ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നതിനുള്ള കരട് വിജ്ഞാപനം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തിറക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് വിജ്ഞാപനം. ‘റഷ്യന്‍ ഫെഡറേഷന് ഗവണ്മെന്റില് നിന്നും അമേരിക്ക നേരിടുന്ന ഭീഷണികളെ നേരിടല്‍’ എന്ന പേരില്‍ 2025 ആഗസ്റ്റ് 6-ന് പ്രഡിന്റ് പുറത്തിറക്കിയ എക്സിക്യുട്ടീവ് ഓര്‍ഡര്‍ 14329 പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് അധിക താരിഫ് ഏര്‍പ്പെടുത്തുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതുക്കിയ നികുതി നിരക്ക് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 27 ന് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ ആഗസ്റ്റ് 27 അര്‍ധരാത്രി 12.01 മുതല്‍ തന്നെ പുതിയ നികുതി പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2025, ജൂലൈ 25-ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ സൗഹൃദരാഷ്ട്രമാണെങ്കിലും ലാകത്തിലെ തന്നെ ഏറ്റവും കൂടിയ, അവരുടെ വളരെ ഉര്‍ന്ന താരിഫും മറ്റേതു രാജ്യങ്ങളേക്കാളും കടുത്തതും അസഹ്യവുമായ ധനേതര വ്യാപാര തടസ്സങ്ങളും കാരണം മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുമായി താരതമ്യേന കുറച്ച് ബിസിനസ് മാത്രമേ അമേരിക്ക ചെയ്തിട്ടുള്ളുവെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് അന്ന് പറഞ്ഞിരുന്നു. മാത്രമല്ല, അവര്‍ റഷ്യയില്‍ നിന്നും വലിയൊരു ശതമാനം സൈനികോപകരണങ്ങളും വാങ്ങുന്നു, ചൈനയ്ക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ ഊര്‍ജ ഉപഭോക്താക്കളും അവരാണ്. യുക്രൈനില്‍ റഷ്യ നടത്തുന്ന കുരുതി നിര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്താണിത്. – ഇതൊന്നും ശരിയല്ല, അതിനാല്‍ ഇന്ത്യ ഇനി 25 ശതമാനം താരിഫ് നല്‍കേണ്ടിവരും, കൂടാതെ ആഗസ്റ്റ് തുടക്കം മുതല്‍ അതുകൂടാതെ പിഴയും നല്‍കണം, ഇന്ത്യയ്ക്ക് തീരുവ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ട്രംപിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല – മോദി
അതേസമയം ആഗസ്റ്റ് 27-ന് അമേരിക്കയുടെ തീരുവ ഭീഷണി നിലവില്‍ വരാനിരിക്കെ, അവരുടെ സമ്മര്‍ദ്ദത്തിന് കീഴ്പ്പെടില്ലെന്ന് തിങ്കളാഴ്ച (ആഗസ്റ്റ് 25) അമേരിക്കയുടെ സാമ്പത്തിക സമ്മര്‍ദ്ദത്തിന് കീഴടങ്ങില്ലെന്നും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ മറ്റൊരു വഴി കണ്ടെത്തുമെന്നും ഒരിക്കല്‍ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കി.
‘എത്ര സമ്മര്‍ദ്ദം വന്നാലും ശരി, അതിനെ എതിരിടാനുള്ള ശക്തി ഞങ്ങള്‍ വര്‍ധിപ്പിക്കും. ഇന്ന്, ആത്മനിര്‍ഭര്‍ ഭാരത് അഭിയാനിലൂടെ ഗുജറാത്തില്‍ നിന്നും ധാരാളം ഇന്ധനം ലഭിക്കുന്നു, രണ്ട് ദശാബ്ദത്തിന്റെ അധ്വാനമാണ് അതിനുപിന്നിലുള്ളത്’,അഹമ്മദാബാദില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.