടി ഏര്‍പ്പെടുത്തേണ്ടി വരും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപഭോക്തൃ ചെലവിടല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനും സ്ലാബുകള്‍ ഏകീകരിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം. ദീപാവലിയോട് അനുബന്ധിച്ച് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടപടിയിലൂടെ വരുമാനത്തില്‍ 50,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ആമസോണ്‍, ഫഌപ്കാര്‍ട്ട്
ജിഎസ്ടി മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നത് വലിയ തുക മുടക്കിയുള്ള പര്‍ച്ചേസുകളില്‍ പണം ലാഭിക്കാന്‍ സഹായിക്കുമെന്ന് സബര്‍വാള്‍ ഉപദേശിക്കുന്നു. നേട്ടം പലവിധത്തിലാകാം. ജിഎസ്ടി മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വലിയ വില്‍പ്പന ആരംഭിച്ചേക്കാം. ഏതായാലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാവുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.
അപ്പോള്‍, വാങ്ങാന്‍ വരട്ടെ, ഒക്ടോബറില്‍ കിടിലന്‍ ഓഫറുകള്‍ വരുന്നുണ്ട്…