95.22 എന്ന സര്‍വകാല റെക്കോഡില്‍ രൂപ
ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 95 എന്ന ലെവല്‍ ഭേദിച്ച് രൂപ. 95.22 എന്ന സര്‍വകാല റെക്കോഡിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. 94.83 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതാണ് രൂപയുടെ റെക്കോഡ് വീഴ്ചക്ക് പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 116 ഡോളറിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഡോളര്‍ കരുത്തോടെ നില്ക്കുന്നതും രൂപയടക്കം പ്രാദേശിക കറന്‍സികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
വിപണിയില്‍ ചുവന്ന മാര്‍ച്ച്
മാര്‍ച്ച് മാസത്തിലെ അവസാന വ്യാപാര ദിനത്തിലും ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്സ് 1635 പോയന്റ് ഇടിഞ്ഞ് 71,947 ല്‍ എത്തി. നിഫ്റ്റി 488 പോയന്റ് ഇടിഞ്ഞ് 22,331 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 4367 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ ഇന്ന് ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയത്. മാര്‍ച്ച്് മാസത്തില്‍ 10.5% ഇടിവാണ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായത്. 2020 ല്‍ കോവിഡ് മഹാമാരിക്കിടെ ഉണ്ടായ നഷ്ടത്തെ വെല്ലുന്ന ഇടിവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.
സ്വര്‍ണത്തില്‍ ചാഞ്ചാട്ടം
സ്വര്‍ണവിലയിലും വലിയ ചാഞ്ചാട്ടമാണ് ഇന്ന് ദൃശ്യമായത്. രാവിലെ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4480 ഡോളറിലേക്ക് വീണു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപയായി. ഉച്ചക്കുശേഷം അന്താരാഷ്ട്ര സ്വര്‍ണവില 4,530 ഡോളറിലേക്ക് ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ ഗ്രാമിന് 90 രൂപ വര്‍ധിച്ച് 13,590 രൂപയായി. പവന് 720 രൂപ ഉയര്‍ന്ന് 1,08,720 രൂപയാണ് വില.
ട്രംപിന്റെ കരാര്‍ തള്ളി ടെഹ്റാന്
ഡൊണാള്‍ഡ് ട്രംപിന്റെ പതിനഞ്ചിന സമാധാന കരാര്‍ തള്ളി ഇറാന്. യാഥാര്‍ത്ഥ്യബോധമില്ലാത്തതും അകാരണമായതുമാണ് കരാറിലെ നിര്‍ദേശങ്ങളെന്നും ഇവ അസ്വീകാര്യമാണെന്നും ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാഗേ പറഞ്ഞു. ഇറാന് പതിനഞ്ചിന നിര്‍ദേശങ്ങളില്‍ മിക്കവാറും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്.
ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് ട്രംപ്
അതേസമയം ട്രംപ് പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുകയാണ്. ഇറാന്റെ എണ്ണ തന്നെയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണയുടെ കേന്ദ്രമായ ഖര്‍ഗ് ദ്വീപ് ചിലപ്പോള്‍ പിടിച്ചെടുക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാന്റെ പ്രതിരോധം ദുര്‍ബലമായെന്നും ദ്വീപ് അനായാസം പിടിച്ചടക്കാനാവുമെന്നും അദ്ദഹം അവകാശപ്പെട്ടു.




