ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥകളുടെ പിന്‍ബലത്തില്‍ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച സ്വര്‍ണവില താഴേക്കിറങ്ങുന്നു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയതോടെയാണ് വില താഴുന്നത്. ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ പുടിനും ട്രംപും ചര്‍ച്ച നടത്തുന്നതടക്കം ഭൗമരാഷ്ട്രീയ പ്രശ്നങ്ങളില്‍ അയവ് വന്നതാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും ലാഭമെടുത്ത് മാറാന്‍ പ്രേരിപ്പിക്കുന്നത്.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ (24 കാരറ്റ്) ഒക്ടോബര്‍ അവധിവില വില 0.83% ഇടിഞ്ഞ് 1,00,950 രൂപയിലെത്തി. വെള്ളിയുടെ വിലും ഇടിഞ്ഞു. ഒരു കിലോ വെള്ളിയുടെ സെപ്റ്റംബര്‍ അവധി വില 0.65% ഇടിഞ്ഞ് 1,14,139 രൂപയായി.
കേരളത്തിലും താഴ്ന്നു
കേരളത്തില്‍ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375 രൂപയിലെത്തി. പവന് വില 560 രൂപ കുറഞ്ഞ് 75000 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വില കുറഞ്ഞു. 75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും.
വെളളി വാങ്ങാന്‍ നിര്‍ദേശം
എംസിഎക്സ് ഗോള്ഡിന് 1,01,000-1,00,575 രൂപയില്‍ മികച്ച സപ്പോര്‍ട്ടും 1,02,220-1,02,850 രൂപയില്‍ പ്രതിരോധവുമുണ്ടെന്ന് പൃഥ്വിഫിന്‍മാര്‍ട്ട് കമ്മോഡിറ്റി റിസര്‍ച്ചിലെ മനോജ് കുമാര്‍ ജെയിന് പറയുന്നു. വെള്ളിക്ക് 1,13,650-1,12,800 രൂപയിലാണ് സപ്പോര്‍ട്ട്. പ്രതിരോധം 1,15,500-1,16,650 രൂപയിലും ഉണ്ടെന്ന് ജെയിന് പറഞ്ഞു. 1,12,800 രൂപയുടെ സ്റ്റോപ്പ് ലോസോടെ 1,14,000 രൂപയ്ക്ക് താഴെയായി വെള്ളി വാങ്ങാന്‍ ജെയിന് നിര്‍ദ്ദേശിക്കുന്നു. ടാര്‍ഗറ്റ് 16,000 രൂപ.
(ഇത് നിക്ഷേപ ശുപാര്‍ശയല്ല. ഉപഭോക്താക്കള്‍ ട്രേഡിംഗ് ലെവലുകള്‍ സ്വയം വിലയിരുത്തി നിക്ഷേപ തീരുമാനമെടുക്കുക)