സേവിംഗ്സ് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 50,000 രൂപ വരെ ഉയര്‍ത്തിക്കൊണ്ടുള്ള ഐസിഐസിഐ ബാങ്കിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നതിനിടെ ബാങ്കിന്റെ ഈ തീരുമാനത്തെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബാങ്കറായ ഉദയ് കൊട്ടക്കിന്റെ മകന് ജയ് കൊട്ടക്. 90 ശതമാനം ഇന്ത്യക്കാരും മാസം 25,000 രൂപയില്‍ താഴെയാണ് സമ്പാദിക്കുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ മിനിമം ബാലന്‍സ് തീരുമാനത്തെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെ ജയ് കൊട്ടക് തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു.
‘ഓരോ ഇന്ത്യക്കാരനും സാമ്പത്തിക മേഖലയില്‍ പങ്കാളിത്തമുണ്ടാകണം. 90 ശതമാനം ഇന്ത്യക്കാരും പ്രതിമാസം 25,000 രൂപയില്‍ താഴെയാണ് സമ്പാദിക്കുന്നത്. 50,000 രൂപ മിനിമം ബാലന്‍സ് എന്നാല്‍ ഏതാണ്ട് 94 ശതമാനം ഇന്ത്യക്കാരുടെ മാസവരുമാനത്തിന്റെ ആകെത്തുക എല്ലായ്പ്പോഴും ബാങ്കില്‍ ഇടണമെന്നാണ് അല്ലെങ്കില്‍ പിഴ ഒടുക്കുക’, എക്സ് പോസ്റ്റില്‍ ജയ് പറയുന്നു. മാസവരുമാനം 25,000 രൂപയില്‍ താഴെയുള്ളവരാണ് ഇടത്തരക്കാരെന്നും 25,000 രൂപയില്‍ അധികമാണ് മാസ വരുമാനമെങ്കില്‍ 90 ശതമാനം ഇന്ത്യക്കാരുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ അവര്‍ സമ്പാദിക്കുന്നുണ്ടെന്നും ജയ് കൊട്ടക് പറയുന്നു.
മിനിമം ബാലന്‍സ് അഞ്ചിരട്ടിയിലധികം വര്‍ധിപ്പിക്കാനുള്ള ഐസിഐസിഐ ബാങ്കിന്റെ തീരുമാനം ബാങ്കിംഗ് മേഖലയിലൊന്നാകെ ചര്‍ച്ചയാണ്. അര്‍ബന്‍, മെട്രോ മേഖലകളില്‍ പുതിയതായി തുറക്കുന്ന സേവിംഗ്സ് അക്കൗണ്ടുകള്‍ക്കാണ് 50,000 രൂപ മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം സെമി അര്‍ബന്‍, റൂറല്‍ മേഖലകളിലെ പുതിയ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് 25,000 രൂപ, 10,000 രൂപ എന്നിങ്ങനെയായി ഉയര്‍ത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകള്‍ അടക്കം മിനിമം ബാലന്‍സില്‍ ഇളവുകള്‍ വരുത്തുകയോ കുറച്ചായി നിലനിര്‍ത്തുകയോ ചെയ്യുകയും പൊതുമേഖല ബാങ്കുകള്‍ സീറോ ബാലന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഐസിഐസിഐ ബാങ്കിന്റെ ഈ അപ്രതീക്ഷിത നീക്കം. അതേസമയം ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.