ആഡംബര ജീവിതം, വില കൂടിയ കാറ്, കൊട്ടാരം പോലെ വീട്, ധാരാളിത്തം ഇതൊക്കെയാണ് കോടീശ്വരരെ കുറിച്ചുള്ള പൊതുചിന്ത. പക്ഷേ, എല്ലാ കോടീശ്വരരും അങ്ങനെ തന്നെയാകണമെന്നില്ല. സമ്പത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തിന്റെ നന്മയ്ക്കുമായി മാറ്റിവെക്കുന്ന നിരവധി കോടീശ്വരരുണ്ട്.
വ്യവസായ സാമ്രാജ്യങ്ങളുടെ അധിപന്മാരും ഇന്‍ഡസ്ട്രി പ്രമുഖന്മാരുമായ ഇന്ത്യയിലെ ശതകോടീശ്വരരില്‍ സമ്പത്തല്ലാതെ പൊതുവായുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താല്‍പ്പര്യമാണ്. ഹുരുണിന്റെ 2025-ലെ ജീവകാരുണ്യ പ്രവര്‍ത്തന പട്ടികയില്‍ നിരവധി ഇന്ത്യക്കാര്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ ഇന്ത്യക്കാര്‍ ആരെല്ലാമാണെന്ന് നോക്കാം.
ശിവ് നാടാര്‍
എച്ച്സിഎല്‍ ടെന്കോളജീസിന്റെ സഹസ്ഥാപകനായ ശിവ് നാടാരും കുടുംബവും പ്രതിവര്‍ഷം 2700 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നുണ്ടെന്നാണ് ഹുരുണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് അവര്‍ പ്രതിദിനം 7.4 കോടി രൂപ സംഭാവനയായി നല്കുന്നു. പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് ഇവര്‍ പണം ചിലവഴിക്കുന്നത്. മുന്‍വര്‍ഷത്തെ അപേകഷിച്ച് 2025 സാമ്പത്തിക വര്‍ഷത്തില്‍ ശിവ് നാടാരും കുടുംബവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 26 ശതമാനം തുക അധികമായി വിനിയോഗിച്ചു.
മുകേഷ് അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സാമ്രാജ്യത്തെ വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മുകേഷ് അംബാനിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയില്‍ രണ്ടാമനായ കോടീശ്വരന്. പ്രതിവര്‍ഷം 626 കോടി രൂപയാണ് മുകേഷ് അംബാനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നത്. ഗ്രാമീണ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കായിക വികസനം, ദുരന്ത നിവാരണം, സ്ത്രീ ശാക്തീകരണം, കലാസാംസ്കാരികം, പൈതൃക സംരക്ഷണം, നഗരാസൂത്രണം എന്നീ മേഖലകളിലാണ് അംബാനി കുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.
ബജാജ് കുടുംബം
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബജാജ് കുടുംബത്തിന്റെ ജീവകാരുണ്യരംഗത്തെ ചിലവിടല്‍ 27 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി 440 കോടി രൂപയാണ് ബജാജ് കുടുംബം മാറ്റിവെച്ചത്. ജംനാലാല്‍ ബജാജ്, കമല്നയന് ജംനാലാല്‍ എന്നിവരുടെ ജീവകാരുണ്യ പ്രവര്‍ത്തന പാരമ്പര്യത്തോടുള്ള ആദരമായി ജംനാലാല്‍ കനിറാം ബജാജ് ട്രസ്റ്റിനും കമല്നയന് ജംനാലാല്‍ ബജാജ് ഫൗണ്ടേഷനും ബജാജ് ഗ്രൂപ്പ് തുടക്കമിട്ടിട്ടുണ്ട്.
കുമാര്‍ മംഗളം ബിര്‍ള
58കാരനായ ബിര്‍ള 440 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2025 സാമ്പത്തിക വര്‍ഷത്തില്‍ ചിലവഴിച്ചത്. ഇതിന്റെ 20 ശതമാനവും അദ്ദേഹത്തിന്റെ വ്യക്തിഗത ഫണ്ടില്‍ നിന്നുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, കായികം എന്നീ മേഖലകളിലാണ് പ്രധാനമായും ബിര്‍ള കുടുംബം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രതിദിനം ഒരു കോടി രൂപയെന്ന തോതില്‍ ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നു.
ഗൗതം അദാനി
386 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുനായി അഞ്ചാം സ്ഥാനത്താണ് ആദാനി ഗ്രൂപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഇവരുടെ ചിലവിടല്‍ 17 ശതമാനം വര്‍ധിച്ചു. പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് ഇവര്‍ സംഭാവനകള്‍ നല്‍കുന്നത്. സ്കില്‍ ഡെവലപ്മെന്റ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
നന്ദന് നിലേക്കനി
ഇന്‍ഫോസിസ് സഹ സ്ഥാപകനായ നന്ദന് നിലേക്കനിയാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. നിലേക്കനിയുടെ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടില്‍ 19 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 365 കോടി രൂപയാണ് സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നതിനായി നിലേക്കനി മാറ്റിവെച്ചത്.
ഹിന്ദുജ കുടുംബം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുമ്പിലുള്ള പത്ത് ഇന്ത്യന്‍ കോടീശ്വരരുടെ പട്ടികയിലേക്ക് ഹിന്ദുജ കുടുംബം തിരിച്ചെത്തി. 298 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷണം. ഗ്രാമീണ വികസനം, ജലസംരക്ഷണം, സ്കില്‍ ഡെവലപ്മെന്റ് എന്നീ മേഖലകളിലാണ് ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. സുസ്ഥിരമായ ജീവിതസാഹചര്യങ്ങള്‍, ശാക്തീകരണം, പൈതൃക സംരക്ഷണം എന്നീ മേഖലകള്‍ക്കാണ് ഇവര്‍ ഊന്നല്‍ നല്‍കുന്നത്.
രോഹിണി നിലേക്കനി
രോഹിണി നിലേക്കനി സംഘടനയുടെ ചെയര്‍പേഴ്സണും ഏക്സ്റ്റെപ്പ് എന്ന വിദ്യാഭ്യാസ സന്നദ്ധ സംഘടനയുടെ സഹസ്ഥാപകയും ഡയറക്ടറുമായ രോഹിണിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഏറ്റവും ഉദാരരായ ഇന്ത്യക്കാരുടെ പട്ടികയിലെ ഏക വനിത എന്ന നേട്ടവും രോഹിണിയാണ്. പട്ടികയില്‍ എട്ടാംസ്ഥാനത്തുള്ള രോഹിണി നിലേക്കനിയും നന്ദന് നിലേക്കനിയും അവരുടെ സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ്.
സുധീര്‍, സമീര്‍ മേത്ത
മേത്ത കുടുംബം ഈ വര്‍ഷം പട്ടികയില്‍ ഇടം നേടിയവരാണ്. സംഭാവനയില് ഒമ്പതാംസ്ഥാനത്താണ് ഇവര്‍. 189 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. യുഎന്‍എം ഫൗണ്ടേഷന് എന്ന സംഘടന വഴിയാണ് ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രധാനമായും ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനം. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനം, സ്കോളര്‍ഷിപ്പുകള്‍, സ്കില്‍ ട്രെയിനിംഗ് സെന്ററുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് ഇവര്‍ സജീവം. ഇന്ത്യയിലുടനീളം സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച ഉണ്ടാകുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
സൈറസ് പൂനാവാല, അഡാര്‍ പൂനാവാല
173 കോടി രൂപയുടെ സംഭാവനകളുമായി പട്ടികയില്‍ പത്താംസ്ഥാനത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനാവാലയും മകന് അഡാര്‍ പൂനാവാലയുമാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ ദീര്‍ഘകാല നിക്ഷേപങ്ങളാണ് ഇവര്‍ നടത്തുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫൗണ്ടേഷന് മുഖേന ചെറുനഗരങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ സ്ഥാപിച്ചും കുഷ്ഠ രോഗ ബാധിതര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചും ശുദ്ധജല പദ്ധതികള്‍ നടപ്പിലാക്കിയും ഇവര്‍ ജീവകാരുണ്യ രംഗത്ത് സജീവമാണ്. എല്ലാവര്ക്കും പ്രാപ്യമായ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.




