ഇത്തവണ ദീപാവലി ഇരട്ടി ആഘോഷത്തിനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വലിയ സര്‍പ്രൈസ്’ ദീപാവലിക്കായി ഒരുക്കിയിട്ടുണ്ടെന്നും ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) ദീപാവലിയോടെ അടുത്ത ഘട്ട പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ദൈനംദിന ഉപയോഗത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കാനും രണ്ട് സ്ലാബ് മാത്രമുള്ള ഘടനയിലേക്ക് ജിഎസ്ടിയെ ലളിതവല്ക്കരിക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. ജിഎസ്ടി സംബന്ധിച്ച പരാതികള്‍ മിക്കവാറും പരിഹരിക്കപ്പെടുന്ന നിര്‍ണായക തീരുമാനമാവും ഇത്.
‘ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലി ആക്കാന്‍ പോകുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങള്‍ ജിഎസ്ടിയുടെ വലിയൊരു പരിഷ്കാരം ഏറ്റെടുത്തു. രാജ്യത്തുടനീളമുള്ള നികുതിയുടെ ഭാരം ഞങ്ങള്‍ കുറച്ചു…എട്ട് വര്‍ഷത്തിന് ശേഷം, അത് ഞങ്ങള്‍ പുനരവലോകനം ചെയ്യണമെന്ന് കാലം ആവശ്യപ്പെടുന്നു. ഉന്നതാധികാര സമിതി രൂപീകരിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയാണ് ഞങ്ങള്‍ അവലോകനം ആരംഭിച്ചത്. ഈ ദീപാവലിയോടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളുമായി ഞങ്ങള്‍ വരുന്നു,’ പ്രധാനമന്ത്രി പറഞ്ഞു. നികുതി ഭാരം ഗണ്യമായി കുറയുമെന്നും എംഎസ്എംഇകള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
12% സ്ലാബ് ഇല്ലാതാകും
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍, ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള നിര്‍ദ്ദേശം ഇതിനകം തന്നെ മന്ത്രിതല പാനലിന് അയച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം പറഞ്ഞു. തിരഞ്ഞെടുത്ത കുറച്ച് ഇനങ്ങള്‍ക്ക് മാത്രമേ പ്രത്യേക നിരക്കുകള്‍ ഉണ്ടാകൂ എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 0, 5, 12, 18, 28 എന്നിങ്ങനെ അഞ്ച് നികുതി സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്. ഇത് കൂടാതെ ആഡംബര ഇനങ്ങള്‍ക്ക് 3% വരെ അധിക സെസും ഉണ്ട്. 12% സ്ലാബ് ഒഴിവാക്കി ഇതിലെ ഉല്‍പ്പന്ന-സേവനങ്ങള്‍ 5, 18 സ്ലാബുകളിലേക്ക് ലയിപ്പിക്കാനാണ് ആലോചന നടക്കുന്നത്. കൂടുതല്‍ നിത്യോപയോഗ ഉല്‍പ്പന്നങ്ങളും 5% നികുതി സ്ലാബിലേക്ക് കൊണ്ടുവരും. സാധാരണക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണിത്. സെപ്റ്റംബര്‍ 9ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച നിര്‍ണായക യോഗം ചേരും.
സംസ്ഥാനങ്ങള്‍ എതിര്‍ത്തേക്കും
ജിഎസ്ടി വരുമാനത്തിന്റെ 75 ശതമാനത്തോളം ലഭിക്കുന്നത് 18% നികുതി സ്ലാബില്‍ നിന്നാണ്. 12% സ്ലാബില്‍ നിന്ന് 8 ശതമാനത്തോളം വരുമാനവും 5% സ്ലാബില്‍ നിന്ന് 6 ശതമാനത്തോളം വരുമാനവുമാണ് ലഭിക്കുന്നത്. ഉയര്‍ന്ന സ്ലാബായ 28% ല്‍ നിന്ന് 15 ശതമാനത്തോളം വരുമാനമുണ്ട്. സ്ലാബുകളും നിരക്കുകളും കുറയ്ക്കുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത് നഷ്ടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ പുതിയ പരിഷ്കാരങ്ങളെ ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തേക്കും. ഈ സാഹചര്യം മുന്നില്‍ കണ്ട് വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു.