എഐ ലോകത്തെ അവസാനിപ്പിക്കില്ലെന്ന് ഹുവാങ്ങ്
2030ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അവസാനിപ്പിക്കാനുള്ള സാധ്യത പൂജ്യം ശതമാനമാണെന്ന് Nvidia സിഇഒ ജെന്സന് ഹുവാങ്. AI ഗവേഷണവും വികസനവും മന്ദഗതിയിലാക്കണമെന്ന വാദത്തെയും അദ്ദേഹം എതിര്‍ത്തു. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്. എഐ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ വിപണിയിലെത്തിക്കരുതെന്നും കമ്പനികള്‍ സ്വന്തം സാങ്കേതികവിദ്യയുടെ സുരക്ഷയ്ക്ക് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. Anthropic സിഇഒ ഡാരിയോ അമോഡെയ് ഉള്‍പ്പെടെയുള്ളവര്‍ എഐ മോഡലുകളുടെ വികസന വേഗം കുറയ്ക്കണമെന്നും സ്വതന്ത്ര സുരക്ഷാ വിലയിരുത്തലുകള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എച്ച്-1ബി വിസ ഫീസ്: കാലാവധി നീട്ടി ട്രംപ്
അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ അനുവദിക്കുന്ന H-1B വിസയിലെ ചില അപേക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ 1 ലക്ഷം ഡോളര്‍ ഫീസ് 2027 സെപ്റ്റംബര്‍ 21 വരെ നീട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 സെപ്റ്റംബറില്‍ ഏര്‍പ്പെടുത്തിയ ഈ നിബന്ധന പുതിയതായി അമേരിക്കയ്ക്ക് പുറത്തുനിന്ന് എത്തുന്ന ചില H-1B തൊഴിലാളികള്‍ക്കാണ് ബാധകമാകുന്നത്. സ്പോണ്സര് ചെയ്യുന്ന തൊഴിലുടമയാണ് ഈ തുക നല്‍കേണ്ടത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകരിച്ച H-1B അപേക്ഷകളില്‍ 71 ശതമാനം, അതായത് 2,83,755 എണ്ണം, ഇന്ത്യയില്‍ ജനിച്ചവരുടേതായിരുന്നു. ഫീസ് സംബന്ധിച്ച നിയമപോരാട്ടം തുടരുന്നതിനിടെയാണ് കാലാവധി നീട്ടിയത്.
യുഎസിലേക്കുള്ള സോഫ്റ്റ്വെയര് കയറ്റുമതി ഉയര്‍ന്നു
അമേരിക്കന്‍ വിപണിയിലേക്കുള്ള ഇന്ത്യയുടെ സോഫ്റ്റ്വെയര് സേവന കയറ്റുമതി 2026 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം ഉയര്‍ന്ന് 119.7 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ഇന്ത്യയുടെ മൊത്തം സോഫ്റ്റ്വെയര് സേവന കയറ്റുമതിയിലെ അമേരിക്കയുടെ വിഹിതം 54.1 ശതമാനമായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ 52.9 ശതമാനമായിരുന്നു കയറ്റുമതി. RBIയുടെ വാര്‍ഷിക സര്‍വേ പ്രകാരം, വിദേശ അഫിലിയേറ്റുകളുടെ വില്‍പ്പന ഒഴിവാക്കിയുള്ള ഇന്ത്യയുടെ മൊത്തം സോഫ്റ്റ്വെയര് സേവന കയറ്റുമതി 8.2 ശതമാനം വര്‍ധിച്ച് 221.4 ബില്യണ്‍ ഡോളറായി. യുകെയാണ് ഇന്ത്യയുടെ രണ്ടാമതെ വലിയ സോഫ്റ്റ്വെയര് വിപണി.
എണ്ണത്തീരുവ നിയമത്തിന് ട്രംപിന്റെ അംഗീകാരം
റഷ്യയ്ക്കെതിരായ പുതിയ ഉപരോധ നിയമത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി വീണ്ടും വ്യാപാര സമ്മര്‍ദത്തിലേക്ക്. Lindsey O. Graham Sanctioning Russia and Iran Act of 2026 എന്ന നിയമം റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളില്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്കുന്നു. എന്നാല്‍ ഇന്ത്യക്ക് മേല്‍ ഉടന്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന സൂചനകള്‍ യുഎസ് നല്‍കിയിട്ടില്ല. റഷ്യന്‍ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും വാങ്ങല്‍ കുറയ്ക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നിയമത്തില്‍ ഇളവിന് വ്യവസ്ഥയുണ്ട്.
സ്വതന്ത്ര വ്യാപാര കരാറുകള്‍ യുവാക്കള്‍ക്ക് വലിയ അവസരമൊരുക്കുമെന്ന് മോദി
ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച 40 സ്വതന്ത്ര വ്യാപാര കരാറുകള്‍ (FTAs) രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ വിപണികളും കരിയര്‍ അവസരങ്ങളും തുറക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സംരംഭകര്‍ക്ക് പുതിയ പങ്കാളിത്തങ്ങളും ആഗോള വിപണികളിലേക്കുള്ള പ്രവേശനവും സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖല വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അംഗീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം പകുതി Tier-2, Tier-3 നഗരങ്ങളിലാണെന്നും മോദി പറഞ്ഞു. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




