പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല
2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി-യുപിഐ ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 0.4% മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഈ നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ലെന്നും വ്യാപാരികളാണ് വഹിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 75,000 രൂപയോ അതിലധികമോ വരുന്ന ഇടപാടുകളില്എംഡിആര് പരമാവധി 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും. പുതിയ എംഡിആര്‍, നികുതിയോ സെസോ സര്‍ചാര്‍ജോ അല്ലെന്നും ഇതിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് പോകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ബാങ്ക് പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചാകുമോ? വഴങ്ങാതെ കേന്ദ്രം
ബാങ്ക് പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാദം ധനമന്ത്രാലയ വൃത്തങ്ങള്‍ തള്ളി. ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ എല്ലാ ശനിയാഴ്ചകളും അവധിയാക്കി തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരത്തിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇടിവിന് ശേഷം വിപണിയില്‍ ആശ്വാസ റാലി
തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച തിരിച്ചുകയറ്റം. ദിവസത്തെ താഴ്ന്ന നിലയില്‍ നിന്ന് സെന്‍സെക്സ് ഏകദേശം 300 പോയിന്റ് വീണ്ടെടുത്തു. 315.2 പോയിന്റ് നേട്ടത്തില്‍ 73,895.74 ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 77.4 പോയന്റ് നേട്ടത്തില്‍ 23,140 ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞ ഓഹരികളില്‍ വാല്യൂ ബൈയിംഗ് നടന്നത് വിപണിക്ക് നേട്ടമായി. ബ്രെന്റ് ക്രൂഡ് വില ഇപ്പോഴും ബാരലിന് 105 ഡോളറിന് മുകളിലാണ്. സ്വര്‍ണവില ഇന്ന് നേരിയതോതില്‍ ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 14,010 രൂപയിലെത്തി. പവന് 120 രൂപ വര്‍ധിച്ച് 1,12,080 രൂപയാണ് ഇന്നത്തെ വില.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്കിനെ ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്ക് ജന സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ആസ്തികളും ബാധ്യതകളും പൂര്‍ണമായി ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഏകദേശം 6,000-6,500 കോടി മൂല്യമുള്ള ഇടപാട് ഓഹരി കൈമാറ്റത്തിലൂടെയായിരിക്കുമെന്നാണ് വിവരം. ഓഹരി കൈമാറ്റ അനുപാതത്തില്‍ ചര്‍ച്ച തുടരുകയാണ്. ഇടപാട് നടന്നാല്‍ ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്വതന്ത്ര ബാങ്കായി തുടര്‍ന്നേക്കില്ല. 5,600 കോടി രൂപ വിപണി മൂല്യമുള്ള ജന എസ്എഫ്ബിയുടെ ഏറ്റെടുപ്പ് ഫെഡറല്‍ ബാങ്കിന് നേട്ടമായേക്കും.
10 ഉപകമ്പനികള്‍ അദാനി പവറില്‍ ലയിക്കും
അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള 10 ഉപകമ്പനികളെ അദാനി പവറില്‍ ലയിപ്പിക്കുന്ന പദ്ധതിക്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചു. എന്‍സിഎല്‍ടി മുംബൈ ബെഞ്ച് സെപ്റ്റംബര്‍ 24ന് വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന്റെ ലയനത്തിന് അനുമതി നല്കി. നേരത്തെ ഓഗസ്റ്റ് 4ന് അഹമ്മദാബാദ് ബെഞ്ച് മറ്റ് ഒമ്പത് കമ്പനികളുടെ ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് അദാനി പവര്‍ ഓഹരി ഏകദേശം 2% ഉയര്‍ന്നു.




