ഡിജിറ്റല്‍ പേയ്മെന്റുകള്‍ സാധ്യമാക്കുന്ന പേയ്മെന്റ് അഗ്രിഗേറ്റര്മാര്ക്കായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ്വ് ബാങ്ക്. സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് പരിതസ്ഥിതിയില്‍ ശക്തി തെളിയിക്കുന്നതിനും പേയ്മെന്റ് ഗേയ്റ്റ്വേകള് ഉപയോഗിക്കേണ്ട സ്റ്റാന്‍ഡേര്‍ഡായ സാങ്കേതികവിദ്യ സംബന്ധിച്ചും ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ പേയ്മെന്റ് പേയ്മെന്‍് അഗ്രിഗേറ്റര്‍മാര്‍ നേരിട്ട് നിയമത്തിന് കീഴിലായിരിക്കുമെന്നും പേയ്മെന്റ് ഗേറ്റ്വേകളെ സാങ്കേതികവിദ്യ ദാതാക്കളായാണ് പരിഗണിക്കുകയെന്നും ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇവര്‍ നിര്‍ദ്ദിഷ്ട സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം നേടണം. അത്തരം സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കുറഞ്ഞത് 15 കോടി രൂപയുടെ ആസ്തി സ്വന്തമായി ഉള്ളവയായിരിക്കണമെന്നും അപേക്ഷ സമര്‍പ്പിച്ച് മൂന്നാമത്തെ സാമ്പത്തികവര്‍ഷത്തില്‍ ആസ്തി 25 കോടി രൂപയായി ഉയര്‍ത്തണമെന്നും ആര്‍ബിഐ നിഷ്കര്‍ഷിക്കുന്നുണ്ട്. അതിനുശേഷം ഈ തുക കുറഞ്ഞ ആസ്തിയായി നിലനിര്‍ത്തുകയും വേണം.
നിലവില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തുള്ളവര്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാം. സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പോലെ പേയ്മെന്റ് അഗ്രിഗേറ്റര്‍ സേവനങ്ങള്‍ നല്കുന്ന ബാങ്കുകള്‍ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. പേയ്മെന്റ് അഗ്രിഗേറ്റര്‍മാര്‍ പ്രമോട്ടര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും കണിശമായതും കൃത്യമായതുമായ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചിരിക്കണം. മാനേജ്മെന്റിലെ മാറ്റങ്ങളോ ഏറ്റെടുക്കലുകളോ 15 ദിവസത്തിനുള്ളില്‍ കേന്ദ്രബാങ്കിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങള്‍ വേണമെന്നും ആര്‍ബിഐ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ പേയ്മെന്റ് അഗ്രിഗേറ്റര്മാരോ വ്യാപാരികളോ സൂക്ഷിച്ചുവെക്കരുതെന്നും എല്ലാ റീഫണ്ടുകളും ഒറിജിനല്‍ പേയ്മെന്റ് രീതിയിലൂടെ മടക്കിനല്‍കണമെന്നും ആര്‍ബിഐ പറയുന്നു.