ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു മറ്റ് രാജ്യങ്ങളിലുള്ള ആശ്രയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. H-1B ഫീസ് അമേരിക്ക പതിനായിരം ഡോളറാക്കി കുത്തനെ ഉയര്‍ത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തില്‍ പൊതുപരിപാടിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ലോകത്തില്‍ ഒന്നൊഴിച്ച് മറ്റൊരു ശത്രു പോലും ഇല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
വിശ്വബന്ധു എന്ന ആശയം ഉള്‍ക്കൊണ്ട് മുന്നേറുകയാണ് ഇന്ത്യ. ലോകത്തില്‍ നമുക്ക് വലിയ ശത്രുക്കളൊന്നും ഇല്ല. മറ്റ് രാജ്യങ്ങളിലുള്ള ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ഇന്ത്യയുടെ ഈ ശത്രുവിനെ നമ്മള് ഒറ്റക്കെട്ടായി തകര്‍ക്കണം. നമ്മള് എപ്പോഴും അതിനെ തുരത്തണം. സ്വാശ്രയ സംസ്ഥാനമായി മാറണമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി മറ്റ് രാജ്യങ്ങളിലുള്ള ആശ്രിതത്വത്തിനെതിരെ നമ്മള് പോരാടണം- പ്രധാനമന്ത്രി പറഞ്ഞു.
ചില രാജ്യങ്ങളുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നതിന് ഇന്ത്യ സ്വാശ്രയ രാജ്യമായി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സ്വാശ്രയ രാജ്യമായി മാറി ലോകത്തിന് മുമ്പില്‍ ശക്തരായി നിലകൊള്ളണം. ഇന്ത്യയ്ക്ക് ഒരു കഴിവിനും കുറവില്ല, പക്ഷേ സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ഇന്ത്യയുടെ കഴിവുകള്‍ അവഗണിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതുകൊണ്ട് സ്വാതന്ത്ര്യത്തിന് ശേഷമുള്ള 6-7 ദശാബ്ദങ്ങളിലും അര്‍ഹിക്കുന്ന വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂറ് ദുഃഖങ്ങള്‍ക്ക് ഒരു മരുന്ന്
പല അടിസ്ഥാന ആവശ്യങ്ങളിലും എങ്ങനെയാണ് ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നതെന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിരതയുള്ള, ഐശ്വര്യസമ്പന്നമായ ഒരു ഭാവി വരുംതലമുറകള്‍ക്ക് ഉണ്ടാകാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരാന്‍ സാധിക്കില്ല. വിദേശങ്ങളിലുള്ള ആശ്രിതത്വം കൂടിയാല്‍ രാജ്യത്തിന്റെ പരാജയവും കൂടും. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യം ആത്മനിര്ഭരരായിരിക്കണമെന്ന് ്പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇനിയും മറ്റ് രാജ്യങ്ങളിലുള്ള ആശ്രിതത്വം തുടര്‍ന്നാല്‍ നമ്മുടെ ആത്മാഭിമാനത്തിന് കളങ്കമേല്‍ക്കുമെന്നും 1.4 ശതകോടി ആളുകളുടെ ഭാവി മറ്റുള്ളവരുടെ കയ്യിലേല്പ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെമിക്കണ്ടക്ടര്‍ ചിപ്പ് ആയാലും വലിയ കപ്പലുകള്‍ ആയാലും സ്വന്തം രാജ്യത്ത് നിര്‍മ്മിക്കുക എന്നതല്ലാതെ മറ്റ് വഴികള്‍ ഇന്ത്യക്കാര്‍ക്ക് മുമ്പിലില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും എത്തിക്കുന്നതിന് വേണ്ടി രാജ്യം 6 ലക്ഷം കോടി രൂപയാണ് എല്ലാ വര്‍ഷവും മുടക്കുന്നതെന്നും അത് നമ്മുടെ പ്രതിരോധ ബജറ്റിന് തുല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
H-1B വിസയില്‍ ഞെട്ടിച്ച് ട്രംപ്
താരിഫ് വര്‍ധനയ്ക്ക് ശേഷം അമേരിക്കയുടെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ ഉണ്ടാകുന്ന മറ്റൊരു കടുത്ത തീരുമാനമാണ് H-1B വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത്. കമ്പനികള്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ ചിലവ് വരുന്ന വിദേശ തൊഴിലാളികളെ പകരക്കാരായി നിയമിക്കുന്നതിന് വേണ്ടി H-1B വിസ ദുരുപയോഗം ചെയ്യുകയാണെന്നാണ് ട്രംപിന്റെ വാദം. അമേരിക്കയിലെ കംപ്യൂട്ടര്‍ സയന്‍സ് ബിരുദദാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വ്യാപകമാകാനുള്ള കാരണം H-1B നിയമനത്തെ തുടര്‍ന്നുള്ള കൂട്ടപ്പിരിച്ചുവിടലാണെന്ന ട്രംപ് ആരോപിച്ചു. അത ദേശീയ സുരക്ഷയ്ക്ക് ആപത്താണെന്നും ട്രംപ് പറഞ്ഞു.