ഹൈദരാബാദിലെ സ്വിഗ്ഗി, സൊമാറ്റോ,ഡൻസോ, അർബൻ കമ്പനി തുടങ്ങിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾ , തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ തുക സ്വയം പിടിച്ചെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും യു.പി.ഐ അക്കൗണ്ടുകളിലെ ഓട്ടോ-ഡെബിറ്റ് സൗകര്യം ദുരുപയോഗം ചെയ്താണ് ഇത്തരം തുക പിടുത്തങ്ങൾ നടത്തുന്നത്. ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ നൽകുന്ന മുൻകൂറുകൾ, ജോലിക്കായി നൽകുന്ന ഉപകരണങ്ങളുടെ വാടക, പ്രതിദിന പ്ലാറ്റ്ഫോം ചാർജുകൾ, അല്ലെങ്കിൽ ഡെലിവറി വൈകിയെന്ന പേരിൽ ഈടാക്കുന്ന അനാവശ്യ പിഴകൾ എന്നിവ തൊഴിലാളികളുടെ അക്കൗണ്ടിൽ പണം എത്തുമ്പോൾ തന്നെ ബാങ്ക് വഴിയോ ആപ്പ് വഴിയോ സ്വയമേവ വെട്ടിക്കുറയ്ക്കുന്നു.
സമ്മതം വാങ്ങണം
ഇത്തരത്തിലുള്ള അപ്രതീക്ഷിത പിടുത്തങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തെയും കുടുംബ പുലർത്തലിനെയും സാരമായി ബാധിക്കുന്നുണ്ടെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. തുച്ഛമായ വേതനത്തിൽ കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരുടെ അക്കൗണ്ടിൽ നിന്ന് കൃത്യമായ മുൻകൂട്ടി അറിയിപ്പുകളോ വ്യക്തമായ വിശദീകരണങ്ങളോ ഇല്ലാതെ പണം പിടിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള തുക കുറയ്ക്കുന്നതിന് മുൻപ് തൊഴിലാളികളിൽ നിന്ന് വ്യക്തമായ സമ്മതം വാങ്ങണമെന്നും, പിഴ ഈടാക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന സുതാര്യമായ സംവിധാനം കമ്പനികൾ കൊണ്ടുവരണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
ആർ ബി ഐ ഇടപെടൽ ആവശ്യം
ഈ സാഹചര്യത്തിൽ, അനധികൃതമായ യു.പി.ഐ ഓട്ടോ-ഡെബിറ്റുകളിൽ നിന്നും തുക പിടുത്തങ്ങളിൽ നിന്നും തങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിലെ ഗിഗ് തൊഴിലാളി യൂണിയനുകൾ തെലങ്കാന സർക്കാരിനെയും റിസർവ് ബാങ്കിനെയും സമീപിച്ചിട്ടുണ്ട്. ഗിഗ് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആർ.ബി.ഐ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അനിയന്ത്രിതമായ തുക പിടുത്തങ്ങൾ നിയന്ത്രിക്കാനും പ്ലാറ്റ്ഫോം കമ്പനികളുടെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ നിന്ന് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്നാണ് ആവശ്യം.




