കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ് സെപ്റ്റംബര്‍ 25-ന് ആരംഭിക്കുന്നു. കാലിക്കറ്റ് എഫ്.സി, ഫോഴ്സ കൊച്ചി എഫ്.സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, തൃശൂര്‍ മാജിക് എഫ്.സി എന്നീ ആറ് ക്ലബ്ബുകള്‍ സീസണ് 3-ല്‍ മാറ്റുരയ്ക്കും. ആറ് ക്ലബ്ബുകളിലുമായി ആകെ 162 താരങ്ങളാണ് ഇത്തവണ കരാറിലെത്തിയിരിക്കുന്നത്. ഇതില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും മികച്ച യുവ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു. ഒപ്പം ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചര്‍’ പദ്ധതിയുടെ ഭാഗമായ താരങ്ങളും വിവിധ ക്ലബ്ബുകളില്‍ ഇടം നേടിയിട്ടുണ്ട്.
മത്സരങ്ങളുടെ എണ്ണം 33-ല്‍ നിന്ന് 35 ആയി ഈ സീസണില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹോം ആന്റ് എവേ അടിസ്ഥാനത്തിലുള്ള രണ്ട് പാദങ്ങളായി സെമി ഫൈനലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ 3-2-1 പോയിന്റ് ഘടന പ്രകാരം 90 മിനിറ്റില്‍ വിജയിക്കുന്ന ടീമിന് 3 പോയിന്റും, പെനാല്‍റ്റി ഷൂട്ടൂട്ടില് വിജയിക്കുന്ന ടീമിന് 2 പോയിന്റും (തോല്‍ക്കുന്ന ടീമിന് 1 പോയിന്റ്) ലഭിക്കും. നോക്കൗട്ട് മത്സരങ്ങളില്‍ പതിവുപോലെ എക്സ്ട്രാ ടൈമും അതിനുശേഷം പെനാല്‍റ്റിയും ഉണ്ടായിരിക്കും.
ആവേശം യുഎഇയിലേക്കും
സീ എന്റര്ടൈന്മെന്റിനെ ഈ സീസണിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളിയായി സൂപ്പര്‍ ലീഗ് കേരള പ്രഖ്യാപിച്ചു. എല്ലാ മത്സരങ്ങളും സീ5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും, ഒപ്പം യുനൈറ്റ് 8 സ്പോര്‍ട്സിലും ലൈവ് ആയി കാണാന്‍ സാധിക്കും. എത്തിസലാത് വഴി യു.എ.ഇ പ്രേക്ഷകരിലേക്കും സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ എത്തും.
‘സീ എന്റര്ടൈന്മെന്റുമായുള്ള പങ്കാളിത്തവും സീ5, യുനൈറ്റ് 8 സ്പോര്‍ട്ട്, എത്തിസലാത് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ആഗോള വ്യാപനവും സൂപ്പര്‍ ലീഗ് കേരളയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമാണ്. കേരള ഫുട്ബോളിന്റെ ആവേശം രാജ്യത്തിനകത്തും യു.എ.ഇയിലുമുള്ള എല്ലാ ആരാധകരിലേക്കും എത്തിക്കാനും ആവേശകരമായ നിമിഷങ്ങള്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു.’ മാത്യു ജോസഫ്, ഡയറക്ടര്‍ & സി.ഇ.ഒ, സൂപ്പര്‍ ലീഗ് കേരള പറഞ്ഞു.
ലീഗ് ഘട്ടത്തിലെ ചാംപ്യന്മാര്ക്കും ട്രോഫി
മത്സരങ്ങളുടെ ആവേശം വര്‍ധിപ്പിക്കുന്നതിനായി ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി ‘സുപ്പര്‍ ലീഗ് കേരള ഷീല്‍ഡ്’ എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഈ സീസണില്‍ അവതരിപ്പിച്ചിട്ടുണ്ട്
‘പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിനെ ആദരിക്കുന്ന സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് അവതരിപ്പിക്കുന്നതിലൂടെ ലീഗ് മത്സരങ്ങള്‍ക്ക് കൂടുതല്‍ വാശിയും വീറും കൈവരുന്നു. ഞങ്ങളുടെ ക്ലബ്ബുകള്‍ക്കും ആരാധകര്‍ക്കും വേണ്ടി നിലവാരം ഉയര്‍ത്തുന്ന ഒന്നായിരിക്കും സീസണ് 3 എന്ന് ഞങ്ങള്‍ ഉറപ്പ് നല്കാന് കഴിയും.’ – സൂപ്പര്‍, ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ് സി യും തൃശൂര്‍ മാജിക് എഫ്.സിയും തമ്മില്‍ കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് എസ്എല്‍കെ ആരംഭിക്കുക. അമുല്‍ തന്നെയാണ് ഇത്തവണയും മുഖ്യ സ്പോണ്സര്. വൈറ്റ് ഗോള്‍ഡാണ് ടൈറ്റില്‍ സ്പോണ്സര്.




