ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ വാഹന വിപണിയിലേക്ക് വമ്പന്‍ പുനപ്രവേശനം നടത്തി ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (ടിഎംപിവി) ഹാരിയര്‍, കര്‍വ്, പഞ്ച്, ടിയാഗോ എന്നീ മോഡലുകളാണ് ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയിലെ മുന്‍നിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ മോട്ടസ് ഹോള്‍ഡിംഗ്സുമായി സഖ്യമുണ്ടാക്കിയാണ് ടാറ്റ മോട്ടോഴ്സ് തന്ത്രപരമായ പുനഃപ്രവേശനം നടടത്തിയിരിക്കുന്നത്. വിപണനം മോട്ടസായിരിക്കും നടത്തുക. ‘ദക്ഷിണാഫ്രിക്കയിലേക്കുള്ള ഞങ്ങളുടെ തിരിച്ചുവരവ് ടാറ്റ മോട്ടോഴ്സിന്റെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്,’ ടിഎംപിവി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
40 ഡീലര്‍ഷിപ്പുകളാവും തുടക്കത്തില്‍ ടാറ്റ മോട്ടോഴ്സിന് ദക്ഷിണാഫ്രിക്കയില്‍ ഉണ്ടാവുക. 2026 ഓടെ ദക്ഷിണാഫ്രിക്കയിലുടനീളം 60 ഡീലര്‍ഷിപ്പുകളായി സാന്നിധ്യം വികസിപ്പിക്കാനാണ് പദ്ധതി.
പതിയെ പിന്മാറ്റം
2004 ലാണ് ഇന്‍ഡിക്ക, ഇന്‍ഡിഗോ മോഡലുകളുമായി ടാറ്റ മോട്ടോഴ്സ് ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ അരങ്ങേറിയത്. എന്നാല്‍ കാര്യമായ വളര്‍ച്ചയുടെ അഭാവത്തില്‍ 2019 ല്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ നിന്ന് പിന്മാറേണ്ടി വന്നു. എങ്കിലും ഇതൊരു സമ്പൂര്‍ണ പിന്മാറ്റമായിരുന്നില്ല. കമ്പനിയുടെ വാണിജ്യ വാഹനങ്ങളും മറ്റും ദക്ഷിണാഫ്രിക്കയില്‍ തുടര്‍ന്നും വിറ്റുപോന്നു.
കരുത്താര്‍ജിച്ച എതിരാളികള്‍
ആറ് വര്‍ഷത്തിനിപ്പുറം പ്രതിവര്‍ഷം 1.4% കരുത്തോടെ വളരുന്ന ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ കാര്‍ വിപണി ടാറ്റയെ വീണ്ടും മോഹിപ്പിച്ചു. 2025 ല്‍ 8.3 ബില്യണ്‍ ഡോളറാണ് ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയുടെ വലിപ്പം. ജെഎല്‍ആറിന്റെ ഏറ്റെടുപ്പോടെ തലയെടുപ്പുള്ള മോഡലുകളും ശക്തമായ പ്ലാറ്റ്ഫോമും സാങ്കേതിക വിദ്യയും സ്വന്തമായുള്ള കമ്പനി, എതിരാളികളുമായി ഒന്നു മുട്ടി നോക്കാന്‍ തന്നെയാണ് പദ്ധതിയിട്ടിരിക്കുന്നത്. ചൈനീസ് കമ്പനികളായ ബിവൈഡി ചെറി ഗ്രൂപ്പ്, ബെയ്ജിംഗ് ഓട്ടോമോട്ടീവ് എന്നിവയും ഇന്ത്യന്‍ എതിരാളികളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഒപ്പം ഹ്യൂണ്ടായ്, നിസാന്‍, സുസുക്കി തുടങ്ങിയ വമ്പന്മാരും ദക്ഷിണാഫ്രിക്കയില്‍ ടാറ്റയെ കാത്തിരിപ്പുണ്ട്.