യാത്രാവാഹന വിപണിയില്‍ ഡിമാന്‍ഡ് ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റില്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് വിതരണം ചെയ്ത യാത്രാവാഹനങ്ങളുടെ എണ്ണത്തില്‍ 9 ശതമാനം ഇടിവ്. ആഗസ്റ്റില്‍ ആകെ 3,21,840 യൂണിറ്റുകളാണ് കമ്പനികള്‍ ഡീലര്‍മാര്‍ക്ക് എത്തിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യാത്രാവാഹന മൊത്തവ്യാപാരം 3,52,921 യൂണിറ്റായിരുന്നു.
വാഹന നിര്‍മ്മാതാക്കള്‍ വിതരണം കുറച്ചതാണ് ആഗസ്റ്റില്‍ യാത്രാവാഹന വില്‍പ്പന കുറയാനുള്ള ഒരു കാരണമെന്ന് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന് പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ ജിഎസ് ടി ഘടന പ്രാബല്യത്തില്‍ വന്നാല്‍, വാഹനവില കുറയുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ വാഹനം വാങ്ങല്‍ മാറ്റിവെച്ചത് ആഗസ്റ്റിലെ വാഹന ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിതരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ 7 ശതമാനം കൂടി 18,33,921 യൂണിറ്റായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ 17,11,662 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്. സ്കൂട്ടര്‍ വില്‍പ്പന 13 ശതമാനം കൂടി 6,83,397ലെത്തി. അതേസമയം മോട്ടോര്‍സൈക്കിള്‍ വിതരണം 4 ശതമാനം വര്‍ധിച്ച് 11,06,638 യൂണിറ്റായി. മുച്ചക്ര വാഹന വിതരണം ആഗസ്റ്റില്‍ പുതിയ റെക്കോഡിട്ടു. 75,759 യൂണിറ്റുകളാണ് ആഗസ്റ്റില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം കൂടുതലാണിത്.
ജിഎസ് ടി നിരക്കുകള്‍ ഏകീകരിക്കാനുള്ള കേന്ദ്ര തീരുമാനം വാഹനം സ്വന്തമാക്കാനുള്ള സൗകര്യമൊരുക്കുമെന്നും ഉത്സവ സീസണ് മുന്നോടിയായി ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഉണര്‍വ്വേകുമെന്നും രാജേഷ് മേനോന് അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 220-ന് പുതിയ ജിഎസ് ടി ഘടന നിലവില്‍ വരുന്നതോടെ 1,200, 1500 സിസി വരെയുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിന് വാഹനങ്ങളുടെ ജിഎസ് ടി 18 ശതമാനമാകും. അതിന് മുകളിലുള്ളവയ്ക്ക് നികുതി 40 ശതമാനമാകും. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ് ടി 5 ശതമാനം മാത്രമായിരിക്കും.