ബുക്ക് മൈ ഷോ ആപ്പിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത മലയാളം സിനിമയെന്ന റെക്കോഡ് കല്യാണി പ്രിയദര്ശന് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ലോക ചാപ്റ്റര്‍ 1 : ചന്ദ്രയ്ക്ക്. 45.1 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോപ്പിലൂടെ ബുക്ക് ചെയ്യപ്പെട്ടത്. 45.1 ലക്ഷം ടിക്കറ്റുകളെന്ന മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ ന്റെ റെക്കോഡാണ് ലോക തകര്‍ത്തത്. 43 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യപ്പെട്ട മഞ്ഞുമ്മല്‍ ബോയ്സാണ് ഈ പട്ടികയില്‍ മൂന്നാമത്. എംപുരാന് (37.5 ലക്ഷം), ആവേശം (30 ലക്ഷം) എന്നീ ചിത്രങ്ങളാണ് ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗിലെ ടോപ് 5 ലുള്ള മറ്റ് മലയാള ചിത്രങ്ങള്‍.
കളക്ഷന്‍ റെക്കോഡിലേക്ക് 15 കോടി മാത്രം
തിയേറ്ററില്‍ ശക്തമായി മുന്നേറുകയാണ് ലോക. വരും ദിവസങ്ങളില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗിലും ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം പുതിയ റെക്കോഡുകള്‍ സ്ഥാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 253 കോടി രൂപയാണ് 19 ദിവസം കൊണ്ട് ലോക, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് (242.3 കോടി രൂപ), തുടരും (237.8 കോടി രൂപ) എന്നീ ചിത്രങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോക മറികടന്നത്. 268 കോടി രൂപ കളക്ഷനെന്ന എംപുരാന്റെ റെക്കോഡാണ് ഇനി ലോകയ്ക്ക് മുന്നിലുള്ളത്. ബോക്സ് ഓഫീസിലെ ശക്തമായ പ്രകടനം, മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡ് ലോകയ്ക്ക് സമ്മാനിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
പരാജയം പ്രതീക്ഷിച്ചിരുന്നെന്ന് ദുല്‍ക്കര്‍
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1: ചന്ദ്രയുടെ നിര്‍മാണ ചെലവ് 30 കോടി രൂപ മാത്രമാണ്. ലോക സൂപ്പര്‍ ഹീറോ സീരിസിലെ ആദ്യ ചിത്രമാണിത്. വേഫെയറര്‍ ഫിംലിംസിന്റെ ബാനറില്‍ ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം മികച്ചതാണെങ്കിലും ഇത്തരം ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. ഉയര്‍ന്ന ബജറ്റില്‍ എടുത്ത ചിത്രം ആദ്യ ഘട്ടത്തില്‍ വിതരണക്കാരെ ആകര്‍ഷിച്ചിരുന്നില്ല. ലോക ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തില്‍ പ്രൊഡ്യൂസറെന്ന നിലയില്‍ നഷ്ടം ഏറ്റുവാങ്ങാന്‍ താന്‍ തയാറെടുത്തിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചെന്നും ദുല്‍ക്കര്‍ പറഞ്ഞു. ലോക സീരിസിലെ വരുന്ന ചിത്രങ്ങളില്‍ ദുല്‍ക്കര്‍, ടോവിനോ തോമസ്, മമ്മൂട്ടി തുടങ്ങിയവരും പ്രത്യക്ഷപ്പെടും