ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്ന് രണ്ട് പ്രധാന ലൈസൻസുകൾക്കായി പ്രാഥമിക അനുമതി നേടി. റീട്ടെയ്ൽ പേയ്മെന്റ് സേവനങ്ങൾക്കുമുള്ള RPSCS ലൈസൻസും ഡിജിറ്റൽ വാലറ്റുകൾപോലുള്ളവയ്ക്കുള്ള SVF ലൈസൻസുമാണ് കമ്പനിക്ക് ലഭിച്ചത്. ഇതോടെ അന്താരാഷ്ട്ര തലത്തിലേക്ക് തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് ഫോൺപേ എത്തിനിൽക്കുന്നത്.
ലക്ഷ്യങ്ങൾ നിരവധി
പ്രാഥമിക അനുമതി ലഭിച്ചതോടെ അടുത്ത ഘട്ടമായി യു.എ.ഇയിൽ പൂർണ്ണതോതിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനായി അവിടുത്തെ നിയമപരമായ ബാക്കി ആവശ്യങ്ങൾ പൂർത്തിയാക്കും. യു.എ.ഇയിലെ സാമ്പത്തിക മേഖലയെ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതികളുമായി സഹകരിച്ചാകും ഫോൺപേ പ്രവർത്തിക്കുക. പ്രാദേശിക ബാങ്കുകളുമായും മറ്റ് പേയ്മെന്റ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നതിനൊപ്പം യു.എ.ഇയുടെ തദ്ദേശീയ പേയ്മെന്റ് സംവിധാനങ്ങളായ ആനി, ജെയ്വാൻ എന്നിവയ്ക്കും സാങ്കേതിക സഹായം നൽകാൻ ഫോൺപേ ലക്ഷ്യമിടുന്നുണ്ട്.
ശക്തമായ സാന്നിധ്യമാകും
നിലവിൽ യു.എ.ഇയിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് NPCI ടെർമിനലുകൾ വഴിയും ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അയക്കാൻ ഫോൺപേ സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിൽ 70 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുള്ള ഫോൺപേയ്ക്ക്, പൂർണ്ണ ലൈസൻസ് ലഭിക്കുന്നതോടെ യു.എ.ഇയിലെ വിപണിയിലും ശക്തമായ സാന്നിധ്യമാകാൻ സാധിക്കും.
ഇന്ത്യക്കാർക്ക് സൗകര്യം
ഇത് പ്രകാരം, യു.എ.ഇയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ശൃംഖലകളായ നിയോപേ ,നെറ്റ്വർക്ക് ഇന്റർനാഷണൽ എന്നിവയുടെ സ്വൈപ്പിംഗ് മെഷീനുകളിലോ കടകളിലോ കാണുന്ന ക്യു.ആർ കോഡുകൾ ഫോൺപേ ആപ്പ് ഉപയോഗിച്ച് നേരിട്ട് സ്കാൻ ചെയ്യാൻ സാധിക്കും. ഇതിനായി പ്രത്യേക വിദേശ അക്കൗണ്ടുകളുടെയോ ക്രെഡിറ്റ് കാർഡുകളുടെയോ ആവശ്യമായി വരുന്നില്ല.
ഈ സൗകര്യം വഴി ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, നിങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് രൂപയായി തന്നെ പണം ഈടാക്കുകയും, അത് യു.എ.ഇ ദിർഹത്തിലേക്ക് മാറി അവിടെയുള്ള കടക്കാർക്ക് ലഭ്യമാകുകയും ചെയ്യും. യു.എ.ഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് കറൻസി മാറ്റുന്നതിലുള്ള പ്രയാസങ്ങൾ ഒഴിവാക്കാനും, സാധാരണ ഇന്ത്യയിൽ യു.പി.ഐ ഉപയോഗിക്കുന്നത് പോലെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താനും ഇത് സഹായിക്കുന്നു.




