തദ്ദേശീയ ഉല്‍പ്പാദനത്തിന് ഇന്സെന്റീവുകളിലൂടെ പ്രോല്‍സാഹനം നല്‍കാനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി വഴി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ജൂലൈ 31 വരെ വിതരണം ചെയ്തത് 21,689 കോടി രൂപ. 12 മേഖലകളിലായാണ് പിഎല്‍ഐ വിതരണം ചെയ്തതെന്ന് വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിന് പ്രസാദ ലോക്സഭയെ അറിയിച്ചു.
14 മേഖലകളിലായി 806 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഭക്ഷ്യോല്‍പ്പന്ന വിഭാഗത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗീകൃത അപേക്ഷകള്‍, 182. സ്പെഷ്യാലിറ്റി സ്റ്റീല്‍ (109), ഓട്ടോ (95), ടെക്സ്റ്റൈല്‍ (74), വൈറ്റ് ഗുഡ്സ് (66), ഫാര്‍മ (55) എന്നീ വിഭാഗങ്ങളില്‍ നിന്നാണ് പിന്നീട് ഏറ്വുമധികം അപേക്ഷകള്‍ ലഭിച്ചത്.
2021 ലാണ് 14 മേഖലകളില്‍ തദ്ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായി 1.97 ലക്ഷം കോടി വകയിരുത്തി പിഎല്‍ഐ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇലക്ട്രോണിക്സ്, ഐടി, ഹാര്ഡ്വെയര്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം, നെറ്റ്വര്ക്കിംഗ് ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ സംസ്കരണം, വൈറ്റ് ഗുഡ്സ്, ഡ്രോണുകള്‍, സ്പെഷ്യാലിറ്റി സ്റ്റീല്‍, ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈലുകള്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവ ഈ മേഖലകളില്‍ ഉള്‍പ്പെടുന്നു.
ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണം
പിഎല്‍ഐ പദ്ധതി ഏറ്റവും നേട്ടമുണ്ടാക്കിയത് ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ മേഖലയിലാണ്. 300 ല്‍ അധികം മൊബൈല്‍ ഫോണ്‍ യൂണിറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടു. ഏകദേശം 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിലൂടെ ആകര്‍ഷിക്കാനായി. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഉല്‍പ്പാദനം, കയറ്റുമതി എന്നിവയില്‍ വലിയ നേട്ടം
2025 മാര്‍ച്ച് വരെ പിഎല്‍ഐ മേഖലകളിലെ നിക്ഷേപ വാഗ്ദാനങ്ങള്‍ 1.76 ലക്ഷം കോടി രൂപയിലെത്തി. 16.5 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനവും 1.2 ദശലക്ഷത്തിലധികം തൊഴിലവസരങ്ങളും (പ്രത്യക്ഷമായും പരോക്ഷമായും) സൃഷ്ടിക്കപ്പെട്ടു.