രേഷ്മ കെ എസ്
- നിക്ഷേപം: പ്രഖ്യാപനത്തിൽ നിന്ന് പദ്ധതികളിലേക്ക്
- സ്വകാര്യ വ്യവസായ പാർക്കുകൾ: ഭൂമിക്കപ്പുറമുള്ള സാധ്യത
- എംഎസ്എംഇകൾ: എണ്ണത്തിനപ്പുറം വളർച്ച
- സംരംഭം തുടങ്ങുന്നത് മാത്രമല്ല, തുടർച്ചയും ലളിതമാക്കണം
- വ്യവസായവും നിർമിത ബുദ്ധിയും
- സ്റ്റാർട്ടപ്പുകളും പരമ്പരാഗത വ്യവസായങ്ങളും കൈകോർക്കണം
- കേരളത്തിന് വേണ്ടത് ഉയർന്ന മൂല്യമുള്ള വ്യവസായങ്ങൾ
- ഉത്പാദനം മാത്രം പോരാ; പുതിയ വിപണികളും വേണം
- അനുഭവത്തിന്റെ കരുത്തിൽ മുന്നേറ്റം പ്രതീക്ഷിച്ച് വ്യവസായ ലോകം
- English Summary
കേരളത്തിന്റെ വ്യവസായ-സംരംഭക മേഖല പുതിയ പ്രതീക്ഷകളുടെയും വെല്ലുവിളികളുടെയും വഴിത്തിരിവിലാണ്. നിക്ഷേപം ആകർഷിക്കുന്നതിലും സ്റ്റാർട്ടപ്പ് രംഗത്ത് മുന്നേറ്റം കൈവരിക്കുന്നതിലും സംസ്ഥാനം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, പ്രഖ്യാപനങ്ങൾ വേഗത്തിൽ യാഥാർത്ഥ്യമാക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ച ഉറപ്പാക്കുക, അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ ഇനിയും വലിയ മുന്നേറ്റം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വ്യവസായം, വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, നവസംരംഭങ്ങൾ എന്നീ നിർണായക വകുപ്പുകളുടെ ചുമതലയുമായി പി.കെ. കുഞ്ഞാലിക്കുട്ടി എത്തുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും സംരംഭക കേരളത്തിന് പുതിയ ഊർജം പകരാനും അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.
കേരളത്തിന്റെ വ്യവസായ-സംരംഭക മേഖല നിർണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പുതിയ നിക്ഷേപ പ്രഖ്യാപനങ്ങൾക്കും സ്റ്റാർട്ടപ്പ് മുന്നേറ്റത്തിനുമൊപ്പം പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലെ വേഗവും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും ഇപ്പോഴും പ്രധാന ചർച്ചകളാണ്. ഈ ഘട്ടത്തിലാണ് വ്യവസായം മുതൽ വിവരസാങ്കേതികവിദ്യയും നിർമിത ബുദ്ധിയും നവ സംരംഭങ്ങളും വരെയുള്ള മേഖലകളുടെ ചുമതലയിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും എത്തിയത്.
പ്രഖ്യാപനങ്ങളേക്കാൾ വേഗത്തിലുള്ള നടപ്പാക്കൽ, ലളിതമായ അനുമതി സംവിധാനം, നിക്ഷേപത്തിന് അനുയോജ്യമായ ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും, എംഎസ്എംഇകൾക്ക് വളരാനുള്ള സാഹചര്യം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം, സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തൽ എന്നിങ്ങനെ സംരംഭക ലോകത്തിന്റെ പ്രതീക്ഷകൾ പലതാണ്.
മുൻ സർക്കാരുകൾ മുന്നോട്ടുവച്ച വ്യവസായ നയങ്ങൾക്കും സ്വകാര്യ വ്യവസായ പാർക്കുകൾക്കും തുടർച്ചയും വേഗവും നൽകുന്നതും പുതിയ ഘട്ടത്തിൽ പ്രധാനമാണ്. പരമ്പരാഗത വ്യവസായങ്ങളുടെ കരുത്ത് ചോരാതെ പുതിയ സാങ്കേതികവിദ്യകളെയും സംരംഭകത്വത്തെയും കേരളത്തിന്റെ വ്യവസായ സമ്പദ്വ്യവസ്ഥയുമായി എങ്ങനെ ബന്ധിപ്പിക്കുമെന്നതും നിർണായകമാകും.
മുൻ വ്യവസായ മന്ത്രിയെന്ന നിലയിലുള്ള ഭരണ പരിചയവും ദീർഘകാല രാഷ്ട്രീയ അനുഭവസമ്പത്തും കുഞ്ഞാലിക്കുട്ടിക്ക് അനുകൂല ഘടകങ്ങളാണ്. കേരളത്തിന്റെ വ്യവസായ വകുപ്പ് കുഞ്ഞാലിക്കുട്ടിക്ക് പുതിയ മേഖലയല്ല. 1991–96, 2001–05, 2011–16 കാലഘട്ടങ്ങളിൽ വ്യവസായ വകുപ്പിന്റെ ചുമതല വഹിച്ച അനുഭവവുമായാണ് അദ്ദേഹം വീണ്ടും ഈ വകുപ്പിലേക്ക് എത്തുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ-ഭരണ പരിചയം തീരുമാനങ്ങൾ വേഗത്തിലാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും സഹായിക്കുമെന്ന പ്രതീക്ഷ വ്യവസായ ലോകത്തിനുണ്ട്. എന്നാൽ മാറിയ ആഗോള സാമ്പത്തിക സാഹചര്യത്തിൽ നിക്ഷേപം, സംരംഭകത്വം, തൊഴിൽ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കേരളത്തിലെ സംരംഭകർ പുതിയ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്താണ്?
നിക്ഷേപം: പ്രഖ്യാപനത്തിൽ നിന്ന് പദ്ധതികളിലേക്ക്
സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നിക്ഷേപക സംഗമങ്ങളും ധാരണാപത്രങ്ങളും കഴിഞ്ഞ വർഷങ്ങളിൽ സജീവമായിരുന്നു. എന്നാൽ സംരംഭകരുടെ കാഴ്ചപ്പാടിൽ വിജയത്തിന്റെ യഥാർത്ഥ അളവുകോൽ പ്രഖ്യാപിച്ച നിക്ഷേപത്തിന്റെ വലുപ്പമല്ല, അതിൽ എത്രത്തോളം കേരളത്തിൽ യാഥാർത്ഥ്യമായി എന്നതാണ്.
ഒരു കമ്പനി കേരളത്തിൽ 100 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുന്നത് ആദ്യ ഘട്ടം മാത്രമാണ്. അതിന് ശേഷം ഭൂമി കണ്ടെത്തണം, വിവിധ വകുപ്പുകളുടെ അനുമതി നേടണം, വൈദ്യുതിയും വെള്ളവും ഉറപ്പാക്കണം, ആവശ്യമായിടത്ത് പരിസ്ഥിതി അനുമതിയും ലഭിക്കണം. ഈ ഘട്ടങ്ങളിലുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും പദ്ധതികളെ പ്രതിസന്ധിയിലാക്കുന്നത്.
നിലവിലുള്ള വ്യവസായ നയങ്ങളിൽ തുടർച്ചയുണ്ടാകുമെന്ന ഉറപ്പ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. എന്നാൽ ഇനി സംരംഭക ലോകം ഉറ്റുനോക്കുന്നത് ആ ഉറപ്പുകൾ എത്ര വേഗത്തിൽ നടപ്പാകുമെന്നാണ്. ഒരു പദ്ധതിക്ക് അനുമതി ലഭിക്കാൻ എത്ര ദിവസമെടുക്കുന്നു, വ്യവസായ ആവശ്യത്തിനുള്ള ഭൂമി എത്ര വേഗത്തിൽ ലഭ്യമാകുന്നു, നിർമാണം ആരംഭിച്ച് ഉത്പാദനത്തിലേക്ക് എത്താൻ എത്ര സമയമെടുക്കുന്നു തുടങ്ങിയ കാര്യങ്ങളായിരിക്കും സർക്കാരിന്റെ കാര്യക്ഷമതയുടെ യഥാർത്ഥ അളവുകോൽ.

സ്വകാര്യ വ്യവസായ പാർക്കുകൾ: ഭൂമിക്കപ്പുറമുള്ള സാധ്യത
കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ കാര്യമായ മാറ്റം സൃഷ്ടിക്കാൻ ശേഷിയുള്ള മേഖലയാണ് സ്വകാര്യ വ്യവസായ പാർക്കുകൾ. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി അനുമതി ലഭിക്കുന്ന ഇത്തരം പാർക്കുകളുടെ സാധ്യത ഭൂമി ലഭ്യമാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു വ്യവസായ പാർക്കിനുള്ളിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, പാക്കേജിംഗ് കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, അറ്റകുറ്റപ്പണി-സാങ്കേതിക സേവനങ്ങൾ എന്നിവ ഒരുമിച്ചെത്തിയാൽ പ്രാദേശിക തലത്തിൽ തന്നെ ശക്തമായൊരു വ്യവസായ ശൃംഖല രൂപപ്പെടും. ചെറുകിട സ്ഥാപനങ്ങൾക്ക് ഒറ്റയ്ക്ക് ഒരുക്കാൻ ബുദ്ധിമുട്ടുള്ള പല അടിസ്ഥാനസൗകര്യങ്ങളും പൊതുവായി ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.
അതുകൊണ്ട് അനുമതി നൽകുന്ന പാർക്കുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം അവ എത്ര വേഗത്തിൽ പ്രവർത്തനക്ഷമമാകുന്നു എന്നതിലും ശ്രദ്ധ വേണമെന്നാണ് സംരംഭകരുടെ ആവശ്യം. ഭൂമി അനുവദിച്ചതിലോ അനുമതി നൽകിയതിലോ അവസാനിക്കാതെ അവിടെ എത്ര സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചു, എത്ര നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു തുടങ്ങിയവയും വിലയിരുത്തപ്പെടേണ്ടതുണ്ട്.
എംഎസ്എംഇകൾ: എണ്ണത്തിനപ്പുറം വളർച്ച
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ. എന്നാൽ ഒരു സംരംഭം രജിസ്റ്റർ ചെയ്യുന്നതോടെ അതിന്റെ വിജയകഥ പൂർത്തിയാകുന്നില്ല. യഥാർത്ഥ വെല്ലുവിളികൾ പലപ്പോഴും അതിന് ശേഷമാണ് ആരംഭിക്കുന്നത്. മൂലധന ലഭ്യത, പുതിയ വിപണി കണ്ടെത്തൽ, ഉത്പാദന സാങ്കേതികവിദ്യ നവീകരിക്കൽ, നൈപുണ്യമുള്ള തൊഴിലാളികളെ കണ്ടെത്തൽ, ബ്രാൻഡിംഗ്, വിപണനം തുടങ്ങിയ കാര്യങ്ങളിൽ തുടർച്ചയായ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് ‘എത്ര പുതിയ സംരംഭങ്ങൾ ആരംഭിച്ചു?’ എന്ന ചോദ്യത്തിനൊപ്പം ‘അതിൽ എത്രയെണ്ണം വളർന്നു?’ എന്ന ചോദ്യത്തിനും പ്രാധാന്യം നൽകണമെന്നാണ് സംരംഭക മേഖലയുടെ ആവശ്യം.
ആരംഭിച്ച സ്ഥാപനങ്ങളിൽ എത്രയെണ്ണം ഏതാനും വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്നു, എത്ര സ്ഥാപനങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, എത്രയെണ്ണം കേരളത്തിന് പുറത്തേക്കും രാജ്യാന്തര വിപണിയിലേക്കും വളർന്ന് തുടങ്ങിയ കാര്യങ്ങളും വിജയത്തിന്റെ അളവ് കോലാകണം. ഒരു പ്രാദേശിക ഭക്ഷ്യസംസ്കരണ യൂണിറ്റിനോ വസ്ത്ര നിർമാണ സ്ഥാപനത്തിനോ ദേശീയ-രാജ്യാന്തര വിപണിയിലേക്ക് വളരാൻ കഴിയുന്ന തരത്തിലുള്ള ഘടനാപരമായ പിന്തുണയാണ് സർക്കാരിൽ നിന്ന് സംരംഭകർ പ്രതീക്ഷിക്കുന്നത്.
സംരംഭം തുടങ്ങുന്നത് മാത്രമല്ല, തുടർച്ചയും ലളിതമാക്കണം
ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നത് പോലെ പ്രധാനമാണ് അത് വർഷങ്ങളോളം തടസ്സങ്ങളില്ലാതെ നടത്താനുള്ള സാഹചര്യം ഉറപ്പാക്കുന്നതും. ലൈസൻസ് പുതുക്കൽ മുതൽ തദ്ദേശ സ്ഥാപനങ്ങളുമായുള്ള ഇടപെടൽ, വൈദ്യുതി ബന്ധം, വിവിധ പരിശോധനകൾ, വകുപ്പുതല അനുമതികൾ എന്നിവയിൽ സംരംഭകർ നേരിടുന്ന കാലതാമസം കുറയണം. ഓരോ ചെറിയ പ്രശ്നത്തിനും മന്ത്രിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ സമീപിക്കേണ്ട സാഹചര്യമുണ്ടാകരുത്.
സംരംഭകർ ആഗ്രഹിക്കുന്നത് മന്ത്രിയെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കേണ്ടി വരുന്ന സംവിധാനമല്ല. മറിച്ച്, മന്ത്രിയുടെ ഇടപെടലില്ലാതെ തന്നെ നിശ്ചിത സമയ പരിധിക്കുള്ളിൽ കാര്യങ്ങൾ തടസ്സമില്ലാതെ നടക്കുന്ന കാര്യക്ഷമമായ സംവിധാനമാണ്. കേരളത്തിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ യഥാർത്ഥത്തിൽ അനുഭവപ്പെടേണ്ടത് ഇവിടെയാണ്.
വ്യവസായവും നിർമിത ബുദ്ധിയും
വ്യവസായം, വാണിജ്യം, വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി(എഐ), നവ സംരംഭങ്ങൾ തുടങ്ങിയ മേഖലകളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നത് പുതിയ സാധ്യതകളാണ് തുറക്കുന്നത്. കൃത്യമായ ഏകോപനം സാധ്യമായാൽ കേരളത്തിന് പുതിയൊരു വ്യവസായ മാതൃക തന്നെ ഇതിലൂടെ സൃഷ്ടിക്കാനാകും.
എഐയെ സ്വതന്ത്രമായൊരു സാങ്കേതിക മേഖലയായി മാത്രം കാണാതെ നിലവിലുള്ള വ്യവസായങ്ങളുടെ ഉത്പാദനക്ഷമത ഉയർത്തുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കണമെന്നാണ് സംരംഭക മേഖലയുടെ ആവശ്യം. നിർമാണത്തിലെ ഓട്ടോമേഷൻ, ഗുണനിലവാര പരിശോധന, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ആവശ്യകത പ്രവചിക്കൽ തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധിക്ക് വലിയ സാധ്യതയുണ്ട്.
അതുപോലെ ഡിജിറ്റൽ വാണിജ്യവും ചെറുകിട സ്ഥാപനങ്ങൾക്ക് പുതിയ സാധ്യത തുറക്കുന്നു. ഇ-കൊമേഴ്സ് സംവിധാനങ്ങളും ഡിജിറ്റൽ മാർക്കറ്റിംഗും ഉപയോഗിച്ച് കേരളത്തിലെ ചെറിയ ബ്രാൻഡുകൾക്ക് പ്രാദേശിക വിപണിക്ക് പുറത്തേക്ക് വളരാൻ കഴിയും. ഈ സാങ്കേതിക മാറ്റത്തിന്റെ ഗുണം വലിയ കമ്പനികൾക്ക് മാത്രമല്ല, ചെറുകിട സംരംഭങ്ങൾക്കും ലഭ്യമാക്കുകയാണ് വെല്ലുവിളി.
സ്റ്റാർട്ടപ്പുകളും പരമ്പരാഗത വ്യവസായങ്ങളും കൈകോർക്കണം
കേരളം ഇതിനകം ശക്തമായ നവസംരംഭ ആവാസവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇനി അതിനെ പരമ്പരാഗത വ്യവസായങ്ങളുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുകയാണ് അടുത്ത ഘട്ടം. വ്യവസായ സ്ഥാപനങ്ങൾ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ വിനിയോഗിക്കാം. നിർമാണ മേഖലയ്ക്ക് ആവശ്യമായ എഐ ടൂളുകൾ, ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ, ഓട്ടോമേഷൻ സംവിധാനങ്ങൾ, കൃഷി-ഭക്ഷ്യ മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ, വിപണന സംവിധാനങ്ങൾ തുടങ്ങിയവ പ്രാദേശിക സ്റ്റാർട്ടപ്പുകൾക്ക് വികസിപ്പിക്കാനാകും.
ഇതിലൂടെ നവസംരംഭങ്ങൾക്ക് യഥാർത്ഥ ഉപഭോക്താക്കളെയും വിപണിയെയും ലഭിക്കുമ്പോൾ പരമ്പരാഗത വ്യവസായങ്ങൾക്ക് കുറഞ്ഞ ചെലവിൽ പുതിയ സാങ്കേതിക പരിഹാരങ്ങൾ ലഭിക്കും. നവസംരംഭങ്ങളും വ്യവസായങ്ങളും രണ്ട് വ്യത്യസ്ത ലോകങ്ങളായി പ്രവർത്തിക്കുന്നതിന് പകരം പരസ്പരം ആശ്രയിക്കുന്ന ഒരു സംരംഭക ശൃംഖലയായി മാറണമെന്നാണ് പ്രതീക്ഷ.
കേരളത്തിന് വേണ്ടത് ഉയർന്ന മൂല്യമുള്ള വ്യവസായങ്ങൾ
വിശാലമായ ഭൂമിയും കുറഞ്ഞ കൂലി ചെലവും അടിസ്ഥാനമാക്കിയുള്ള വൻകിട നിർമാണ വ്യവസായങ്ങളിൽ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കുക കേരളത്തിന് എളുപ്പമല്ല. എന്നാൽ വിദ്യാഭ്യാസവും കാര്യപ്രാപ്തിയുമുളള മനുഷ്യവിഭവശേഷി, സാങ്കേതിക പരിജ്ഞാനം, ഉയർന്ന ജീവിത നിലവാരം തുടങ്ങിയവ കേരളത്തിന്റെ പ്രധാന കരുത്തുകളാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ ഭൂമിയിൽ കൂടുതൽ മൂല്യവും ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന മേഖലകളിലേക്കാണ് കേരളം കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന അഭിപ്രായം വ്യവസായ ലോകത്തിനുണ്ട്.
ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ സാങ്കേതികവിദ്യ, മെഡിക്കൽ ഉപകരണ നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, ഫുഡ് ടെക്നോളജി, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കേരളത്തിന് സാധ്യതകളുണ്ട്. ഐടിക്ക് പുറത്തുള്ള ഉയർന്ന മൂല്യമുള്ള സാങ്കേതിക സേവന മേഖലകളും ഇതോടൊപ്പം വളർത്താനാകും. എന്നാൽ ഇത്തരം മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ കമ്പനികളെ ക്ഷണിക്കുന്നത് മാത്രം പോരാ. ആവശ്യമായ മനുഷ്യവിഭവശേഷി, ഗവേഷണ സൗകര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സപ്ലൈ ചെയിൻ, വിപണി സാധ്യത എന്നിവ ഒരുമിച്ച് വികസിപ്പിക്കേണ്ടതുണ്ട്.
ഉത്പാദനം മാത്രം പോരാ; പുതിയ വിപണികളും വേണം
ഒരു സ്ഥാപനം ഉത്പന്നം നിർമിച്ചത് കൊണ്ട് മാത്രം വ്യവസായ വളർച്ച ഉറപ്പാകുന്നില്ല. അതിന് സ്ഥിരമായ വിപണിയും ആവശ്യമാണ്. പ്രത്യേകിച്ച് കേരളത്തിലെ എംഎസ്എംഇകൾക്ക് പുതിയ സംസ്ഥാനങ്ങളിലേക്കും രാജ്യാന്തര വിപണികളിലേക്കും പ്രവേശിക്കാനുള്ള പിന്തുണ നിർണായകമാണ്. ബ്രാൻഡിംഗ്, പാക്കേജിംഗ്, ഗുണനിലവാര സർട്ടിഫിക്കേഷൻ, കയറ്റുമതി നടപടികൾ, രാജ്യാന്തര പ്രദർശനങ്ങളിൽ പങ്കാളിത്തം, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ കൂടുതൽ പിന്തുണ ലഭിച്ചാൽ നിരവധി പ്രാദേശിക ബ്രാൻഡുകൾക്ക് കേരളത്തിന് പുറത്തേക്ക് വളരാനാകും. ‘മെയ്ഡ് ഇൻ കേരള’ എന്നത് പ്രാദേശിക വിപണിയിലെ ഒരു അടയാളമായി മാത്രം നിൽക്കാതെ ദേശീയ-രാജ്യാന്തര വിപണികളിൽ മത്സരിക്കാൻ കഴിയുന്ന ബ്രാൻഡുകളായി മാറണമെന്നതാണ് സംരംഭകരുടെ മറ്റൊരു പ്രതീക്ഷ.
അനുഭവത്തിന്റെ കരുത്തിൽ മുന്നേറ്റം പ്രതീക്ഷിച്ച് വ്യവസായ ലോകം
ഇവിടെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭരണ-രാഷ്ട്രീയ അനുഭവസമ്പത്തിന് പ്രസക്തിയേറുന്നത്. ഒരു വ്യവസായ പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ വ്യവസായ വകുപ്പ് മാത്രം വിചാരിച്ചാൽ മതിയാകില്ല. ഭൂമി, വൈദ്യുതി, തദ്ദേശഭരണം, പരിസ്ഥിതി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായി വരും.
വകുപ്പുകൾ തമ്മിലുള്ള തടസ്സങ്ങൾ നീക്കി തീരുമാനങ്ങൾ വേഗത്തിലാക്കാൻ പരിചയസമ്പന്നനായ മന്ത്രിക്ക് കഴിയുമെന്ന പ്രതീക്ഷ വ്യവസായ മേഖലയ്ക്കുണ്ട്. അതേസമയം, ഓരോ പദ്ധതിക്കും മന്ത്രിതല ഇടപെടൽ ആവശ്യമായി വരുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. വ്യക്തികളുടെ സ്വാധീനത്തേക്കാൾ ശക്തമായ സംവിധാനങ്ങളാണ് ദീർഘകാല നിക്ഷേപത്തിന് ആത്മവിശ്വാസം നൽകുന്നത്. മന്ത്രി മാറിയാലും നയം മാറാത്തതും ഉദ്യോഗസ്ഥർ മാറിയാലും നടപടികളുടെ വേഗം കുറയാത്തതുമായ ഒരു വ്യവസായ ഭരണ സംവിധാനമാണ് കേരളത്തിന് ആവശ്യം.
പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നിലുള്ള പ്രധാന ദൗത്യം പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല; പ്രഖ്യാപിച്ച പദ്ധതികളെ യാഥാർത്ഥ്യമാക്കുന്നതിലാണ്. എത്ര കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു എന്നതിനേക്കാൾ പ്രധാനമാണ് അതിൽ എത്ര കോടി രൂപയുടെ നിക്ഷേപം യാഥാർത്ഥ്യമായി എന്നത്. എത്ര പുതിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു എന്നതിനേക്കാൾ പ്രധാനമാണ് അവയിൽ എത്രയെണ്ണം വളർന്ന് വലിയ വിപണികളിലെത്തി എന്നത്. എത്ര തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു എന്നതിനേക്കാൾ പ്രധാനമാണ് ഉയർന്ന നൈപുണ്യമുള്ള എത്ര യുവാക്കൾക്ക് സുസ്ഥിരമായ തൊഴിൽ ലഭിച്ചുവെന്നത്.
കേരളത്തിന്റെ അടുത്ത വ്യവസായ അധ്യായം പരമ്പരാഗത ഫാക്ടറികളിൽ മാത്രം എഴുതപ്പെടേണ്ടതല്ല. സ്വകാര്യ വ്യവസായ പാർക്കുകളിലും എംഎസ്എംഇകളിലും നവസംരംഭങ്ങളിലും സാങ്കേതികവിദ്യ അധിഷ്ഠിത കമ്പനികളിലും എഐ അധിഷ്ഠിത പുതിയ സംരംഭങ്ങളിലുമെല്ലാം അതിന്റെ വളർച്ച പ്രതിഫലിക്കണം. അതിന് നയങ്ങളുടെ തുടർച്ചയും തീരുമാനങ്ങളിലെ വേഗവും സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്ന ഭരണ സംവിധാനവും ആവശ്യമാണ്. പ്രഖ്യാപനത്തിൽ നിന്ന് നടപ്പാക്കലിലേക്കുള്ള ദൂരം എത്രത്തോളം കുറയ്ക്കാൻ കഴിയുന്നു എന്നതായിരിക്കും പി കെ കുഞ്ഞാലിക്കുട്ടിയുടെ പുതിയ വ്യവസായ ദൗത്യത്തെ സംരംഭക ലോകം വിലയിരുത്തുന്ന പ്രധാന അളവുകോൽ.




