അമേരിക്കയുടെ താരിഫ് യുദ്ധത്തെ ന്യായീകരിച്ചും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ നിശിതമായി വിമര്‍ശിച്ചും വീണ്ടും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് നേരിട്ട് പണ്ടിംഗ് നല്‍കുന്നത് ന്യൂഡെല്‍ഹിയാണെന്ന് പീറ്റര്‍ നവാരോ വീണ്ടും പറഞ്ഞു. തന്റെ ‘X’ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് നവാരോ വീണ്ടും യുക്രൈന് യുദ്ധവുമായി ഇന്ത്യയെ ബന്ധിപ്പിച്ച് പ്രസ്താവനയിറക്കുന്നത്. യുക്രൈനിന്റെ സമാധാനത്തിലേക്കുള്ള വഴി കടന്നുപോകുന്നത് ന്യൂഡെല്‍ഹിയിലൂടെയാണെന്ന് നവാരോ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ-യുക്രൈന് പ്രതിസന്ധിയെ നവാരോ മോദിയുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു.
ലക്ഷ്യം ഇന്ത്യ-റഷ്യ എണ്ണ ബന്ധം
വിലക്കുറവില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നത് യുക്രൈന് യുദ്ധത്തിന് ഇന്ധനമാകുകയാണെന്ന് നവാരോ ആരോപിച്ചു. ഇന്ത്യ- റഷ്യ എണ്ണ ഗണിതമെന്ന പേരില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ എണ്ണ വ്യാപാരം സംബന്ധിച്ച് തന്റെ അനുമാനങ്ങളും നവാരോ നിരത്തി.
അമേരിക്കന്‍ ഉപഭോക്താക്കള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു, എന്നാല്‍ ഉയര്‍ന്ന താരിഫിലൂടെയും മറ്റ് തടസ്സങ്ങളിലൂടെയും ഇന്ത്യ അമേരിക്കയുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു, യുഎസ് ഡോളറിലാണ് ഇന്ത്യ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നത്, ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് ആരും അറിയാതെ റഷ്യയുടെ എണ്ണ ശുദ്ധീകരിച്ച് അന്താരാഷ്ട്ര വിപണിയില്‍ ലാഭത്തില്‍ വില്‍ക്കുന്നു, ഇതിലൂടെ റഷ്യയ്ക്ക് യുക്രൈന് യുദ്ധത്തിന് വേണ്ടുന്ന ഫണ്ട് ലഭിക്കുന്നു എന്നിങ്ങനെ പോകുന്ന നവാരോയുടെ ആരോപണങ്ങള്‍.
റഷ്യന്‍ അധിനിവേശത്തിന് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 1 ശതമാനത്തില്‍ താഴെയായിരുന്നു റഷ്യന്‍ എണ്ണയുടെ പങ്കെന്നും എന്നാലിന്ന് അത് 30 ശതമാനം – പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ എത്തിയെന്നും ഉപഭോഗം മുന്‍നിര്‍ത്തിയുള്ളതല്ല, ലാഭലാക്കോടെയുള്ള വര്‍ധനയാണിതെന്നും നവാരോ വിമര്‍ശിച്ചു.
റഷ്യയുടെ എണ്ണവെളുപ്പില് പങ്കാളി
ഇന്ത്യയിലെ വമ്പന്‍ എണ്ണ ലോബി റഷ്യയ്ക്ക് വേണ്ടി രാജ്യത്തെ എണ്ണപ്പണ വെളുപ്പിക്കല്‍ കേന്ദ്രമാക്കിയെന്നും നവാരോ അവകാശപ്പെടുന്നു. ദിവസവും ഒരു ദശലക്ഷത്തിലധികം സംസ്കരിച്ച എണ്ണ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെന്നും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ പകുതിലധികം വരുമിതെന്നും നവാരോ പറയുന്നു. ഇന്ത്യയില്‍ ശുദ്ധീകരിച്ച എണ്ണ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. ഇതിലൂടെ റഷ്യയുടെ എണ്ണ ഉപരോധത്തെ മറികടക്കുകയാമെന്നും നവാരോ കുറ്റപ്പെടുത്തി.
ഇന്ത്യയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ
എണ്ണപ്പ്രശ്നമാണ് അതിര്‍ത്തി വ്യാപാര പ്രശ്നങ്ങള്‍ക്ക് കാരണമെന്ന സൂചനയും നവാരോ നല്കുന്നു. ഇന്ത്യയുമായി അമേരിക്കയ്ക്ക് 50 ശതകോടി ഡോളറിന്റെ വ്യപാരക്കമ്മി ഉണ്ട്. ഞങ്ങള്‍ യുക്രൈന് സഹായമേകുന്നു, അതേസമയം ഇന്ത്യ റഷ്യയ്ക്ക് പണം നല്‍കുന്നുവെന്ന് നവാരോ കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുകയും അതേസമയം സെന്‍സിറ്റീവ് ആയ മിലിട്ടറി സാങ്കേതികവിദ്യയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയും ഇന്ത്യ വ്യാപാരനിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും നവാരോ ആരോപിച്ചു. ഇക്കാര്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളെയും നവാരോ വിമര്‍ശിച്ചു. അതേസമയം ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ നവാരോ ന്യായീകരിച്ചു. അന്യായമായ വ്യാപാര രാഷ്ട്രീയത്തിനുള്ള പിഴയാണ് അതില്‍ പകുതിയെന്നും ബാക്കി പകുതി ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും നവാരോ പറഞ്ഞു.
യുക്രൈനിലെ സമാധാനം ഇന്ത്യയിലൂടെ
യുക്രൈനിലെ സമാധാനത്തിലേക്കുള്ള റോഡ് ന്യൂഡെല്‍ഹി വഴിയാണ് കടന്നുപോകുന്നതെന്ന് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വ്യാപാരത്തെ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുത്തി കൊണ്ട് നവാരോ ആരോപിക്കുന്നു. താരിഫോ അന്യായമായ വ്യാപാരമോ മാത്രമല്ല ഈ പ്രശ്നമെന്നും റഷ്യയ്ക്ക് ആയുധങ്ങള്‍ക്കായി ഇന്ത്യ നല്‍കിയിരിക്കുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ളതാണെന്നും നവാരോ അവകാശപ്പെട്ടു. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയ്ക്ക് ഇന്ത്യയെ കണക്കാക്കണമെങ്കില്‍ ഇന്ത്യ അതിനനുസരിച്ച് പെരുമാറണമെന്ന ധ്വനിയും നവാരോയുടെ വാക്കുകളിലുണ്ട്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ആശ്വസിക്കാം
ഇന്ത്യയ്ക്ക് താരിഫില്‍ നിന്ന് ആശ്വാസം ലഭിക്കുന്നത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നവാരോ വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാല്‍ അപ്പോള്‍ത്തന്നെ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഇളവ് ലഭിക്കുമെന്നാണ് നവാരോ പറയുന്നത്.
ഇതാദ്യമായല്ല നവാരോ ഇന്ത്യയെ കടന്നാക്രമിക്കുന്നത്. ആഗസ്റ്റ് 21-ന് ഇന്ത്യയെ താരിഫ് മഹാരാജാവെന്ന് വിളിച്ച് നവാരോ അധിക്ഷേപിച്ചിരുന്നു.