ഇന്ത്യ-റഷ്യ വ്യാപാരബന്ധം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത് എപ്പോഴാണ് ഉണ്ടാകുകയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പേയ്മെന്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വ്യാപാരതടസ്സങ്ങള്‍ നീക്കിയും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ റഷ്യ ശ്രമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത വരുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അധിക താരിഫ് ഏര്‍പ്പെടുത്തി ഇന്ത്യയെ വിരട്ടാന്‍ ശ്രമിച്ച അമേരിക്കയ്ക്ക് തിരിച്ചടിയാകും ഈ വാര്‍ത്ത.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ റഷ്യന്‍ എംബസി വിമര്‍ശിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ എടുക്കില്ലെങ്കില്‍ അവ റഷ്യയിലേക്ക് അയക്കാമെന്ന് റഷ്യന്‍ എംബസി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കെതിരായ അമേരിക്കന്‍ ഉപരോധം ഇരട്ടത്താപ്പാണെന്നും റഷ്യയുടെ എണ്ണ വാങ്ങാതിരിക്കാന്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അന്യായമാണെന്നും എംബസി ആരോപിച്ചു.
ഇന്ത്യയ്ക്ക് 5 ശതമാനം വിലക്കിഴിവിലാണ് റഷ്യ എണ്ണ വില്‍ക്കുന്നതെന്നും റഷ്യന്‍ എംബസി വ്യക്തമാക്കി. വിതരണത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇന്ത്യ മനസ്സിലാക്കുന്നുവെന്നും എണ്ണ വ്യാപാരത്തിലൂടെ ഇന്ത്യയ്ക്ക് വലിയ ലാഭമാണ് ഉള്ളതെന്നും എംബസി അഭിപ്രായപ്പെട്ടു. മത്സരം അധികമായതിനാല്‍ റഷ്യന്‍ എണ്ണയ്ക്ക് പകരമായൊന്നും ഇല്ലെന്നും ഇന്ത്യറ ഷ്യയ്ക്ക് വേണ്ടപ്പെട്ട രാജ്യമാണെന്നും എംബസി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-അമേരിക്ക ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം സുഗമമാക്കാന്‍ മെച്ചപ്പെട്ട പേയ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുമെന്നും റഷ്യന്‍ എംബസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.