വെറും ദോശക്കച്ചവടത്തില്‍ നിന്നും ഇത്രയും വലിയ നേട്ടമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള ഉത്തരമാണ് ഇന്ത്യക്കകത്തും പുറത്തുമായി 45 ല്‍ പരം ഔട്ട്ലെറ്റുകളുള്ള ദോശപ്ലാസ എന്ന സംരംഭത്തിന്റെയും ഉടമ പ്രേം ഗണപതിയുടെയും കഥ. അച്ഛന്റെ കല്‍ക്കരി കച്ചവടം നഷ്ടത്തിലായി കടം കയറിയപ്പോഴാണ് പ്രേം ജോലി തേടി മുംബൈ നഗരത്തില്‍ എത്തുന്നത്.
ജോലി നല്‍കാമെന്ന് പറഞ്ഞയാള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്ന 200 രൂപയും തട്ടിയെടുത്ത് മുങ്ങി.ഒരുവിധത്തില്‍ ചായക്കടയില്‍ ജോലി തരപ്പെടുത്തിയ പ്രേം പട്ടിണിയും പ്രാരാബ്ദവുമായി രണ്ട് കൊല്ലം പിടിച്ചു നിന്നു. 1992 ല്‍ 1000 രൂപ നിക്ഷേപത്തില്‍ ഒരു ഉന്തുവണ്ടി വാടകക്ക് എടുത്ത് പ്രേം ഒരു ദോശക്കട തുടങ്ങി. തനി നടന് ദോശ, അതും മദ്രാസ് സ്റ്റൈലില്‍. രുചികൊണ്ടും ഗുണം കൊണ്ടും വൃത്തികൊണ്ടും മുന്നിട്ടു നിന്ന ദോശക്ക് വളരെ പെട്ടന്ന് തന്നെ ആരാധകരുണ്ടായി.
20000 രൂപ വരുമാനം ലഭിക്കുന്നു എന്ന ഘട്ടമായപ്പോള്‍ പ്രേം തനിക്ക് താഴെയുള്ള രണ്ടു സഹോദരന്മാരെകൂടി മുംബൈയിലേക്ക് കൊണ്ട് വന്നു. പിന്നീട് ബ്രാന്‍ഡിംഗ് കാലം ആയിരുന്നു. അരിദോശക്ക് പകരം പല തരത്തിലുള്ള ദോശകള്‍ നിര്‍മിച്ചു. വ്യത്യസ്തയിനം ചമ്മന്തികളും പരീക്ഷിച്ചതോടെ സംരംഭം ലാഭകരമായിത്തുടങ്ങി. 1997 ല്‍ 5000 രൂപ നിക്ഷേപത്തില്‍ മുംബൈയില്‍ ഒരു കട വാടകക്ക് എടുത്തതായി ദോശ വില്‍പ്പന. ദോശ പ്ലാസ എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.
2002 ആയപ്പോഴേക്കും ദോശ വൈവിധ്യം 105 കടന്നു. 2004 ല്‍ ദോശ പ്ലാസ ആദ്യമായി ഒരു ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.പന്നീട് ഫ്രാഞ്ചൈസികളുടെ എണ്ണം വര്‍ധിച്ചു വന്നു. വൈകാതെ ദുബായ്, ന്യൂസിലാന്‍ഡ് തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലും പ്രേമിന്റെ ദോശ പ്ലാസ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് 40 കോടി രൂപക്ക് മുകളിലാണ് പ്രേം ദോശ പ്ലാസയിലൂടെ നേടുന്നത്.