വിപണിയിൽ പല തരം സെയിൽസ് ആൻഡ് മാർക്കറ്റിങ് സ്ട്രാറ്റജികൾ നിലനിൽക്കുന്നുണ്ട്.ഈ ബ്രാൻഡിംഗ് തന്ത്രങ്ങൾ ഉൽപ്പന്നം, ഉപഭോക്താക്കൾ എന്നിവ മാറുന്നതിനു അനുസൃതമായി മാറിക്കൊണ്ടിരിക്കും. ബിസിനസിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ ബിസിനസിൽ ഒരു ഇടിവുണ്ടാകുമ്പോൾ ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വില കുറച്ചു നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്ന സെയിൽ തന്ത്രം പല സ്ഥാപനങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ ഇത് ബ്രാൻഡിന്റെ ഇല്ലാതാക്കുന്ന സമീപനമാണെന്നു വ്യക്തമാക്കുന്നു ഫ്രഷ് റ്റു ഹോം സ്ഥാപനകനായ മാത്യു ജോസഫ്.
” വില കുറച്ചു കൊടുത്തിട്ട് സാധനം വിൽക്കുകയാണെങ്കിൽ പ്രസ്തുത വില നമ്മുടെ പ്രോഫിറ്റിൽ നിന്നാണ് നമ്മൾ കുറയ്ക്കുന്നത്. അവിടെ ഇല്ലാതാകുന്നത് നമ്മുടെ ലാഭമാണ്. മാത്രമല്ല. ഇത്തരത്തിൽ വില കുറച്ചു നൽകേണ്ടി വരുമ്പോൾ ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും. അപ്പോൾ ഉപഭോക്താക്കളോട് അവരോട് പറഞ്ഞ വാക്കിൽ കോംപ്രമൈസ് ചെയ്യും. ഇതെല്ലം കൂടി ചേരുമ്പോൾ ഉൽപ്പനനത്തിന്റെ ബ്രാൻഡിംഗിനെ അത് ബാധിക്കും” മാത്യു ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയിൽ പറയുന്നു.
വില കുറച്ചു നൽകി വില്പന കൂട്ടുന്ന തന്ത്രം ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒന്നല്ല. ഇവിടെ തീരുമാനം എടുക്കേണ്ടത് സംരംഭകനാണ്. ഉപഭോക്താക്കൾക്ക് നൽകിയ വാക്ക്, ഉൽപ്പന്നത്തിന്റെ ഗുണനിലവാരം , ബ്രാൻഡ് നെയിം എന്നിവ എക്കാലത്തേക്കുമായി സംരക്ഷിക്കുകയാണോ വേണ്ടത് അതോ താൽക്കാലിക ലാഭത്തിനായി ഇവയെല്ലാം വേണ്ടെന്ന് വച്ച് വില കുറച്ചു നൽകി സെയിൽസ് കൂട്ടുകയാണോ വേണ്ടത്?
തീർച്ചയായും വില കുറച്ചു കൊടുത്ത് ബിസിനസ് പിടിക്കുക എന്ന് പറയുന്നത് അത്ര വലിയ കാര്യമോ നേട്ടമോ അല്ലെന്ന നിലപാടിലാണ് വിജയിച്ച സ്ഥാപനങ്ങൾ ഉറച്ചു വിശ്വസിക്കുക. അത്തരത്തിൽ സെയിൽസ് വർധിച്ചാലും ആ വർധനവ് അധിക കാലം നിലനിലക്കില്ലെന്ന ബോധ്യമാണ് ഇത്തരം സംരംഭങ്ങൾക്കുള്ളത്.