ഇന്ത്യയില്‍ ഒരാള്‍ക്ക് എത്തിപ്പെടാനാവുന്ന ഏറ്റവും മികച്ച കരിയറുകള്‍ ഏതാവും? പ്രശസ്തിയും സമ്പത്തും കുമിഞ്ഞുകൂട്ടുന്ന കരിയറുകള്‍? അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ക്രോളിന്റെ ഏറ്റവും പുതിയ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് ഇതിന് ഉത്തരം തരുന്നു. ബോളിവുഡ് ആക്ടര്‍, ക്രിക്കറ്റര്‍ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന കരിയറുകള്‍. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്തോറും സമ്പത്ത് ക്രമാതീതമായി വര്‍ധിക്കുന്ന രണ്ട് മേഖലകളാണ് ഇവ.
ക്രോളിന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ മികച്ച 10 ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റികളില്‍ ഏഴുപേരും ബോളിവുഡില്‍ നിന്നാണ്. ശേഷിക്കുന്ന മൂന്നുപേര്‍ ക്രിക്ക്റ്റ് മൈതാനങ്ങളില്‍ ജനങ്ങളെ ആവേശം കൊള്ളിക്കുന്നവര്‍. ഇനി 25 പേരുടെ പട്ടികയെടുത്താലും അതിലും വരുന്നത് ക്രിക്കറ്റര്‍മാരും ബോളിവുഡ് നടീനടന്മാരും തന്നെ. സെലിബ്രിറ്റികളുടെ മൂല്യം അളക്കുന്നത് അംഗീകാരങ്ങള്‍, സോഷ്യല്‍ മീഡിയയിലെ അവരുടെ റീച്ച്, മൊത്തം ആസ്തി എന്നിവ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയിലെ മികച്ച 25 സെലിബ്രിറ്റികളുടെ സംയോജിത ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.6 ശതമാനം വര്‍ധിച്ച് 2 ബില്യണ്‍ ഡോളറിലെത്തിയെന്ന് ക്രോള്‍ പറയുന്നു.
കിംഗ് കോഹ്ലി
കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ വിരാട് കോഹ്ലിയാണ് ട്രോളിന്റെ പട്ടികയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റി. 231.1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡാണ് അദ്ദേഹം. 14 വര്‍ഷത്തെ മികച്ച കരിയറിന് ശേഷം ഈ വര്‍ഷം ആദ്യം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് കരാറുകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍, മികച്ച നിക്ഷേപങ്ങള്‍ എന്നിവയിലൂടെ 2025-ല്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1,050 കോടി രൂപയാണ്.
രണ്‍വീര്‍ രണ്ടാമന്
തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പേരുകേട്ട രണ്‍വീര്‍ സിംഗ് 2025 ഡിസംബര്‍ 5 ന് റിലീസ് ചെയ്യുന്ന തന്റെ ചിത്രം ധുരന്ധറിന്റെ ചിത്രീകരണത്തിലാണ്. 2026 ന്റെ തുടക്കത്തില്‍ ഡോണ്‍ 3 യിലും അദ്ദേഹം അഭിനയിക്കും. അഭിനയം, അംഗീകാരങ്ങള്‍, ബിസിനസ് സംരംഭങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം കൂടി അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 50 മില്യണ്‍ ഡോളറാണ്. ബ്രാന്‍ഡ് മൂല്യം 170.7 മില്യണ്‍ ഡോളര്‍. 2022 ല്‍ 186 മില്യണ്‍ ഡോളറുമായി കോഹ്ലിയെ പിന്തള്ളി ഈ പട്ടികയില്‍ രണ്‍വീര്‍ ഒന്നാമതെത്തിയിരുന്നു.
കിംഗ് ഖാന്
33 വര്‍ഷം ബോളിവുഡ് സിനിമയിലെ രാജാവായി വാണ ഷാഹ്രുഖ് ഖാന് 2023 ല്‍ ആറ്റ്ലി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജവാനിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ആദ്യത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡിന്റെ രൂപത്തില്‍ അംഗീകാരം ഇപ്പോഴാണ് തേടി വരുന്നതെങ്കിലും ബ്രാന്‍ഡ് എന്ന നിലയില്‍ പതിറ്റാണ്ടുകളായി അദ്ദേഹം ജനമനസുകളില്‍ ഇടം പിടിച്ചിരിക്കുന്നു. 7,300 കോടി രൂപ (ഏകദേശം 876 മില്യണ്‍ ഡോളര്‍) ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികനും സ്വാധീനവുമുള്ള നടന്മാരില് ഒരാളാണ്. ബ്രാന്‍ഡ് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 145.7 മില്യണ്‍ ഡോളറുമായി പട്ടികയില്‍ മൂന്നാമനാണ് ഖാന്.
ആലിയ എന്ന മിടുക്കി
ഭര്‍ത്താവ് രണ്‍ബീര്‍ കപൂറുമൊത്ത് 250 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ വീട്ടിലേക്ക് ആലിയ ഭട്ട് അടുത്തിടെ താമസം മാറ്റിയിരുന്നു. എഡ്-എ-മമ്മ പോലുള്ള പരിസ്ഥിതി സൗഹൃദ ബ്രാന്‍ഡുകളെയാണ് ആലിയ പിന്തുണയ്ക്കുന്നത്. 116.4 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി നാലാം സ്ഥാനത്തുണ്ട് ആലിയ.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍
13 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന് ബാറ്റ് താഴെ വെച്ചിട്ട്. എന്നിട്ടും ക്രിക്കറ്റ് കളത്തിലും പുറത്തും അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 2025 സെപ്റ്റംബറില്‍, ഇന്ത്യന്‍ ക്രിക്കറ്റിന് നല്കിയ സമാനതകളില്ലാത്ത സംഭാവനകളെ ആദരിച്ചുകൊണ്ട് ബിസിസിഐ നമന്‍ അവാര്‍ഡുകളില്‍ കേണല്‍ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. പുതിയ അംഗീകാരങ്ങളുടെ പിന്‍ബലത്തില്‍ 112.2 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ആദ്യ അഞ്ചില്‍ ഇടം നേടി.
ആറാമന്‍ അക്ഷയ്
സ്കൈ ഫോഴ്സ്, കേസരി ചാപ്റ്റര്‍ 2, ജോളി എല്‍എല്‍ബി 3 തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് അക്ഷയ് കുമാര്‍ 2025-ല്‍ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായി തുടരുന്നു. 2,700 കോടി രൂപ ആസ്തിയാണ് അക്ഷയിനുള്ളത്. 108 മില്യണ്‍ ഡോളറാണ് ഖിലാഡിയോം കാ ഖിലാഡിയുടെ ബ്രാന്‍ഡ് മൂല്യം.
തിരിച്ചടികളില്‍ പതറാതെ ദീപിക
ജവാന് ശേഷം ഷാരൂഖ് ഖാനുമൊത്തുള്ള ആറാമത്തെ ചിത്രമായ കിംഗിന്റെ ചിത്രീകരണം ദീപിക പദുക്കോണ്‍ അടുത്തിടെ ആരംഭിച്ചു. കല്‍ക്കി 2898 എഡി, സ്പിരിറ്റ് തുടങ്ങിയ പ്രോജക്ടുകള്‍ നഷ്ടമായെങ്കിലും ദീപികയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ കുറവില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി റീട്ടെയിലറായ നൈകയുടെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ദീപിക. 103 മില്യണ്‍ ഡോളറാണ് ദീപികയുടെ ബ്രാന്‍ഡ് മൂല്യം.
ക്യാപ്റ്റന്‍ കൂള്‍
ഇന്ത്യയിലെ ഏറ്റവും സെലിബ്രേറ്റഡായ ക്രിക്കറ്റ് താരങ്ങളിലൊരാളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും എം എസ് ധോണി തുടരുന്നു. 16 വര്‍ഷത്തെ അത്ഭുതകരമായ ക്രിക്കറ്റ് കരിയറിന് അദ്ദേഹത്തെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ അടുത്തിടെ ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിനെ ഏല്‍പ്പിച്ച് പിന്നോട്ടുമാറിയ ധോണി അടിയന്തര സാഹചര്യത്തില്‍ വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തുന്നതും കണ്ടു. 102.9 മില്യണ്‍ ഡോളറാണ് ധോണിയുടെ ബ്രാന്‍ഡ് മൂല്യം.
ഹൃത്വിക് റോഷന്
2000 ല്‍ കഹോ നാ പ്യാര് ഹേ എന്നു പാടിയെത്തിയ ചോക്കളേറ്റ് പയ്യന് ഇന്ന് ബോളിവുഡിലെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്ന താരങ്ങളിലൊരാളാണ്. ഏകദേശം 3,100 കോടി രൂപയുടെ ആസ്തിയാണ് ഹൃതിക്കിനുള്ളത്. സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സ് പോലുള്ള വിജയകരമായ സംരംഭങ്ങളില്‍ നിന്നുമാണ് വരുമാനം. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഹൃത്വിക്കും പിതാവ് രാകേഷ് റോഷനും സജീവമാണ്. ബ്രാന്‍ഡ് മൂല്യം 92.2 മില്യണ്‍ ഡോളര്‍.
അമിതാഭ് എന്ന ക്ഷുഭിതയൗവനം
82 ാം വയസിലും പ്രായ, കാല, സ്ഥല ഭേദമെന്യേ അമിതാഭ് ബച്ചന്റെ മുഴങ്ങുന്ന ശബ്ദം ആളുകളെ ആകര്‍ഷിക്കുന്നു. 2024 ല്‍, കല്‍ക്കി 2898 എഡിയില്‍ അഭിനയിച്ച അദ്ദേഹം അടുത്തിടെ രാമായണം: ഭാഗം 1 ന് തന്റെ ശബ്ദം നല്കി. കോന്‍ ബനേഗ ക്രോര്‍പതിയുടെ അവതാരകനായി കുടുംബ പ്രേക്ഷകരിലും ജനപ്രിയന്. ബ്രാന്‍ഡ് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പത്താം സ്ഥാനമാണ് ഇന്ത്യയില്‍ അദ്ദേഹത്തിനുള്ളത്. അമിതാഭിന്റെ ബ്രാന്‍ഡ് മൂല്യം 83.7 മില്യണ്‍ ഡോളര്‍.