ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നു. നിലവിലെ 25 ശതമാനത്തിന്റെ ഇരട്ടിയായിരിക്കും ഇന്നുമുതല്‍ താരിഫ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പിഴച്ചുങ്കമായാണ് ട്രംപ് 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇതിനിടെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചത് താനാണെന്നുള്ള പല്ലവി ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന തന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കിയാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായതെന്ന് വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ തിങ്കളാഴ്ച ട്രംപ് അവകാശപ്പെട്ടു.
താരിഫ് വര്‍ധന അടക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. തുണിത്തരങ്ങള്‍, അമൂല്യരത്നങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പ്, കായികോല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളെയാണ് താരിഫ് വര്‍ധന സാരമായി ബാധിക്കുക.
താരിഫ് വര്‍ധന പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അമേരിക്ക ആദ്യം, അമേരിക്ക തിരിച്ചെത്തി എന്നീ അടിക്കുറിപ്പോടെ എണ്ണ ബാരലിനൊപ്പം നില്ക്കുന്ന തന്റെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.
ഇന്ത്യ- അമേരിക്ക വ്യാപാര ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിപുലപ്പെട്ടെങ്കിലും വിപണി പ്രവേശത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ എപ്പോഴും നിലനില്ക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം ശക്തമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2030ഓടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കുന്നതിനുള്ള ഉടമ്പടിക്കാണ് ശ്രമം.
തീരുവ ഭീഷണിയില്‍ ഇന്ത്യ വഴങ്ങി
ഇന്ത്യ-പാക്കിസ്ഥാന് യുദ്ധം അവസാനിക്കാന്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു. താരിഫ് കുത്തനെ ഉയര്‍ത്തുമെന്ന ഭീഷണി മുന്നോട്ടുവെച്ച് പാക്കിസ്ഥാനില്‍ വെടിനിര്‍ത്തലിന് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ട്രംപ് തിങ്കളാഴ്ച പറഞ്ഞത്.
ഇന്ത്യ-പാക് പ്രശ്നം വഷളായാല്‍ അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാരകരാറുകളില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ നിങ്ങളെ വട്ടംചുറ്റിക്കുന്ന തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തിയതായി ട്രംപ് അവകാശപ്പെട്ടു. ഈ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ അഞ്ചുമണിക്കൂറിനുള്ളില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ തയ്യാറായി. ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകാം. അപ്പോഴും ഇതുപോലെ താന്‍ ഇടപെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.