ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പേര് മാറ്റുന്നു. ഐ.സി.ഐ.സി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് എന്ന് പേര് മാറ്റുന്നതിനുള്ള നിര്‍ദേശത്തിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി.കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസ് അന്തിമ അനുമതി നൽകിയതോടെ 2026 സെപ്റ്റംബർ 22 മുതൽ പുതിയ പേര് നിലവിൽ വന്നു. സെപ്റ്റംബർ 19-ന് നടന്ന വോട്ടെടുപ്പിൽ 99.99% ഓഹരി ഉടമകളും പേരുമാറ്റാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
പ്രുഡൻഷ്യൽ ഗ്രൂപ്പ് പുനഃസംഘടന
ബാർക്ലേയ്സ്ഭാരതി ലൈഫ് ഇൻഷുറൻസിന്റെ 75 ശതമാനം ഓഹരികൾ വാങ്ങാൻ പ്രുഡൻഷ്യൽ പി.എൽ.സി തീരുമാനിച്ചതിനെത്തുടർന്നാണ് ഈ മാറ്റം. ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രുഡൻഷ്യൽ ഗ്രൂപ്പ് ഈ നടപടി സ്വീകരിച്ചു.
ഈ മാറ്റത്തിന്റെ ഭാഗമായി, ഐ.സി.ഐ.സി.ഐ. ലൈഫ് ഇൻഷുറൻസിലെ പ്രുഡൻഷ്യലിന്റെ ഓഹരി പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിൽ താഴെയായി കുറയും. കൂടാതെ പ്രൊമോട്ടർ പദവിയിൽ നിന്ന് മാറി കേവലം ഒരു നിക്ഷേപകൻ മാത്രമായി പ്രുഡൻഷ്യൽ മാറും. കമ്പനിയുടെ ബോർഡിൽ നിന്നുള്ള പ്രുഡൻഷ്യലിന്റെ പ്രതിനിധി ഡയറക്ടറും സ്ഥാനമൊഴിയും.
കേരളത്തിൽ ശക്തമായ അടിത്തറ
കേരളത്തില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2026 ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍, കേരളത്തിലെ ടേം പ്ലാന്‍ ബിസിനസില്‍ 68.96 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. സംസ്ഥാനത്തെ ലിങ്ക്ഡ്, നോണ്‍-ലിങ്ക്ഡ് സമ്പാദ്യ പദ്ധതികള്‍, വാര്‍ഷിക വരുമാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവിങ്സ് ബിസിനസിലും കമ്പനിക്ക് ശക്തമായ അടിത്തറയുണ്ട്.
മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 8,30,274 പേര്‍ക്കാണ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുള്ളത്. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തിയുടെ മൂല്യം 12,922 കോടി രൂപയാണ്. സംസ്ഥാനത്ത് നല്‍കിയിട്ടുള്ള ആകെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക 63,394 കോടി രൂപയാണെന്നും, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ആകെ 2,773 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഡിസ്ട്രിബ്യൂഷന്‍ വിഭാഗം മേധാവി മണികണ്ഠന് രാജമണി പറഞ്ഞു.മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ കമ്പനിക്ക് 31 ശാഖകളും 20,008 അഡൈ്വസര്‍മാരും 6,271 പാര്‍ട്ണര്‍ ബ്രാഞ്ചുകളും 2,865 ജീവനക്കാരുമാണുള്ളത്.




