ജിഎസ്ടി ആവേശത്തിലാണ് ഇന്ത്യയുടെ വാഹന വിപണി. ജിഎസ്ടി വഴി ലഭിച്ച 10% വിലക്കിഴിവും വാഹന നിര്‍മാതാക്കള്‍ നല്കുന്ന അധിക ഓഫറുകളും ഉല്‍സവ കാലത്തിന്റെ ആരംഭത്തില്‍ തന്നെ ഓട്ടോ വിപണിയെ ഉണര്‍ത്തിയിരിക്കുന്നു. ടാറ്റയും മാരുതി സുസുക്കിയും ഹ്യൂണ്ടായും റെക്കോഡ് പ്രതിദിന വില്‍പ്പനയാണ് നവരാത്രിയുടെ ആദ്യ ദിനമായ തിങ്കളാഴ്ച നടത്തിയത്. വരും ആഴ്ചകളിലും ശക്തമായ വാങ്ങലുകള്‍ നടക്കുമെന്ന് കാര്‍ ഷോറൂമുകളിലെ അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ആവേശം പുതിയ കാര്‍ വാങ്ങാന്‍ മാത്രമല്ലെന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യൂസ്ഡ് കാറുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കാര്‍സ്24, സെപ്റ്റംബര്‍ 22 തിങ്കളാഴ്ച സാധാരണയേക്കാളും അഞ്ചിരട്ടി കാറുകളാണ് വിറ്റത്. കാറുകള്‍ക്കായുള്ള അന്വേഷണം കഴിഞ്ഞ നാലു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയെന്ന് കാര്‍സ്24 സ്ഥാപകനും സിഇഒയുമായ വിക്രം ചോപ്ര പറഞ്ഞു. ജിഎസ്ടി പരിഷ്കാരമനുസരിച്ച് എല്ലാ യൂസ്ഡ് കാറുകള്‍ക്കും 18% ജിഎസ്ടിയാണ് ഈടാക്കുക.
നല്ല തുടക്കം
നവരാത്രിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ച മാരുതി സുസുക്കി 30,000 വാഹനങ്ങളാണ് വിറ്റത്. 80,000 അന്വേഷണങ്ങള്‍ ലഭിച്ചു. 35 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന പ്രകടനമാണിത്. ഹ്യൂണ്ടായി 11,000 കാറുകളും ടാറ്റ മോട്ടോഴ്സ് 10,000 പാസഞ്ചര്‍ വാഹനങ്ങളും വിറ്റഴിച്ചു. കാര്‍ കമ്പനികളെ സംബന്ധിച്ച് ഇവയെല്ലാം പുതിയ റെക്കോഡുകളാണ്.
നിരസിക്കാനാവാത്ത ഓഫറുകള്‍
പുതിയ ജിഎസ്ടി ഘടന അനുസരിച്ച്, 1200 സിസിയിലും 4000 മില്ലിമീറ്ററിലും താഴെയുള്ള പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, എല്‍പിജി, സിഎന്‍ജി വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 28% ന് പകരം 18% നികുതിയാണ് ഈടാക്കുന്നത്. 1,500 സിസി വരെ എഞ്ചിനുകളും 4,000 മില്ലിമീറ്റര്‍ വരെ നീളവുമുള്ള ഡീസല്‍, ഡീസല്‍ ഹൈബ്രിഡ് കാറുകള്‍ക്കും ഇതേ ഇളവ് ലഭിക്കും. 10% ജിഎസ്ടി ഇളവിനൊപ്പം വാഹന നിര്‍മാതാക്കള്‍ അധിക ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് ഉപഭോക്താക്കളെ നിരസിക്കാനാവാത്തവിധം ആകര്‍ഷിക്കുന്നത്.
‘ജിഎസ്ടി നിരക്ക് കുറയ്ക്കലും പ്രത്യേക ഉത്സവ ഓഫറുകളും ഉപഭോക്തൃ താല്‍പ്പര്യത്തിന്റെയും ആവേശത്തിന്റെയും അസാധാരണമായ തരംഗത്തിന് കാരണമായി,’ വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) പ്രസിഡന്റും ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.