ഇന്ത്യയില്‍ 68 ബില്യണ്‍ ഡോളറിന്റെ (10 ട്രില്യണ്‍ യെന്‍) ദീര്‍ഘകാല നിക്ഷേപ പദ്ധതിയുമായി ജപ്പാന്. ഈ മാസം ഒടുവില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന് സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. മൂന്നുവര്‍ഷം മുമ്പ് മുന്നോട്ടുവെച്ച പഞ്ചവല്‍സര നിക്ഷേപ പദ്ധതി നവീകരിച്ചതാണ് പുതിയ പദ്ധതി. ഇന്തോ പസഫിക് മേഖലയ്ക്ക് നിക്ഷേപരംഗം തുറന്നുകൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ആഴത്തിലാക്കാന്‍ ജപ്പാന് പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാനിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബയും നരേന്ദ്രമോദിയും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പുതിയ നിക്ഷേപ പദ്ധതി മുന്നോട്ടുവെക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആഗസ്റ്റ് 29-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ജപ്പാന് സന്ദര്‍ശനം ആരംഭിക്കുന്നത്. 2023 മെയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹിരോഷിമയില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ജപ്പാന് സന്ദര്‍ശിക്കുന്നത്.
2022 മാര്‍ച്ചില്‍ അന്നത്തെ ജപ്പാന് പ്രധാനമന്ത്രി ആയിരുന്ന ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അഞ്ച് വര്‍ഷങ്ങളിലായി 5 ട്രില്യണ്‍ യെന്നിന്റെ പൊതു, സ്വകാര്യ നിക്ഷേപ പദ്ധതികളാണ് ജപ്പാന് മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത് 10 ട്രില്യണ്‍ യെന്നായി ഉയര്‍ത്തിയിരിക്കുകയാണ് ജപ്പാന്.
പുതിയ നിക്ഷേപ ലക്ഷ്യത്തെ കൂടാതെ അവശ്യ ഉല്‍പ്പന്നങ്ങളുടെ സ്ഥിരതയുള്ള കയറ്റിറക്കുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സാമ്പത്തിക സുരക്ഷയ്ക്കായി സഹകരിക്കുന്നതിനുള്ള പുതിയ ചട്ടക്കൂടിന് വേണ്ടിയും ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. സെമിക്കണ്ടക്ടര്‍, അവശ്യ ധാതുക്കള്‍, ആശയവിനിമയം, ശുദ്ധ ഊര്‍ജം, എഐ, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്.
പുതിയ സാങ്കേതികവിദ്യയുടെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനുമായി ഒരു എഐ സഹകരണ പദ്ധതിയും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് മേല്‍ക്കൈ ഉള്ള മേഖലകളില്‍ ജാപ്പനീസ് കമ്പനികളുമായി സഹകരണം പ്രോത്സാഹിപ്പിച്ചാല്‍, അത് ജപ്പാന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് കരുതുന്നതെന്ന് ക്യോഡോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്പാന് സന്ദര്‍ശന വേളയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച ഷിന്‍കാന്‍സെന്‍ ബുള്ള്റ്റ് ട്രെയിന്‍ കാണാന്‍ പ്രധാനമന്ത്രി മോദി വടക്കുകിഴക്കന്‍ ജപ്പാനിലെ മിയാഗിയിലെ സെന്‍ഡായി സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.