കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസാനുമതി ലഭിച്ച ചില ഇന്ത്യക്കാർ അവിടുത്തെ പൗരത്വം ഉടൻ എടുക്കാതിരിക്കുന്നതിന് പിന്നിൽ പ്രധാനമായും നിയമപരവും വ്യക്തിപരവുമായ ചില കാരണങ്ങളുണ്ട്. സങ്കീർണ്ണമായ ഭരണനടപടിക്രമങ്ങളും ഉയർന്ന സാമ്പത്തിക ചെലവുകളും ഇതിന് ഒരു കാരണമാണ്. വിദേശ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഉയർന്ന ഫീസ് നൽകേണ്ടതുണ്ടെന്ന് മാത്രമല്ല, കഠിനമായ ഭാഷാ പരീക്ഷകൾ, പൗരത്വ അഭിമുഖങ്ങൾ, പശ്ചാത്തല പരിശോധനകൾ എന്നിവ നേരിടുകയും വേണം. ജോലിയിലെ തിരക്കുകൾക്കിടയിൽ ഈ നടപടികളിലൂടെ കടന്നുപോകാൻ പലരും താല്പര്യപ്പെടുന്നില്ല. കൂടാതെ, ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങൾക്കായി ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക്, കാനഡയോ ഓസ്ട്രേലിയയോ പോലെയുള്ള രാജ്യങ്ങളിലെ പി.ആർ കൈവശമുള്ളത് മികച്ച ഒരു ബാക്കപ്പ് പ്ലാൻ ആയി സഹായിക്കുകയും ചെയ്യും. എന്നാൽ മലയാളികൾ അടക്കമുള്ള പലരും പി ആർ ലഭിച്ചശേഷവും, സിറ്റിസൺഷിപ്പിനു അപേക്ഷിക്കാതിരിക്കുന്നതിന് പുറകിൽ ചില സാമ്പത്തിക കാര്യങ്ങളുമുണ്ട്.
ഇരട്ടപൗരത്വം ഇന്ത്യ അനുവദിക്കാത്തത്
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരാൾക്ക് ഒരേസമയം ഇന്ത്യയുടെയും മറ്റൊരു രാജ്യത്തിന്റെയും പൗരത്വം കൈവശം വെക്കാൻ സാധിക്കില്ല. കാനഡയോ ഓസ്ട്രേലിയയോ പൗരത്വം നൽകാൻ തയ്യാറാണെങ്കിലും, അത് സ്വീകരിക്കുന്ന നിമിഷം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വവും പാസ്പോർട്ടും പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വരും. ഇന്ത്യയിലേക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാനുള്ള സ്വാതന്ത്ര്യം നിലനിർത്താനും, സ്വന്തം രാജ്യവുമായുള്ള പൗരത്വബന്ധം വിച്ഛേദിക്കാതിരിക്കാനുമാണ് പലരും PR പദവിയിൽ തന്നെ തുടരുന്നത്.
ഇന്ത്യയിലുള്ള സ്വത്തുക്കളും കാർഷിക ഭൂമിയും
ഒരു വ്യക്തി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ചാൽ, അവർക്ക് OCI (Overseas Citizen of India) കാർഡ് വഴി ഇന്ത്യയിൽ താമസിക്കാനും ബിസിനസ്സ് ചെയ്യാനും സാധിക്കും. എന്നാൽ OCI കാർഡുടമകൾക്ക് ഇന്ത്യയിൽ കാർഷിക ഭൂമിയോ , പ്ലാന്റേഷനുകളോ, ഫാം ഹൗസുകളോ പുതിയതായി വാങ്ങാൻ നിയമപരമായി അനുവാദമില്ല. നാട്ടിൽ കുടുംബസ്വത്തായി ലഭിച്ച കാർഷിക ഭൂമിയോ മറ്റ് വസ്തുവകകളോ ഉള്ളവർക്ക്, അത് കൈകാര്യം ചെയ്യാനും ഭാവിയിൽ വസ്തു സംബന്ധമായ നിയമതടസ്സങ്ങൾ ഒഴിവാക്കാനും ഇന്ത്യൻ പൗരത്വം നിലനിർത്തുന്നതാണ് കൂടുതൽ സൗകര്യം.
പിആർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും
കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ സ്ഥിരതാമസാനുമതി ലഭിച്ചാൽ തന്നെ ഒരു പൗരന് ലഭിക്കുന്ന മിക്ക ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ ആരോഗ്യസേവനം, മികച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ഏത് കമ്പനിയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം, പെൻഷൻ തുടങ്ങിയവയെല്ലാം PR ഉള്ളവർക്കും ലഭ്യമാണ്. വോട്ട് ചെയ്യാനുള്ള അവകാശവും ഉയർന്ന ഭരണഘടനാ പദവികളിൽ ജോലി ചെയ്യാനുള്ള അവസരവും ഒഴികെ ബാക്കിയെല്ലാ ആനുകൂല്യങ്ങളും PR വഴി ലഭിക്കുമ്പോൾ, പൗരത്വത്തിനായി തിടുക്കം കൂട്ടേണ്ടതില്ലെന്ന് പലരും കരുതുന്നു.
ഭാവിയിൽ നാട്ടിലേക്ക് തിരികെ വരാനുള്ള പ്ലാനുകൾ
വിദേശത്ത് ഏതാനും വർഷങ്ങൾ ജോലി ചെയ്ത് പണം സമ്പാദിച്ച ശേഷം വിരമിക്കൽ കാലത്തോ അല്ലെങ്കിൽ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായോ ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇന്ത്യക്കാരുണ്ട്. വിദേശ പൗരത്വം സ്വീകരിച്ചാൽ പിന്നീട് ഇന്ത്യയിൽ ദീർഘകാലം താമസിക്കാൻ പ്രത്യേക വിസയോ നടപടിക്രമങ്ങളോ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ഭാവിയിൽ നാട്ടിലേക്ക് തിരികെ വരാൻ സാധ്യതയുള്ളവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാതെ PR പദവിയിൽ തന്നെ തുടരാൻ ഇഷ്ടപ്പെടുന്നു.
നിയമപരവും സാമ്പത്തികവുമായ കാരണങ്ങൾക്കപ്പുറം, തങ്ങളുടെ ഇന്ത്യൻ എന്ന വ്യക്തിത്വവും വംശീയമായ സ്വത്വവും ഉപേക്ഷിക്കാൻ മനസ്സില്ലാത്തതുകൊണ്ടാണ് പലരും വിദേശ പൗരത്വം സ്വീകരിക്കാത്തത്. കാനഡയിലോ ഓസ്ട്രേലിയയിലോ എത്ര വർഷം ജീവിച്ചാലും തങ്ങളുടെ വേരുകൾ ഇന്ത്യയിലാണെന്ന ചിന്തയും, മാതാപിതാക്കളോടും ബന്ധുക്കളോടും സ്വന്തം സംസ്കാരത്തോടുമുള്ള ശക്തമായ വൈകാരിക ബന്ധവും അവർ കാത്തുസൂക്ഷിക്കുന്നു. വിദേശ പാസ്പോർട്ട് കൈവശം വെക്കുന്നതോടെ സ്വന്തം രാജ്യത്ത് ‘വിദേശി’യായി മാറുമെന്ന തോന്നൽ പലരിലും ഉണ്ടാക്കുന്നുണ്ട്. അതിനാൽ, എത്ര വലിയ ആനുകൂല്യങ്ങൾ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്താലും, ഇന്ത്യൻ പൗരനായി അറിയപ്പെടാനും ഭാരതീയൻ എന്ന സ്വത്വം അഭിമാനത്തോടെ നിലനിർത്താനുമാണ് അവർ ആഗ്രഹിക്കുന്നത്.




