ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥ് മഹേശ്വരി എന്ന മുതിർന്ന ഉദ്യോഗസ്ഥൻ, തനിക്ക് ലഭിച്ച 85 ലക്ഷം രൂപയുടെ വാർഷിക പാക്കേജിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. പേപ്പറിൽ 85 ലക്ഷം രൂപയെന്ന വൻ തുക കാണുമ്പോൾ മാസം ലക്ഷക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അതിന്റെ പകുതിയിൽ താഴെ തുക മാത്രമേ ഒരു ജീവനക്കാരന്റെ കൈയിൽ എത്തുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആകെ തുകയിൽ ഫിക്സഡ് സാലറി 52 ലക്ഷം മാത്രമാണ്; ബാക്കിയുള്ളത് വേരിയബിൾ പേ, കമ്പനി ഷെയറുകൾ , ജോയിനിംഗ് ബോണസ് എന്നിവയാണ്.
മാസ ശമ്പളം 3 ലക്ഷം മാത്രം
ഫിക്സഡ് പേ ആയ 52 ലക്ഷം രൂപയിൽ നിന്ന് പോലും പലവിധ പിടുത്തങ്ങൾ കഴിച്ചാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുന്നത്. കമ്പനി നൽകുന്ന പ്രൊവിഡന്റ് ഫണ്ട് , ഗ്രാറ്റുവിറ്റി എന്നിവ ആദ്യമേ തന്നെ സി.ടി.സിയിൽ പെടും. ഇത് കഴിച്ചു ലഭിക്കുന്ന തുകയിൽ നിന്നും ഇൻകം ടാക്സും ജീവനക്കാരന്റെ പി.എഫ് വിഹിതവും കുറയ്ക്കുമ്പോൾ, ബാക്കി ലഭിക്കുന്നത് പ്രതിവർഷം ഏകദേശം 35.6 ലക്ഷം രൂപ മാത്രമാണ്. അതായത്, 85 ലക്ഷം രൂപയുടെ വാർഷിക പാക്കേജുള്ള ഒരാൾക്ക് പ്രതിമാസം കൈയിൽ ലഭിക്കുന്നത് വെറും 2.97 ലക്ഷം രൂപ മാത്രമാണ്.
പ്രകടനം പ്രധാനം
ഇതിന് പുറമെ, 13 ലക്ഷം രൂപയുടെ വേരിയബിൾ പേ കമ്പനിയുടെയും വ്യക്തിയുടെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വർഷത്തിലൊരിക്കൽ നൽകുന്നത്. 15 ലക്ഷം രൂപയുടെ ഷെയറുകൾ 4 വർഷം കൊണ്ട് മാത്രം പൂർണ്ണമായി സ്വന്തമാക്കാൻ കഴിയുന്നവയാണ്. 36-ാം വയസ്സിൽ ഇത്തരം ഓഫറുകൾ സ്വീകരിക്കുമ്പോൾ സി.ടി.സി എത്രയാണ്? എന്ന് ചോദിക്കുന്നതിനേക്കാൾ ഫിക്സഡ് സാലറിയായി എത്ര തുക ബാങ്ക് അക്കൗണ്ടിൽ എത്തും എന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
85 ലക്ഷം രൂപ CTC പാക്കേജിന്റെ പ്രധാന വിഭജനം
ഫിക്സഡ് സാലറി — 52 ലക്ഷം
വേരിയബിൾ പേ — 13 ലക്ഷം (പ്രകടനത്തിന് അനുസരിച്ച്)
കമ്പനി ഷെയറുകൾ –15 ലക്ഷം (4 വർഷത്തെ കാലാവധി)
ജോയിനിംഗ് ബോണസ് –5 ലക്ഷം
പ്രതിമാസം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് —2.97 ലക്ഷം




