പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി നിഷേധിച്ച നടപടി പാകിസ്ഥാന് സാമ്പത്തിക ബാധ്യതയാവുന്നു. മൂന്ന് മാസം കൊണ്ട് പാകിസ്ഥാന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (പിഎഎ) 14.39 മില്യണ്‍ ഡോളറിന്റെ (126 കോടി രൂപ) വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്. 2025 ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെയുള്ള കണക്കാണിത്.
പ്രതിദിനം 100-150 ഇന്ത്യന്‍ വിമാന സര്‍വീസുകളാണ് പാക് നടപടി മൂലം വളഞ്ഞ മാര്‍ഗത്തില്‍ വഴിതിരിച്ചു വിട്ടിരിക്കുന്നത്. ഇത് പാകിസ്ഥാന് വ്യോമമേഖലയിലൂടെയുള്ള മൊത്തം വ്യോമഗതാഗതത്തില്‍ 20 ശതമാനം കുറവുണ്ടാക്കി. പിഎഎയുടെ പ്രധാന വരുമാന സ്രോതസായ ഓവര്‍ഫ്ളൈയിംഗ് ഫീസിലാണ് ഇതോടെ കുറവുണ്ടായത്.
പാകിസ്ഥാന് പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച വിവരങ്ങള്‍ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് കണക്കുകള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ തുടരുമെന്ന് പാകിസ്ഥാന് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് 24 വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. പാകിസ്ഥാന് വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു. ഇന്ത്യക്ക് ഈ നടപടിയില്‍ നിന്ന് കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല.