ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ തരംഗമാകുന്ന കാലത്ത് ഡിസൈനിലും പെർഫോമൻസിലും അടിമുടി പുതുമകളോടെ വിപണിയിലെത്തിയ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡാണ് റിവർ. മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരാണ് 2021 ൽ ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ ഈ ബ്രാൻഡിന്റെ പിന്നണിയിലെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. മുൻനിര വാഹന ബ്രാൻഡുകളുടെ ഡിസൈനിംഗ് രംഗത്ത് തന്റേതായ പ്രതിഭ തെളിയിച്ച വിപിൻ ജോർജ് തന്നെയാണ് റിവറിന്റെ ആദ്യ മോഡലായ റിവർ ഇൻഡിയുടെ ഡിസൈനിന് പിന്നിലും.

മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്നും റിവർ ഇൻഡിയെ വ്യത്യസ്തമാക്കിയത് ഡിസൈനിംഗിലെ പുതുമയും ലഗ്ഗേജ് സ്പേസുമായിരുന്നു. സ്കൂട്ടറുകളിലെ എസ്യുവി എന്നറിയപ്പെടുന്ന റിവർ ഇൻഡിക്ക് 55 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയാണുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ബൂട്ട് സ്പേസിൽ കൂടുതൽ ലഗ്ഗേജ് സ്പേസ് നൽകിയിരിക്കുന്നു എന്നതാണ്. ചെറിയൊരു മാറ്റം കൊണ്ട് വാഹനം ഓടിക്കുന്ന വ്യക്തിക്ക് കൂടുതൽ കംഫർട്ടും ഒപ്പം ലഗ്ഗേജ് സ്പേസ് വർധനവും ആണ് ഡിസൈനറായ വിപിൻ ജോർജ് ഒരുക്കിയിരിക്കുന്നത്.
സാധാരണ സ്കൂട്ടറുകളിൽ ഫൂട്ട് സ്പേസിൽ ഡ്രൈവർ കാലുകൾ വച്ചത് പിന്നെ അവിടെ കൂടുതൽ ലഗ്ഗേജ് വയ്ക്കാൻ കഴിയില്ല. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി ബൈക്കുകളിൽ ഉള്ളത് പോലെ ബൂട്ട് സ്പേസിന്റെ ഇരുവശങ്ങളിലേക്കും കാലുകൾ വയ്ക്കുന്നതിനായി രണ്ട് ഫോൾഡബിൾ സ്റ്റാൻഡുകൾ നൽകി. ലഗ്ഗേജ് കൂടുതൽ ഉള്ളപ്പോൾ ഈ സ്റ്റാണ്ടുകളിലേക്ക് കാലുകൾ വച്ച് ലഗ്ഗേജ് സ്പേസ് കൂടുതൽ നന്നായി ഉപയോഗിക്കാം. വാഹനത്തിന്റെ ഭംഗിയിലും യൂട്ടിലിറ്റി പർപ്പസിലും താരമായി മാറിയ മാറ്റമായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു മാറ്റം വന്നത് വിപിൻ ജോർജിന്റെ നിരീക്ഷണ പാഠവത്തിൽ നിന്നുമാണ്.

അച്ഛൻ റബർ ഷീറ്റ് വയ്ക്കാൻ കണ്ടെത്തിയ വഴി
റിവർ ഇൻഡി എന്ന മോഡലിന്റെ ഡിസൈനിംഗ് നടപടികൾ കാര്യമായി നടക്കുന്ന സമയം, ഏതെല്ലാം രീതിയിൽ ഉപഭോക്താക്കൾക്ക് ഗുണകരമാകുന്ന തരത്തിൽ വ്യത്യസ്തത പിടിക്കാം എന്ന ചിന്തയിൽ ചർച്ചകൾ നടക്കുന്നു. പുതിയ മോഡലുകൾ പരീക്ഷിക്കുന്നു. അങ്ങനെ ഒരു അവധിക്കാലത്ത് വിപിൻ ജോർജ് കോട്ടയത്തെ തന്റെ വീട്ടിൽ വന്ന സമയം. അദ്ദേഹത്തിൻറെ അച്ഛൻ റബ്ബർ ഷീറ്റുകൾ അടക്കി വിപണിയിൽ കൊണ്ട് പോയി വിൽക്കാനുള്ള ഒരുക്കത്തിലാണ്. റബർ ഷീറ്റുകൾക്ക് വീതിയുള്ളതിനാൽ തന്നെ അച്ഛൻ എങ്ങനെ അത് സ്കൂട്ടറിൽ കൊണ്ട് പോകും എന്ന് നോക്കി നിന്ന വിപിന് മുന്നിൽ അച്ഛൻ ഒരു നാടൻ മാതൃക കാണിച്ചു.

നീളമുള്ള ഒരു പലക എടുത്ത് അതിന്റെ അറ്റങ്ങൾ ഇരു വശത്തേക്കും നീണ്ടു നിൽക്കുന്ന തരത്തിൽ അദ്ദേഹം സ്കൂട്ടറിന്റെ ഫൂട്ട് സ്പേസിൽ വച്ചു. തുടർന്ന് വശങ്ങളിലേക്ക് തള്ളി നിൽക്കുന്ന ഭാഗത്ത് കാലുകൾ വച്ച് ഫൂട്ട് സ്പേസിൽ പരമാവധി ലഗ്ഗേജ് വച്ച് അനായാസമായി ഓടിച്ചു പോയി. വിപിന്റെ അച്ഛൻ സ്വീകരിച്ച ഈ ഒരു മാതൃകയിൽ നിന്നുമാണ് റിവർ ഇൻഡി എന്ന മോഡലിന് ഫൂട്ട് സ്പേസിന് വശങ്ങളിലായി സ്റ്റാൻഡുകൾ നൽകി ലഗ്ഗേജ് സ്പേസും ഒപ്പം സ്റ്റൈലും കൂട്ടാനുള്ള മാർഗം വിപിന് ലഭിച്ചത്.
ഈ മാതൃക പിന്നീട് വാഹനത്തിന്റെ കീ ഫീച്ചറുകളിൽ ഒന്നായി മാറി. വില്പന വർധിക്കുന്നതിലും ഇത് കാരണമായി. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തുമാണ് റിവർ എന്ന ബ്രാൻഡിന് ഷോറൂമുകൾ ഉള്ളത്.