അമ്പോ എന്തൊരു കുതിപ്പെന്നാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്എസ്ഡിഎല്) ഓഹരിയെ നോക്കി വിപണി പറയുന്നത്. നിഫ്റ്റി 50 യും സെന്‍സെക്സും താരിഫ് അനിശ്ചിതാവസ്ഥകളില്‍ തട്ടി താഴേക്കാണ്. എന്നാല്‍ നേര് വിപരീത ദിശയില്‍ മുകളിലേക്ക് പറക്കുകയാണ് വെള്ളിയാഴ്ച (2025 ഓഗസ്റ്റ് 6) ലിസ്റ്റ് ചെയ്ത എന്എസ്ഡിഎല് ഷെയറുകള്‍.
കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി തളരാതെ കുതിക്കുകയാണ് ഈ ഓഹരി. ചൊവ്വാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ) 19% മുന്നേറിയ ഓഹരി, 1,339 രൂപയിലെത്തി. ഐപിഒ വിലയായ 800 രൂപയേക്കാള്‍ 67 ശതമാനവും ലിസ്റ്റിംഗ് വിലയായ 880 രൂപയേക്കാള്‍ 52 ശതമാനവുമാണ് ഇതുവരെ ഉണ്ടാക്കിയ മുന്നേറ്റം.
ഇപ്പോള്‍ ലാഭം ബുക്ക് ചെയ്യണോ അതോ പിടിച്ചുനില്‍ക്കണോ എന്നതാണ് ഐപിഒ വഴി ഓഹരികള്‍ ലഭിച്ച നിക്ഷേപകരെ കുഴപ്പിക്കുന്ന ചോദ്യം. ഓഹരികളുടെ ഈ കുതിപ്പിന് പിന്നില്‍ ശക്തമായ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡിമാന്‍ഡ് തന്നെയാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്ന കമ്പനികളിലൊന്നാണ് എന്എസ്ഡിഎല്.
കമ്പനിയുടെ 4,012 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ ഐപിഒ 41.02 തവണ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. വിപണിയിലെ ആവേശം ഈ ഐപിഒയിലേക്ക് കേന്ദ്രീകരിച്ചതുപോലെ തോന്നി. യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്കായുള്ള (ക്യുഐബി) ഓഹരികള്‍ 103.97 തവണ ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. സ്ഥാപനേതര നിക്ഷേപകര്‍ 34.98 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 7.76 മടങ്ങും ഓഹരികള്‍ക്കായി ലേലം വിളിച്ചു.
വാങ്ങണോ അതോ വില്‍ക്കണോ?
ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെപ്പോസിറ്ററി വിഭാഗത്തിലെ നേതൃത്വവും മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, ബാങ്കുകള്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ എന്നിവയ്ക്ക് കസ്റ്റോഡിയല്‍, ഡെപ്പോസിറ്ററി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ കമ്പനി വഹിക്കുന്ന പ്രധാന പങ്കും കണക്കിലെടുക്കുമ്പോള്‍ എന്‍എസ്ഡിഎലില്‍ പോസിറ്റീവാണെന്ന് ലെമണ്‍ മാര്‍ക്കറ്റ്സ് ഡെസ്കിലെ വിദഗ്ധനായ ഗൗരവ് ഗാര്‍ഗ് പറയുന്നു. ”ശക്തമായ വിപണി സ്ഥാനം, സ്ഥിരമായ വരുമാനം, ന്യായമായ മൂല്യനിര്‍ണ്ണയങ്ങള്‍ എന്നിവ കണക്കിലെടുത്ത്, ദീര്‍ഘകാല വീക്ഷണം മനസ്സില്‍ വെച്ചുകൊണ്ട്, അലോട്ട്മെന്റുകള്‍ ലഭിച്ച നിക്ഷേപകര്‍ക്ക് ഒരു ഹോള്‍ഡ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത്, ഐപിഒ അലോട്ട്മെന്റുകള്‍ ലഭിക്കാത്ത പുതിയ നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതിന് ഒരു വിലയിടിവിനായി കാത്തിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഗികമായി ലാഭം ബുക്ക് ചെയ്യാം
നിക്ഷേപകര്‍ ഭാഗികമായി ലാഭം ബുക്ക് ചെയ്യാനും ഏകദേശം 850 രൂപ സ്റ്റോപ്പ് ലോസോടെ ചില ഓഹരികള്‍ കൈവശം നിലനിര്‍ത്താനും സ്വാസ്തിക ഇന്‍വെസ്റ്റ്മെന്റില്‍ വെല്‍ത്ത് വിഭാഗം മേധാവി ശിവാനി ന്യാതി ശുപാര്‍ശ ചെയ്തു. ലിസ്റ്റിംഗ് ഏറെ ശക്തമാണെന്നും കൂടുതല്‍ മൂല്യവര്‍ധിത സേവനങ്ങളുമായി കമ്പനി വളരുകയാണെന്നും ശിവാനി ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലത്തേക്ക് കൈവശം വെക്കുക
ഐപിഒയില്‍ ഓഹരികള്‍ ലഭിച്ച നിക്ഷേപകര്‍ ദീര്‍ഘകാലം അവ കൈവശം വെക്കണമെന്നും പുതിയ നിക്ഷേപകര്‍ മികച്ച എന്‍ട്രി പോയിന്റിനായി കാത്തിരിക്കണമെന്നും മേത്ത ഇക്വിറ്റീസിലെ ഗവേഷണ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു. ”മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, എഫ്പിഐകള് എന്നിവയ്ക്കായുള്ള കസ്റ്റോഡിയല്‍, ഡിപ്പോസിറ്ററി സേവനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥാപന വിഭാഗത്തിലെ ഏറ്റവും ശക്തമായ പ്ലേയറായി എന്എസ്ഡിഎല് വേറിട്ടുനില്ക്കുന്നു,” അദ്ദേഹം പറഞ്ഞു.
കരുത്തുറ്റ കമ്പനി
സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്സ്റ്റിറ്റിയൂഷന് (എംഐഐ) ആണ് എന്എസ്ഡിഎല്. 2025 മാര്‍ച്ച് വരെ 294 ഡിപ്പോസിറ്ററി പങ്കാളികളിലായി ഏകദേശം 3.94 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. ഡീമെറ്റീരിയലൈസേഷന്‍, ട്രേഡ് സെറ്റില്‍മെന്റുകള്‍, ഇ-വോട്ടിംഗ്, പ്ലെഡ്ജ് മാനേജ്മെന്റ്, കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. അനുബന്ധ സ്ഥാപനങ്ങളായ എന്എസ്ഡിഎല് ഡാറ്റാബേസ് മാനേജ്മെന്റ്, എന്എസ്ഡിഎല് പേയ്മെന്റ്സ് ബാങ്ക് എന്നിവ ഇ-ഗവേണന്‍സിലേക്കും ഡിജിറ്റല്‍ ഫിനാന്‍സിലേക്കും അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)