വരുന്ന ആഘോഷകാലത്തിന് മുന്നോടിയായി പാചക എണ്ണകളുടെ വില കുറയ്ക്കാനായി കേന്ദ്ര സർക്കാർ ക്രൂഡ് സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, പാം ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചു. ക്രൂഡ് സൂര്യകാന്തി എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് പൂജ്യമായും, സോയാബീൻ, പാം ഓയിൽ എന്നിവയുടേത് 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചിട്ടുണ്ട്. ഈ തീരുവ ഇളവിന്റെ പൂർണ്ണ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വിതരണക്കാരുടെയും കച്ചവടക്കാരുടെയും വിലനിരക്കുകളും എം.ആർ.പി.യും ഉടനടി പുതുക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വ്യവസായ സംഘടനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സൂര്യകാന്തി എണ്ണ വില
എന്നാൽ, ഈ തീരുവ ഇളവ് കാരണം കടകളിൽ പാചക എണ്ണ വില പെട്ടെന്ന് കുറയുമോ എന്നത് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില, ചരക്കുകൂലി , രൂപയുടെ മൂല്യം, ആഭ്യന്തര സ്റ്റോക്ക് തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് എണ്ണ ശുദ്ധീകരിക്കുന്ന കമ്പനികൾക്ക് ചിലവ് കുറയ്ക്കുമെങ്കിലും, ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾ റീട്ടെയിൽ വിലയെ ബാധിക്കാം. പ്രത്യേകിച്ച് സൂര്യകാന്തി എണ്ണയ്ക്കാണ് വലിയ തോതിൽ തീരുവ ഇളവ് ലഭിച്ചിട്ടുള്ളത് എന്നതിനാൽ, പ്രധാനമായും ദക്ഷിണേന്ത്യൻ വിപണികളിൽ സൂര്യകാന്തി എണ്ണ കൂടുതൽ വിലക്കുറവിൽ ലഭ്യമാകാൻ ഇത് സഹായിച്ചേക്കും.
കർഷകരെ സംരക്ഷിക്കുമോ?
അതേസമയം, സംസ്കരിച്ച എണ്ണയേക്കാൾ ക്രൂഡ് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രൂഡ് എണ്ണയും റിഫൈൻഡ് എണ്ണയും തമ്മിലുള്ള ഇറക്കുമതി തീരുവ വ്യത്യാസം 19.25% സർക്കാർ അതുപോലെ നിലനിർത്തിയിട്ടുണ്ട്. ഇത് രാജ്യത്തിനകത്തുള്ള എണ്ണ ശുദ്ധീകരണ ശാലകൾക്ക് സംരക്ഷണം നൽകുകയും പ്രാദേശികമായി കൂടുതൽ ജോലി സാധ്യതകൾ ഉണ്ടാക്കുകയും ചെയ്യും. ഇന്ത്യ തങ്ങളുടെ പാചക എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് ആശ്വാസം എത്തിക്കുന്നതിനൊപ്പം പ്രാദേശിക കർഷകരുടെയും വ്യവസായങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കാനും സർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
സോളവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകുന്ന വിവരമനുസരിച്ച്, ഈ ഒക്ടോബറിൽ അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പാചക എണ്ണ ഇറക്കുമതി ചിലവ് 9% വർദ്ധിച്ച് 1.75 ലക്ഷം കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ധനകാര്യ കാഴ്ചപ്പാടിൽ ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും വിദേശനാണയ കരുതൽ ശേഖരത്തെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇറക്കുമതി ചിലവ് ഇത്രയധികം ഉയർന്നതെന്ന് നോക്കാം
രൂപയുടെ മൂല്യത്തകർച്ച
ഇറക്കുമതി ചിലവ് ഉയരാൻ പ്രധാനമായും രണ്ട് സാമ്പത്തിക കാരണങ്ങളാണുള്ളത്. ഒന്ന്, രാജ്യത്തേക്ക് കൂടുതൽ അളവിൽ പാചക എണ്ണ ഇറക്കുമതി ചെയ്തു. രണ്ട്, അന്താരാഷ്ട്ര വിപണിയിൽ ഡോളറുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു . നമ്മൾ വിദേശ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ പണം നൽകുന്നത് യു.എസ്. ഡോളറിലാണ്. രൂപയുടെ മൂല്യം ഇടിയുമ്പോൾ, അതേ അളവിൽ എണ്ണ വാങ്ങാൻ മുൻപത്തേക്കാൾ കൂടുതൽ രൂപ നൽകേണ്ടി വരുന്നു, ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ഭാരം കൂട്ടുന്നു.
കറന്റ് അക്കൗണ്ട് കമ്മിയിലെ വർദ്ധനവ്
ഒരു രാജ്യം വിദേശത്തേക്ക് അയക്കുന്നതിനേക്കാൾ കൂടുതൽ തുക ഇറക്കുമതിക്കായി വിദേശത്തേക്ക് കൊടുക്കുമ്പോൾ സംഭവിക്കുന്നതാണ് കറന്റ് അക്കൗണ്ട് കമ്മി. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലൊന്നാണ് പാചക എണ്ണ (പാം ഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണകൾ). പാചക എണ്ണക്കായി മാത്രം 1.75 ലക്ഷം കോടി രൂപ വിദേശത്തേക്ക് ഒഴുകുന്നത് രാജ്യത്തിന്റെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിപ്പിക്കും. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മേൽ അധിക സമ്മർദ്ദം ഉണ്ടാക്കും.
ഉപഭോക്തൃ പണപ്പെരുപ്പം
ഇറക്കുമതി ചിലവ് കൂടുമ്പോൾ അത് രാജ്യത്തിനുള്ളിലെ റീട്ടെയിൽ വിപണികളിൽ പാചക എണ്ണയുടെ വില ഉയരാൻ കാരണമാകുന്നു. സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നായതിനാൽ ഇത് രാജ്യത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പം കൂട്ടും. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നത് നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് പലിശ നിരക്കുകൾ കുറയ്ക്കാൻ സാധിക്കാതെ വരികയും, അത് ബിസിനസ് വായ്പകളെയും രാജ്യത്തിന്റെ വളർച്ചാ നിരക്കിനെയും ബാധിക്കുകയും ചെയ്യും.




